'96', 'മെയ്യഴകൻ' എന്നീ രണ്ടു സിനിമകൾക്ക് തമിഴിൽ മാത്രമല്ല മലയാളത്തിലും വലിയ ഫാൻ ബേസുണ്ട്.

സിനിമോട്ടോഗ്രഫറും സംവിധായകനുമായ സി പ്രേം കുമാർ നടത്തിയ ഒരു പ്രസ്താവന ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴി വച്ചിരിക്കുകയാണ്. '96', 'മെയ്യഴകൻ' എന്നീ രണ്ടു സിനിമകൾക്ക് തമിഴിൽ മാത്രമല്ല മലയാളത്തിലും വലിയ ഫാൻ ബേസുണ്ട്. ഇപ്പോളിതാ സിനിമകൾക്കു നേരെ വരുന്ന നെഗറ്റീവ് കമന്റുകളെ കുറിച്ച് തുറന്നടിച്ചിരിക്കുകയാണ് പ്രേം കുമാർ. ഭരദ്വാജ് രംഗനുമൊത്തുള്ള പ്രത്യേക അഭിമുഖത്തിലാണ് പ്രേം കുമാർ ഇക്കാര്യം തുറന്നു പറഞ്ഞത്.

'മെയ്യഴകൻ മലയാളത്തിൽ എടുത്തിരുന്നെങ്കിൽ തമിഴ് പ്രേക്ഷകർ ഏറ്റെടുത്തേനെയെന്ന് എന്നോട് പലരും പറഞ്ഞിരുന്നു. എന്റെ ഭാഷയിൽ ഞാൻ സിനിമ ചെയ്തപ്പോൾ അത് മറ്റൊരു ഭാഷയിൽ ചെയ്തിരുന്നെങ്കിൽ സ്വീകാര്യത ലഭിച്ചേനെ എന്ന് പറഞ്ഞു കേൾക്കുന്നത് തന്നെ വിഷമമുള്ള കാര്യമാണ്. തിയേറ്ററിൽ സിനിമ പ്രതീക്ഷിച്ചത്ര വിജയം വന്നില്ല എന്നത് സത്യമായ കാര്യമാണ്. എന്നാൽ ഒടിടിയിലെത്തിയപ്പോൾ സിനിമയ്ക്ക് വലിയ സ്വീകാര്യത കിട്ടി. പൈറസിയെ പോലെ വെല്ലുവിളി നിറഞ്ഞതാണ് ഇപ്പോൾ ചില റിവ്യൂവേഴ്സ്. അവർക്ക് മാനസിക അസ്വാസ്ഥ്യമുള്ളവരുണ്ട്. ഞാൻ അവരെ ഭയക്കുന്നില്ല. അതുകൊണ്ടാണ് എനിക്കിങ്ങനെ പറയാൻ കഴിയുന്നത്.'- പ്രേം കുമാറിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.

Scroll to load tweet…

എന്നാൽ, സോഷ്യൽ മീഡിയയിൽ പ്രേം കുമാറിന്റെ പ്രസ്താവനയെ പിന്തുണയ്ക്കുന്നവരും ഒപ്പം എതിർക്കുന്നവരുമുണ്ട്. നിങ്ങളുടെ സിനിമ ജനമനസുകളിലാണെന്ന് ഒരുകൂട്ടർ പറയുമ്പോൾ. സിനിമ ഇറങ്ങി വർഷം ഒന്നാവുമ്പോഴും നിങ്ങളുടെ സിനിമയുടെ പരാജയം ഇപ്പോഴും നിങ്ങൾക്ക് സ്വീകരിക്കാൻ കഴിയാതെ, ഇന്റർവ്യൂകളിൽ ഇരുന്നു കരയുന്നതിനോട് യോജിപ്പില്ലെന്ന് ഒരുകൂട്ടർ പറയുന്നു. റിവ്യൂവേഴ്‌സിനെതിരെ ധൈര്യമായി പറഞ്ഞ സംവിധായകനിരിക്കട്ടെ ഒരു കൈയ്യടിയെന്ന് പറഞ്ഞ് പ്രേം കുമാറിനെ പ്രശംസിക്കുന്നവരുമുണ്ട്.

Scroll to load tweet…

കഴിഞ്ഞ വർഷം സെപ്റ്റംബർ 27ന് തിയേറ്ററിലെത്തിയ ചിത്രമാണ് മെയ്യഴകൻ. 2 മണിക്കൂറും 57 മിനുറ്റുമുള്ള സിനിമയുടെ ദൈർഘ്യം കൂടുതലെന്ന കാരണത്താൽ പിന്നീട് 18 മിനുട്ടോളം ഭാഗങ്ങൾ വെട്ടിമാറ്റിയാണ് സിനിമ പിന്നീട തിയേറ്ററിൽ പ്രദർശിപ്പിച്ചത്. കാർത്തിയും അരവിന്ദ് സ്വാമിയും തുല്യ പ്രാധാന്യമുള്ള വേഷങ്ങൾ അവതരിപ്പിച്ച സിനിമയിൽ ബന്ധങ്ങളുടെ കഥയാണ് പറയുന്നത്. ഇമോഷണൽ റോളർകോസ്റ്റർ പോലെ ഓരോ മനുഷ്യന്റെയും ഹൃദയത്തിലേക്ക് തുളച്ചു കയറും വിധമാണ് പ്രേം കുമാർ മെയ്യഴകനെ ഒരുക്കിയിരുന്നത്. സിനിമോട്ടോഗ്രാഫറായി തുടക്കം കുറിച്ച പ്രേം കുമാർ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം '96' ആണ്. അതിലെ റാമിനെയും ജാനുവിനെയും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഇതിന്റെ രണ്ടാം ഭാഗം പ്രേംകുമാർ വരുമെന്ന് അറിയിച്ചതോടെ ആകാംക്ഷയിലാണ് പ്രേക്ഷകർ.