നവാഗതനായ വിഷ്‍ണു ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രം

ആട് എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറുന്നതിന് മുന്‍പ് തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ച ആളാണ് മിഥുന്‍ മാനുവല്‍ തോമസ്. ജൂഡ് ആന്‍റണി ജോസഫിന്‍റെ ഓം ശാന്തി ഓശാനയായിരുന്നു ആ ചിത്രം. സംവിധാനം ചെയ്ത ചിത്രങ്ങളില്‍ മിക്കതിനും സ്വന്തമായി തിരക്കഥയൊരുക്കിയ മിഥുന്‍ മറ്റ് സംവിധായകര്‍ക്ക് വേണ്ടി വീണ്ടും തിരക്കഥ എഴുതിയിട്ടുണ്ട്. ഓം ശാന്തി ഓശാനയ്ക്ക് ശേഷം മിഥുന്‍റെ തിരക്കഥയില്‍ മറ്റൊരാള്‍ സംവിധാനം ചെയ്ത ചിത്രമാണ് അടുത്തിടെ റിലീസ് ചെയ്യപ്പെട്ട ഗരുഡന്‍. മികച്ച അഭിപ്രായം നേടിയ ഗരുഡന്‍ തിയറ്ററുകളില്‍ തുടരുമ്പോള്‍ മിഥുന്‍റെ തിരക്കഥയിലുള്ള അടുത്ത ചിത്രവും തിയറ്ററുകളിലേക്ക് എത്തുകയാണ്.

മിഥുന്‍ മാനുവലിന്‍റെ രചനയില്‍ നവാഗതനായ വിഷ്ണു ഭരതന്‍ സംവിധാനം ചെയ്യുന്ന ഫീനിക്സ് ആണ് ആ ചിത്രം. ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ് ഈ വെള്ളിയാഴ്ചയാണ് (17). എന്നാല്‍ റിലീസിന് മുന്‍പുള്ള സ്പെഷല്‍ പ്രീമിയര്‍ ഇന്ന് നടക്കും. കൊച്ചി ഇടപ്പള്ളി വനിത സിനിപ്ലെക്സില്‍ വൈകിട്ട് 6.30 നാണ് ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനം. സിനിമകളുടെ റിലീസിന് മുന്‍പുള്ള പ്രിവ്യൂ മലയാളത്തിലും ഇപ്പോള്‍ നടന്നുവരുന്നുണ്ടെങ്കിലും രണ്ട് ദിവസം മുന്‍പുള്ള അത്തരം പ്രദര്‍ശനം അപൂര്‍വ്വമാണ്. ഗരുഡന് ശേഷം മിഥുന്‍ മാനുവല്‍ വീണ്ടും ഞെട്ടിക്കുമോ എന്ന് ഇന്നറിയാം. 2.12 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തിന്‍റെ ആദ്യ അഭിപ്രായങ്ങള്‍ രാത്രി 9 മണിയോടെ എത്തും.

അജു വര്‍ഗീസ്, അനൂപ് മേനോന്‍, ചന്തു നാഥ് എന്നിവരാണ് ഫീനിക്സില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അഡ്വ. ജോണ്‍ എന്ന കഥാപാത്രമായി അജു എത്തുമ്പോള്‍ വൈദികനായാണ് അനൂപ് മേനോന്‍ എത്തുന്നതെന്നാണ് വിവരം. ഡോ. റോണി രാജ്, അജി ജോൺ, അജിത് തലപ്പിള്ളി, ആശാ അരവിന്ദ്, നിജില കെ ബേബി, സിനി ഏബ്രഹാം, ജെസ് സ്വീജൻ, അബ്രാം രതീഷ്, ആവണി എന്നിവരാണ് മറ്റ് താരങ്ങളെ അവതരിപ്പിക്കുന്നത്. 

ALSO READ : 22 വര്‍ഷം മുന്‍പ് 25 കോടി ബജറ്റ്, പക്ഷേ വന്‍ പരാജയം; ആ കമല്‍ ഹാസന്‍ ചിത്രം വീണ്ടും 1000 തിയറ്ററുകളിലേക്ക്!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക