രണ്ടേ രണ്ട് ബോളിവുഡ് താരങ്ങള്‍ക്ക് മാത്രമാണ് ഒക്ടോബര്‍ മാസത്തെ പട്ടികയില്‍ ഇടംപിടിക്കാൻ കഴിഞ്ഞിട്ടുള്ളത്.

ജനപ്രീതിയില്‍ മുന്നിലുള്ള ഇന്ത്യൻ നായക താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. ഒന്നാം സ്ഥാനത്ത് മലയാളികളുടെയും പ്രിയ താരമായ പ്രഭാസ് തുടരുകയാണ്. രണ്ടാം സ്ഥാനത്തും മലയാളികളുടെയും പ്രിയ താരം വിജയ് തന്നെയാണ്. ഒക്ടോബര്‍ മാസത്തെ പട്ടികയാണ് പ്രമുഖ കണ്‍സല്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ പുറത്തുവിട്ടിരിക്കുന്നത്.

തെന്നിന്ത്യൻ താരങ്ങള്‍ വൻ മുന്നേറ്റം നടത്തുന്ന കാഴ്‍ചയാണ് ഒക്ടോബര്‍ മാസത്തെയും പട്ടികയില്‍ നിന്ന് വ്യക്തമാകുന്നത്. സിനിമകള്‍ തുടര്‍ച്ചയായി ഇല്ലെങ്കില്‍ കൂടി വാര്‍ത്തകളിലും സാമൂഹ്യ മാധ്യമങ്ങളിലും നിറഞ്ഞുനില്‍ക്കാൻ തെന്നിന്ത്യൻ താരങ്ങള്‍ക്ക് കഴിയുന്നതാണ് അവരെ മുന്നിലെത്തിക്കാൻ സഹായിക്കുന്ന ഘടകം. മാത്രമല്ല പാൻ ഇന്ത്യൻ സിനിമകളുടെ വരവോട് കൂടി രാജ്യമൊട്ടാകെയുള്ള പ്രേക്ഷകരെ ആകര്‍ഷിക്കാനും ആരാധകരാക്കാനും തെന്നിന്ത്യൻ താരങ്ങള്‍ക്ക് കഴിയുന്നുവെന്നത് ഓര്‍മാക്സ് മീഡിയ പുറത്തുവിട്ട ഒക്ടോബര്‍ മാസത്തെ പട്ടികയും വ്യക്തമാക്കുന്നു.

രണ്ടേ രണ്ട് ബോളിവുഡ് താരങ്ങള്‍ക്ക് മാത്രമാണ് ഒക്ടോബര്‍ മാസത്തെ പട്ടികയില്‍ ഇടംപിടിക്കാൻ കഴിഞ്ഞിട്ടുള്ളത്. പട്ടികയില്‍ ഏറ്റവും മുന്നിലുള്ള ബോളിവുഡ് താരം ഷാരൂഖ് ഖാൻ ആണ്. ഷാരൂഖ് ഖാന് പക്ഷേ നാലാം സ്ഥാനത്ത് മാത്രമാണ് ഇടം നേടാൻ കഴിഞ്ഞിട്ടുള്ളത്. അടുത്ത ബോളിവുഡ് താരം പത്താം സ്ഥാനത്തുള്ള സല്‍മാൻ ഖാനാണ്.

ഷാരൂഖ് ഖാനെയും സല്‍മാൻ ഖാനെയും മാറ്റിനിര്‍ത്തിയാല്‍ പട്ടികയില്‍ ഇടംനേടിയവരൊക്കെ തെന്നിന്ത്യയില്‍ നിന്നുള്ള താരങ്ങളാണ്. മൂന്നാം സ്ഥാനത്ത് അല്ലു അര്‍ജുനാണ്. അഞ്ചാം സ്ഥാനത്താകട്ടെ മലയാളികളുടെയും പ്രിയ താരമായ തമിഴകത്തിന്റെ അജിത്ത് ആണ്. ആറാം സ്ഥാനത്ത് ജൂനിയര്‍ എൻടിആറുമാണ്. ഏഴാമത് എസ് എസ് രാജൗമൗലിയുടെ പുതിയ ചിത്രമായ വാരണാസിയില്‍ നായകനായ മഹേഷ് ബാബുവാണ്. എട്ടാമത് ആകട്ടെ രാം ചരണുമാണ് ഒക്ടോബര്‍ മാസത്തെ പട്ടികയില്‍ ഇടംനേടിയിരിക്കുന്നത്. ഒമ്പതാം സ്ഥാനത്ത് മറ്റൊരു തെന്നിന്ത്യൻ താരമായ പവൻ കല്യാണാണ് ഇടംനേടിയിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക