അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് വിവരങ്ങള്‍ ഇങ്ങനെ

തങ്ങളുടെ വേറിട്ട ശൈലി കൊണ്ടും സിനിമയ്ക്കുവേണ്ടിയുള്ള സമര്‍പ്പണം കൊണ്ടും ലോകമെമ്പാടും ആരാധകരെ നേടിയ ചില സംവിധായകരുണ്ട്. അതിലൊരാളാണ് ക്രിസ്റ്റഫര്‍ നോളന്‍. അഭിനയിക്കുന്നത് ആരായാലും സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന പ്രീ റിലീസ് ഹൈപ്പ് നോളന്‍റെ ചിത്രങ്ങള്‍ക്ക് ലഭിക്കാറുണ്ട്. ഏറ്റവും പുതിയ ചിത്രം ഓപ്പണ്‍ഹെയ്മറുടെ കാര്യത്തിലും കാര്യങ്ങള്‍ അങ്ങനെതന്നെ. ജെ റോബര്‍ട്ട് ഓപ്പണ്‍ഹെയ്മര്‍ എന്ന, ലോകത്തിലെ ആദ്യ അണ്വായുധങ്ങളുടെ നിര്‍മ്മാണത്തില്‍ മുഖ്യ പങ്ക് വഹിച്ച തിയററ്റിക്കല്‍ ഫിസിസിസ്റ്റിന്‍റെ ജീവിതം പറയുന്ന എപിക് ബയോഗ്രഫിക്കല്‍ ത്രില്ലര്‍ ചിത്രത്തിന് ലോകമെമ്പാടും വന്‍ പ്രീ റിലീസ് പബ്ലിസിറ്റിയാണ് ലഭിച്ചത്. ഇന്ത്യയിലും അങ്ങനെതന്നെ.

ഓപ്പണ്‍ഹെയ്മര്‍ ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കിടയില്‍ ഉണ്ടാക്കിയിട്ടുള്ള തരംഗം എന്തെന്ന് അറിയണമെങ്കില്‍ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് വിവരങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. ജൂലൈ 18 ന് എത്തിയ കണക്ക് അനുസരിച്ച് പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയിലൂടെ മാത്രം ചിത്രത്തിന്‍റെ മൂന്ന് ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. 21 ന് പുലര്‍ച്ചെ 12 മണി മുതല്‍ പ്രമുഖ നഗരങ്ങളില്‍ ഓപ്പണ്‍ഹെയ്മരിന് പ്രദര്‍ശനങ്ങള്‍ ഉണ്ട്. ചെന്നൈ, ബംഗളൂരു, ദില്ലി, മുംബൈ എന്നീ നഗരങ്ങള്‍ക്കൊപ്പം തിരുവനന്തപുരം അടക്കമുള്ള കേരളത്തിലെ നഗരങ്ങളിലും ഓപ്പണ്‍ഹെയ്മര്‍ ആവേശം ഉണ്ട്. കേരളത്തിലെ ഒരേയൊരു ഐമാക്സ് ആയ പിവിആര്‍ ലുലുവില്‍ ആദ്യ മൂന്ന് ദിനങ്ങളിലെ ഷോകള്‍ക്ക് ഇനി ഏതാനും ടിക്കറ്റുകള്‍ കൂടിയേ ബാക്കിയുള്ളൂ.

അതേസമയം ഇന്ത്യയില്‍ ഓപ്പണ്‍ഹെയ്മറിന്‍റെ ഏറ്റവും വില കൂടിയ ടിക്കറ്റുകള്‍ മുംബൈയിലാണ്. മുംബൈ ലോവര്‍ പരേലിലുള്ള ഫിനിക്സ് പല്ലേഡിയം മാളിലെ ഐമാക്സ് സ്ക്രീനിലാണ് ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ഓപ്പണ്‍ഹെയ്മര്‍ ടിക്കറ്റ്. ടിക്കറ്റൊന്നിന് 2450 രൂപയാണ് ഇവിടെ കൊടുക്കേണ്ടത്. ഇവിടെ ആദ്യ വാരാന്ത്യത്തിലെ ടിക്കറ്റുകള്‍ എല്ലാം വിറ്റുപോയതായാണ് വിവരം. ഐമാക്സ് ഏഷ്യയുടെ തിയറ്റര്‍ സെയില്‍സ് വൈസ് പ്രസിഡന്‍റ് പ്രീതം ഡാനിയലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തനിക്ക് പോലും ടിക്കറ്റ് ലഭിക്കാത്ത സ്ഥിതിയാണ് ഉള്ളതെന്ന് അദ്ദേഹം പറയുന്നു.

Scroll to load tweet…

അതേസമയം ചിത്രത്തിന് പോസിറ്റീവ് അഭിപ്രായം ലഭിക്കുന്നപക്ഷം ഇന്ത്യയിലും വന്‍ ഓപണിംഗ് ലഭിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. കൈ ബേഡ്, മാര്‍ട്ടിന്‍ ജെ ഷെര്‍വിന്‍ എന്നിവര്‍ ചേര്‍ന്നെഴുതിയ അമേരിക്കന്‍ പ്രോമിത്യൂസ് എന്ന ജീവചരിത്രഗ്രന്ഥത്തെ ആസ്പദമാക്കി ക്രിസ്റ്റഫര്‍ നോളന്‍ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ALSO READ : സഹമത്സരാര്‍ഥിക്ക് കുടിക്കാന്‍ കൊടുത്തത് സോപ്പ് വെള്ളം? ബിഗ് ബോസ് ഒടിടിയില്‍ വിവാദം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക