Asianet News MalayalamAsianet News Malayalam

ചലച്ചിത്ര നിര്‍മ്മാതാവും ഗായികയുമായ പമേല ചോപ്ര അന്തരിച്ചു

വിഖ്യാത ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവും ആയിരുന്ന യാഷ് ചോപ്രയുടെ ഭാര്യയായിരുന്നു. 74 വയസായിരുന്നു. വ്യാഴാഴ്ച മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. 

Pamela Chopra, Wife Of Yash Chopra, Dies At 74 vvk
Author
First Published Apr 20, 2023, 4:05 PM IST

മുംബൈ: ചലച്ചിത്ര നിര്‍മ്മാതാവും ഗായികയുമായ പമേല ചോപ്ര അന്തരിച്ചു. വിഖ്യാത ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവും ആയിരുന്ന യാഷ് ചോപ്രയുടെ ഭാര്യയായിരുന്നു. 74 വയസായിരുന്നു. വ്യാഴാഴ്ച മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. 

യാഷ് രാജ് ഫിലിംസ് മരണ വിവരം അറിയിച്ചുകൊണ്ട് ഔദ്യോഗികമായി വ്യാഴാഴ്ച  രാവിലെ പത്രകുറിപ്പ് ഇറക്കി.  "ഏഴുപത്തിനാലുകാരിയായ പമേല ചോപ്ര ഇന്ന് രാവിലെ അന്തരിച്ചു. രാവിലെ 11 മണിയോടെ ശവസംസ്‌കാരം നടന്നു.  പ്രാർത്ഥനകൾക്ക് കുടുംബം നന്ദി അറിയിക്കുന്നു. കുടുംബം സ്വകാര്യത ആഗ്രഹിക്കുന്നു" വൈആര്‍എഫ് സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ പറയുന്നു. 

ഗാനരചയിതാവും കവിയുമായ ജാവേദ് അക്തർ ട്വീറ്റില്‍ പമേല ചോപ്രയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് അവരെ അനുസ്മരിച്ചു. "ഇന്ന് ശ്രീ യാഷ് ചോപ്രയുടെ ബെറ്റര്‍ ഹാഫായ പാം ജി അന്തരിച്ചു. അവര്‍ ഒരു മികച്ച സ്ത്രീയായിരുന്നു. ബുദ്ധിമതിയും വിദ്യാഭ്യാസവും ഊഷ്മളതയും നർമ്മബോധവുമുള്ളവളായിരുന്നു. യാഷ് ജിയുമായി അടുത്ത് പ്രവർത്തിച്ചിട്ടുള്ളവർക്ക് അദ്ദേഹത്തിന്റെ തിരക്കഥകളിലും, ചലച്ചിത്രത്തിലെ സംഗീതത്തിലും മറ്റും അവരുടെ സംഭാവനകളെക്കുറിച്ച് അറിയാം. അവര്‍ ഒരു അസാധാരണ വ്യക്തിയായിരുന്നു." -ജാവേദ് അക്തർ ട്വീറ്റില്‍ പറഞ്ഞു. 

യാഷ് ചോപ്രയ്ക്കൊപ്പം അടിയുറച്ച് നിന്ന് യാഷ് രാജ് ഫിലിംസിനെ ഒരു പ്രസ്ഥാനമാക്കി മാറ്റിയ വ്യക്തിയാണ് പമേല ചോപ്ര. ഗാന രചിതാവ്, ഗായിക, സഹ നിര്‍മ്മാതാവ്, തിരക്കഥ സഹായി തുടങ്ങിയ റോളുകളില്‍ എല്ലാം പമീല തന്‍റെ സംഭാവന യാഷ് രാജ് ചിത്രങ്ങളില്‍ നല്‍കിയിട്ടുണ്ട്. പമേല ചോപ്ര അവസാനമായി പ്രത്യക്ഷപ്പെട്ടത് വൈആർഎഫിനെക്കുറിച്ചുള്ള നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററിയായ ദി റൊമാന്റിക്സിലാണ്. അതിൽ തന്റെ ഭർത്താവ് യാഷ് ചോപ്രയുടെ സിനിമ ജീവിത യാത്രയെക്കുറിച്ച് പമേല സംസാരിച്ചു.

2012ലാണ് യാഷ് ചോപ്ര അന്തരിച്ചത്. 1970ലാണ് യാഷ് ചോപ്ര പമേലയെ വിവാഹം കഴിച്ചത്. ഇരുവരുടെയും കുടുംബക്കാര്‍ തമ്മില്‍ പരിചയക്കാരായിരുന്നു. ആദ്യത്യ ചോപ്ര, ഉദയ് ചോപ്ര എന്നിവര്‍ മക്കളാണ്. 

ഇന്ത്യയിൽ പയറ്റിയ അതേ തന്ത്രം; 116 രാജ്യങ്ങളിലെ സബ്സ്ക്രിപ്ഷൻ നിരക്കുകൾ വെട്ടിക്കുറയ്ക്കാൻ നെറ്റ്ഫ്ലിക്സ്

ആരോഗ്യനിലയെ കുറിച്ച് വ്യാജ വാർത്ത; ആരാധ്യ ബച്ചൻ ഹൈ കോടതിയിലേക്ക്

Follow Us:
Download App:
  • android
  • ios