സമൂഹ മാധ്യമങ്ങളിൽ താരങ്ങളുടെ എഐ ചിത്രങ്ങൾ തരംഗമാണ്. 'ഭ്രമയുഗം' സിനിമയിലെ മമ്മൂട്ടിയുടെ കൊടുമൺ പോറ്റി എന്ന കഥാപാത്രമായി മോഹൻലാലിനെ ഭാവനയിൽ ചിത്രീകരിക്കുന്ന എഐ ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടി.
സമൂഹ മാധ്യമങ്ങളിലെങ്ങും എ.ഐ ചിത്രങ്ങളുടെ തരംഗമാണിപ്പോൾ. കഴിഞ്ഞ ദിവസങ്ങളിൽ തെന്നിന്ത്യൻ സിനിമ താരങ്ങൾ ഒരുമിച്ച് ചായ കുടിക്കാൻ ഇറങ്ങിയ ചിത്രങ്ങൾ വലിയ രീതിയിൽ വൈറലായിരുന്നു. വിജയ്, രജനികാന്ത്, കമൽഹാസൻ, സൂര്യ എന്നിവർ ചായ കുടിക്കാൻ ഇറങ്ങിയ എഐ ചിത്രങ്ങൾ പുറത്തിറങ്ങിയതോടെ മലയാളത്തിലെ സൂപ്പർ താരങ്ങളുടെ തട്ടുകടയിലെ ചിത്രങ്ങളും വൈറലായി. മമ്മൂട്ടി, മോഹൻലാൽ. പൃഥ്വിരാജ്, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നിവിൻ പോളി തുടങ്ങിയവരുടെ ഇത്തരത്തിലുള്ള എഐ ചിത്രങ്ങൾ നിരവധി പേരാണ് പങ്കുവച്ചത്.
ഇപ്പോഴിതാ മറ്റൊരു എഐ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. രാഹുൽ സദാശിവൻ- മമ്മൂട്ടി കോംബോയിലെത്തിയ ഹൊറർ ചിത്രം ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയായി മോഹൻലാൽ എത്തിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. അംജദ് ഷാൻ എന്ന അക്കൗണ്ടിലൂടെയാണ് ചിത്രങ്ങൾ പങ്കുവെക്കപ്പെട്ടിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തുന്നത്.
മമ്മൂട്ടിക്ക് മികച്ച നടനുള്ള ഏഴാമത്തെ സംസ്ഥാന പുരസ്കാരം നേടി കൊടുത്ത ചിത്രമാണ് ഭ്രമയുഗം. ഭൂതകാലം എന്ന ചിത്രത്തിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. അതേസമയം ലോസ് ഏഞ്ചൽസിലെ പ്രശസ്തമായ ഓസ്കാർ അക്കാദമി മ്യൂസിയത്തിൽ പ്രദർശിപ്പിക്കാൻ ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അക്കാദമി മ്യൂസിയത്തിന്റെ "Where the Forest Meets the Sea" എന്ന ചലച്ചിത്ര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഏക ഇന്ത്യൻ സിനിമ എന്ന ഖ്യാതിയും ഭ്രമയുഗത്തിന് സ്വന്തമാണ്. 2026 ഫെബ്രുവരി 12-നാണ് ഈ പ്രത്യേക പ്രദർശനം നിശ്ചയിച്ചിരിക്കുന്നത്.


