പ്രണവിന്റെ പുതിയ ചിത്രമായ ഡീയസ് ഈറെ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. പ്രണവിനെ 'റിയൽ ലൈഫ് ചാർളി' എന്ന് വിശേഷിപ്പിച്ചും രസകരമായ കമന്റുകൾ പങ്കുവെച്ചും രംഗത്തെത്തിയിരിക്കുകയാണ് ആരാധകർ.
മോളിവുഡിന്റെ പ്രിയപ്പെട്ട താരപുത്രൻമാരിലൊരാളാണ് പ്രണവ് മോഹൻലാൽ. പതിവായി യാത്രകളും സാഹസികതകളുമൊക്കെയായി പ്രണവ് ബിസിയാണ്. വർഷത്തിൽ കൂടുതൽ സമയവും പ്രണവ് യാത്രകളിലാണ്. ഇതിനിടയിൽ സിനിമയിൽ അഭിനയിക്കാനും അദ്ദേഹം സമയം കണ്ടെത്തുന്നുണ്ട്. വെറുതെ അഭിനയിച്ച് പോകുകയാണ് എന്ന് തോന്നുമെങ്കിലും പ്രണവ് ചെയ്യുന്ന സിനിമകളും സ്വന്തം അഭിനയവുമെല്ലാം പ്രേക്ഷകരുടെ കയ്യടി നേടുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം.
പ്രണവ് നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമായ ഡീയസ് ഈറെ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഹൊറർ ജോണറിലെത്തിയ ചിത്രത്തെ മലയാളികൾ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. പ്രണവിന്റെ പ്രകടനവും വലിയ കയ്യടി നേടുന്നുണ്ട്. ഇതിനോടകം തന്നെ ചിത്രം 60 കോടിയോളം നേടിയെന്നാണ് ബോക്സ് ഓഫീസ് കണക്കുകൾ വ്യക്തമാക്കുന്നത്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും പ്രണവ് വീണ്ടും യാത്രയിലേയ്ക്ക് കടന്നിരിക്കുകയാണെന്നാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്ന വിവരം. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പ്രണവ് വിമാനത്താവളത്തിലേയ്ക്ക് വന്നിറങ്ങുന്ന ഒരു വീഡിയോ പുറത്തുവന്നിരുന്നു. ഇതിന് താഴെ ആരാധകർ പങ്കുവെച്ച കമന്റുകളാണ് ഏറെ രസകരം.
'വരുന്നു..അഭിനയിക്കുന്നു..കാശ് വാങ്ങുന്നു..നാട് വിടുന്നു..റിപ്പീറ്റ്' എന്നാണ് ഒരാൾ കമന്റ് ചെയ്തത്. 'ഇനി ഏത് മലയിൽ നിന്ന് പിടിച്ചോണ്ട് വരുവോ എന്തോ' എന്നായിരുന്നു മറ്റൊരു ആരാധകന്റെ കമന്റ്. 'ഇനി രണ്ട് കൊല്ലം കഴിഞ്ഞ് നോക്കിയാൽ മതി'യെന്നും 'കാടും മലയും കുന്നും കേറുന്നു, ക്ഷീണിക്കുമ്പോൾ വന്ന് ഒരു പടം ചെയ്യുന്നു, ഹിറ്റ് അടിക്കുന്നു, വീണ്ടും പോകുന്നു' എന്നുമെല്ലാമുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെടുന്നത്. പ്രണവിനെ 'റിയൽ ലൈഫ് ചാർളി' എന്ന് വിശേഷിപ്പിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.


