പ്രശാന്ത് നീല്‍ ഒരുക്കിയ അത്ഭുതം.

പ്രഭാസ് സലാറിന്റെ പ്രതീക്ഷകളിലാണ്. പ്രേക്ഷകര്‍ പ്രശാന്ത് നീലിലെ പ്രതീക്ഷകളിലും. കെജിഎഫ് എന്ന വമ്പൻ ഹിറ്റിന്റെ സംവിധായകൻ പ്രശാന്ത് നീല്‍ ബാഹുബലിയിലൂടെ ലോകമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ച പ്രഭാസിനെ നായകനാക്കുമ്പോള്‍ അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാം. പ്രഭാസ് നായകനാകുന്ന സലാര്‍ നീല്‍ സിനിമാറ്റിക് യൂണിവേഴ്‍സില്‍ ഉള്‍പ്പെട്ടതാണോ എന്ന ഒരു ആകാംക്ഷയാണ് പ്രേക്ഷകര്‍ പങ്കുവയ്‍ക്കുന്നത്.

അടുത്തിടെ തമിഴകത്ത് ലിയോയിലൂടെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‍സ് വീണ്ടും ചര്‍ച്ചയായിരുന്നു. വിക്രവും കൈതിയുമൊക്കെ വിജയ് നായകനായ ചിത്രം ലിയോയിലും ലോകേഷ് കനകരാജ് സമര്‍ഥമായി ഉള്‍പ്പെടുത്തിയത് ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നു. ലോകേഷിനെ പ്രശാന്ത് നീലും പിന്തുടരുമോയെന്നാണ് സിനിമാ ലോകത്തെ ചര്‍ച്ച. യാഷ് നായകനായ കെജിഎഫ് റെഫ്രൻസുള്ള സിനിമയായിരിക്കുമോ പ്രഭാസ് നായകനായി എത്തുന്ന സലാര്‍ അതോ യാഷ് അതിഥി താരമായി എത്തിയേക്കുമോ എന്നാണ് ആരാധകരുടെ ചോദ്യം.

കേരളത്തില്‍ സലാര്‍ വിതരണം ചെയ്യുക ചിത്രത്തില്‍ വര്‍ദ്ധരാജ് മാന്നാര്‍ ആയി എത്തുന്ന പൃഥ്വിരാജിന്റെ പ്രൊഡക്ഷൻസാണ് എന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കേരളത്തില്‍ പ്രഭാസിന്റെ സലാറിന്റെ ഫാൻസ് ഷോ സംഘടിപ്പിക്കുന്നത് ഓള്‍ കേരള പൃഥ്വിരാജ് ഫാൻസ് ആൻഡ് വെല്‍ഫെയര്‍ അസോസിയേഷനാണ് എന്നതിനാല്‍ ആരവമാകുമെന്നും ഉറപ്പ്. അസോസിയേഷന്റെ കോട്ടയം ജില്ലാ കമ്മിറ്റി ഷോ തീരുമാനിച്ചും കഴിഞ്ഞു എന്നും റിപ്പോര്‍ട്ടുകളുണ്ടായിട്ടുണ്ട്. പൃഥ്വിരാജിന്റെ സലാര്‍ കോട്ടയത്ത് അഭിലാഷ് തിയറ്ററില്‍ പ്രദര്‍ശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട് എന്ന് മാത്രമല്ല ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയിട്ടുമുണ്ട് എന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് മനസിലാകുന്നത്.

ഡിസംബര്‍ 22നാണ് സലാറിന്റെ റിലീസ്. ഒടിടി റൈറ്റ്‍സിന് സലാറിന് 160 കോടി രൂപയാണ് ലഭിച്ചത് എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഒടിടി റൈറ്റ്‍സ് നൈറ്റ്ഫ്ലിക്സാണ് നേടിയിരിക്കുന്നത് എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് ഒരു പ്രഭാസ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സിന് ലഭിച്ചതില്‍ വെച്ച് ഉയര്‍ന്ന തുകയാണ് സലാറിന്റേതെന്നത് റെക്കോര്‍ഡുമാണ്.

Read More: സുരേഷ് ഗോപിയോട് ഏറ്റുമുട്ടാൻ പൊന്നും താരം, എസ് ജെ സൂര്യ മലയാളത്തിലേക്കോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക