ഒരിടവേളയ്ക്കു ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തില്‍ എത്തിയ ചിത്രം

തിയറ്ററുകളില്‍ മലയാള സിനിമയ്ക്ക് ആള് കയറുന്നില്ലെന്ന ചര്‍ച്ചകള്‍ക്കിടെയാണ് അപൂര്‍വ്വം ചില ചിത്രങ്ങള്‍ക്ക് മികച്ച കളക്ഷന്‍ ലഭിക്കുന്നത്. അതിലൊന്നാണ് കഴിഞ്ഞ വാരാന്ത്യം തിയറ്ററുകളിലെത്തിയ, ജോഷിയുടെ സുരേഷ് ഗോപി (Suresh Gopi) ചിത്രം പാപ്പന്‍ (Paapan). വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ മൂന്ന് ദിനങ്ങളില്‍ നിന്ന് മാത്രം നേടിയത് 11.56 കോടിയാണ്. സുരേഷ് ഗോപി ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. അതുപോലെയാണ് ഷമ്മി തിലകന്‍റെ (Shammy Thilakan) കഥാപാത്രവും. കഥയില്‍ ഏറെ പ്രാധാന്യമുള്ള ഇരുട്ടന്‍ ചാക്കോയായാണ് ഷമ്മി സ്ക്രീനില്‍ എത്തുന്നത്. രൂപം കൊണ്ട് പലപ്പോഴും അച്ഛന്‍ തിലകനെ അനുസ്മരിപ്പിക്കുന്നുണ്ട് ഈ കഥാപാത്രമായെത്തിയ ഷമ്മി. പ്രകടനത്തിലും അദ്ദേഹം അച്ഛനെ ഓര്‍മ്മിപ്പിച്ചുവെന്ന് പറയുകയാണ് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍.

വിനോദ് ഗുരുവായൂരിന്‍റെ കുറിപ്പ്

നമുക്ക് നഷ്ടമായ തിലകൻ ചേട്ടൻ തിരിച്ചു വന്നിരിക്കുന്നു, അദ്ദേഹത്തിന്റെ മകനിലൂടെ... പാപ്പനിൽ. അധികം സീനിലൊന്നും ചാക്കോ എന്ന ഷമ്മി ചേട്ടൻ ഇല്ലെങ്കിൽ കൂടി, സിനിമയിൽ നിറഞ്ഞു നിൽപ്പുണ്ട് ചാക്കോ. ജോഷി സർ- ലോഹിതദാസ് സർ ടീം ഒരുക്കിയ കൗരവർ എന്ന സിനിമയിലെ തിലകൻ ചേട്ടനെ ഇന്നും മനസ്സിൽ സൂക്ഷിച്ചിട്ടുണ്ട്. അതുപോലെ ചാക്കോ വർഷങ്ങൾ കഴിഞ്ഞാലും നമ്മുടെ മനസ്സിലുണ്ടാകും. തിലകൻ ചേട്ടനോളൊപ്പം എന്നല്ല.. എന്നാലും അദ്ദേഹം ചെയ്തിരുന്ന വേഷങ്ങൾ നമുക്ക് ധൈര്യമായി ഇദ്ദേഹത്തെ ഏല്പിക്കാം... മോശമാക്കില്ല.... ഭാവിയിൽ തിലകൻ ചേട്ടന് മുകളിൽ നിൽക്കുന്ന മകനെ മലയാള സിനിമ ഉപയോഗിക്കട്ടെ.. ജോഷി സർ പല നടന്മാരുടെയും, അവരുടെ ബെസ്റ്റ് നമുക്ക് കാണിച്ചു തന്നിട്ടുണ്ട്, ഇപ്പോൾ ഷമ്മി തിലകന്റെ ഇരുട്ടൻ ചക്കൊയും....

ALSO READ : 'പാപ്പന്' ശേഷം 'മൂസ'; വീണ്ടും ഹിറ്റടിക്കാന്‍ സുരേഷ് ഗോപി: ഫസ്റ്റ് ലുക്ക്

ഒരിടവേളയ്ക്കു ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണിത്. എബ്രഹാം മാത്യു മാത്തന്‍ എന്നാണ് കഥാപാത്രത്തിന്‍റെ പേര്. 'സലാം കാശ്‍മീരി'നു ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന ചിത്രവുമാണിത്. ലേലം, പത്രം, വാഴുന്നോര്‍ തുടങ്ങി ഈ കോമ്പിനേഷനില്‍ പുറത്തെത്തിയ ചിത്രങ്ങളില്‍ പലതും സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നു. പൊറിഞ്ചു മറിയം ജോസിനു ശേഷം ജോഷിയുടെ സംവിധാനത്തില്‍ എത്തുന്ന ചിത്രവുമാണ് പാപ്പന്‍. ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇരുവരും ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രവുമാണിത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍, സണ്ണി വെയ്ന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.