ചെന്നൈ: ദിവസ വേതനക്കാരായ തൊഴിലാളികള്‍ക്കായി ഫാം ഹൌസില്‍ ഇടം നല്‍കി ചലചിത്രതാരം പ്രകാശ് രാജ്. പുതുച്ചേരി, ചെന്നൈ, ഖമ്മാം എന്നിവിടങ്ങളില്‍ നിന്നും ജോലി തേടിവന്ന പതിനൊന്ന് തൊഴിലാളികള്‍ക്കാണ് പ്രകാശ് രാജ് അഭയമൊരുക്കിയിരിക്കുന്നത്. ഇവരുടെ പേരില്‍ കുറച്ച് പണം നിക്ഷേപിക്കാന്‍ സാധിച്ചുവെന്നും പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചു. ഇവര്‍ക്ക് സുരക്ഷ ഉറപ്പ് വരുത്തുമെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു. ഇത് സര്‍ക്കാരിന്‍റെ മാത്രം ഉത്തരവാദിത്തമല്ലെന്നും ഈ ലോക്ക് ഡൌണ്‍കാലത്ത് ഒന്നിച്ച് നില്‍ക്കാമെന്നും പ്രകാശ് രാജ് ട്വിറ്ററില്‍ കൂട്ടിച്ചേര്‍ത്തു.

ചുറ്റുപാടുമുള്ള ഒരാളേയെങ്കിലും ഈ അവസരത്തില്‍ സംരക്ഷിക്കണമെന്നാണ് പ്രകാശ് രാജ് ആവശ്യപ്പെട്ടിരിക്കുന്നത്. മനുഷ്യത്വം നമ്മുക്ക് ആഘോഷിക്കാമെന്നും പ്രകാശ് രാജ് കുറിക്കുന്നു. നേരത്തെ കൊറോണ വൈറസിന്റെ സമൂഹ വ്യാപനം തടയുന്നതിന്റെ ഭാഗമായി ചിത്രീകരണം നിർത്തിവച്ചിരിക്കുന്ന സിനിമകളുടെ ദിവസവേതന തൊഴിലാളികൾക്കും പ്രതിഫലം നല്‍കുമെന്ന് നേരത്തെ പ്രകാശ് രാജ് വ്യക്തമാക്കിയിരുന്നു.

എനിക്ക് സാധിക്കുന്നത് ഇനിയും ചെയ്യും; ജോലിക്കാർക്കും സഹപ്രവർത്തകർക്കും മെയ് വരെയുള്ള ശമ്പളം നൽകി പ്രകാശ് രാജ്