ഇന്ത്യയിൽ പയറ്റിയ അതേ തന്ത്രം; 116 രാജ്യങ്ങളിലെ സബ്സ്ക്രിപ്ഷൻ നിരക്കുകൾ വെട്ടിക്കുറയ്ക്കാൻ നെറ്റ്ഫ്ലിക്സ്
ഇന്ത്യയിൽ വില കുറയ്ക്കൽ തന്ത്രം അവതരിപ്പിച്ചപ്പോൾ നെറ്റ്ഫ്ലിക്സിന്റെ വരുമാനം 24 ശതമാനം ഉയർന്നിരുന്നു. പുതുക്കിയ നിരക്കുകൾ ഇങ്ങനെ
ദില്ലി: ലോകത്തെ പ്രമുഖ ഒടിടി പ്ലാറ്റഫോമായ നെറ്റ്ഫ്ലിക്സ് 116 രാജ്യങ്ങളിൽ സബ്‌സ്‌ക്രിപ്‌ഷൻ നിരക്ക് കുറച്ചു. ഇന്ത്യയിലെ ബിസിനസ് തന്ത്രം വിജയിച്ചതിന് ശേഷമാണ് നെറ്റ്ഫ്ലിക്സ് ഇത് മറ്റ് രാജ്യങ്ങളിലേക്കും പയറ്റുന്നത്. 2021-ൽ ഇന്ത്യയിൽ കുറഞ്ഞ നിരക്കിലുള്ള സബ്‌സ്‌ക്രിപ്‌ഷൻ പാക്കേജ് നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ചിരുന്നു. അതിനുശേഷം വരുമാനത്തിൽ 24 ശതമാനം വർധനവും ഉണ്ടായിരുന്നു.
ഏഷ്യ, യൂറോപ്പ്, ലാറ്റിനമേരിക്ക, സബ്-സഹാറൻ ആഫ്രിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലാണ് വില കുറച്ചിരിക്കുന്നത്. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് കാരണം കുടുംബങ്ങൾ വിനോദ ചെലവുകൾ വെട്ടികുറയ്ക്കുന്നത് കൂടുന്നുണ്ട്. മുമ്പ് പ്രതിമാസം 199 ആയിരുന്നു, നെറ്റ്ഫ്ലിക്സ്ന്റെ മൊബൈൽ പ്ലാൻ ഇപ്പോൾ ഇത് 149 ആണ്. അടിസ്ഥാന സബ്‌സ്‌ക്രിപ്‌ഷന്റെ വില ഇപ്പോൾ 499-ന് പകരം 199 ആണ്
ALSO READ: 'കഠിനാധ്വാനം കൊണ്ട് കെട്ടിപ്പടുത്ത കൊട്ടാരം'; ആഡംബരത്തിന്റെ മറുവാക്കായി സുന്ദർ പിച്ചൈയുടെ വീട്
"ഇന്ത്യ വിനോദത്തെ സ്നേഹിക്കുന്ന നിരവധി ആളുകളുള്ള രാജ്യമാണ്, ഇന്ത്യയിൽ തുടർന്നും വളരാൻ ആഗ്രഹിക്കുന്നുണ്ട്" കോ-ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ടെഡ് സരണ്ടോസ് പറഞ്ഞു. 2022 സാമ്പത്തിക വർഷത്തിലെ മൊത്തം വരുമാനത്തിന്റെ 5% ൽ താഴെ മാത്രമാണ് വില കുറച്ച രാജ്യങ്ങളിൽ നിന്ന് നെറ്റ്ഫ്ലിക്സിന് ലഭിച്ചത്.
2023 മാർച്ചിൽ അവസാനിച്ച മൂന്ന് മാസങ്ങളിൽ, നെറ്റ്ഫ്ലിക്സിന്റെ ആഗോള അറ്റവരുമാനം മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഏകദേശം 18 ശതമാനം കുറഞ്ഞ് 1,305 മില്യൺ ഡോളറായി (ഏകദേശം 107 കോടി രൂപ) കുറഞ്ഞു. എന്നിരുന്നാലും, നെറ്റ്ഫ്ലിക്സിന്റെ വരുമാനം 2022 മാർച്ച് പാദത്തിൽ നിന്ന് 3.7 ശതമാനം വർധിച്ച് 8,162 മില്യൺ ഡോളറിലെത്തി (ഏകദേശം 671 കോടി രൂപ).