മമ്മൂട്ടി നായകനാവുന്ന ബിഗ് ബജറ്റ് ചിത്രം 'മാമാങ്ക'ത്തിനെതിരേ സംഘടിത നീക്കം നടക്കുന്നുവെന്ന് ഡിഐജിക്ക് പരാതി. ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറആയ ആന്റണി ജോസഫ് ആണ് വിഷയം ഉന്നയിച്ച് തിരുവനന്തപുരം റേഞ്ച് ഡിഐജിക്ക് പരാതി നല്‍കിയിരിക്കുന്നത്. 

സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ചിത്രത്തിനെതിരേ സംഘടിത നീക്കങ്ങള്‍ നടക്കുകയാണെന്നും റിലീസ് ചെയ്യാത്ത സിനിമ പരാജയമാണെന്ന പ്രചരണമാണ് നടക്കുന്നതെന്നും പരാതിയില്‍ പറയുന്നു. ചിത്രത്തിന്റെ മുന്‍ സംവിധായകന്‍ സജീവ് പിള്ള പരാതിയില്‍ ഇന്നയിച്ച പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണെന്ന് സംശയിക്കുന്നുവെന്നും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആരോപിക്കുന്നു.

 

പരാതിയിലെ ഭാഗങ്ങള്‍

'ഒരേ കേന്ദ്രത്തില്‍ നിന്നുമാണ് സോഷ്യല്‍ മീഡിയയില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്ന സംശയവും ഞങ്ങള്‍ക്കുണ്ട്. ചില ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഏജന്‍സികള്‍ ആരുടെയെങ്കിലും ക്വട്ടേഷന്‍ ഏറ്റെടുത്താണോ ഈ പ്രവര്‍ത്തി നടത്തുന്നതെന്നും പൊലീസ് അന്വേഷിക്കേണ്ടതുണ്ട്. 55 കോടി രൂപയാണ് മാമാങ്കം എന്ന സിനിമയ്ക്ക് വേണ്ടി കാവ്യ ഫിലിം കമ്പനി മുടക്കിയിരിക്കുന്നത്. ചരിത്ര പ്രമേയമായതിനാലും മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി നായകനായതിനാലും വലിയ പ്രതീക്ഷയാണ് ഈ സിനിമയെ സംബന്ധിച്ച് ഞങ്ങള്‍ക്കും പ്രേക്ഷകര്‍ക്കുമുള്ളത്. ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ ടീമിനെ കണ്ടെത്തിയില്ലെങ്കില്‍ നാളെ അത് മറ്റ് മലയാള സിനിമകളെയും ബാധിക്കും. മലയാളസിനിമയ്ക്ക് വലിയ വിപണി സാധ്യതകള്‍ തുറന്നുകിട്ടുന്നത് തടയണമെന്ന് ആഗ്രഹിക്കുന്നവരും ഇപ്പോള്‍ മാമാങ്കത്തിനെതിരേ പ്രവര്‍ത്തിക്കുന്നുണ്ട്.

തിരുവനന്തപുരം വിതുര സ്വദേശിയായ സജീവ് പിള്ള എന്നയാളായിരുന്നു ആദ്യഘട്ടത്തില്‍ സംവിധായകനായി പ്രവര്‍ത്തിച്ചിരുന്നത്. സിനിമാ സംവിധാനത്തില്‍ മുന്‍പരിചയം ഇല്ലാതിരുന്നിട്ടും അദ്ദേഹത്തെ വിശ്വസിച്ചാണ് നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളിയും മറ്റൊരു എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായ വിവേക് രാമദേവനും ആ ചുമതല അദ്ദേഹത്തെ ഏല്‍പ്പിച്ചിരുന്നത്. സജീപ് പിള്ളയുടെ പരിചയക്കുറവ് പരിഗണിച്ച് സംവിധാനത്തില്‍ അപാകതയുണ്ടായാല്‍സംവിധായകനെ മാറ്റി പകരം മറ്റൊരാളെ കൊണ്ടുവരാന്‍ കമ്പനിക്ക് അധികാരം നല്‍കുന്ന കരാറില്‍ ഇരുകൂട്ടരും സമ്മതിച്ച് ഒപ്പ് വച്ചിരുന്നതാണ്.

സജീവിന്റെ പരാതിയില്‍ ഇതുവരെയുള്ള എല്ലാ കോടതിവിധികളും കാവ്യ ഫിലിം കമ്പനിക്ക് അനുകൂലമായിട്ടുള്ളതാണ്. ഇതുവരെ തിരക്കഥയുടെ വിലയുള്‍പ്പെടെ 21.75 ലക്ഷം രൂപ സജീവ് രേഖാമൂലം മാത്രം കൈപ്പറ്റിയിട്ടുള്ളതും രേഖകള്‍ പരിശോധിച്ച കോടതിക്ക് ഇത് ബോധ്യപ്പെട്ടിട്ടുള്ളതുമാണ്. ഇതെല്ലാം മറച്ചുവച്ചാണ് സജീവും സംഘവും ഇപ്പോള്‍ സിനിമയ്‌ക്കെതിരേ വ്യാപക പ്രചരണം നടത്തുന്നത്. 

മാമാങ്കം എന്ന മമ്മൂട്ടി സിനിമ പരാജയപ്പെടണമെന്ന് ആഗ്രഹിക്കുന്ന സംഘത്തിന്റെ കണ്ണിയായാണ് ഇയാള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഞങ്ങള്‍ സംശയിക്കുന്നു. ഈ രണ്ട് വിഭാഗത്തിന്റെയും നീക്കങ്ങള്‍ അന്വേഷണവിധേയമാക്കി നടപടികള്‍ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു. എന്ന് എയ്‌ജോ (ആന്റണി ജോസഫ്), എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍