വാഗതനായ ബിന്‍റോ സ്റ്റീഫന്‍ സംവിധാനം ചെയ്ത ചിത്രം
സമീപകാലത്ത് ഒരു ദിലീപ് ചിത്രം നേടുന്ന ഏറ്റവും മികച്ച പ്രതികരണങ്ങള്‍ നേടിയ സിനിമയാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി. നവാഗതനായ ബിന്‍റോ സ്റ്റീഫന്‍ സംവിധാനം ചെയ്ത ചിത്രം മെയ് 9, വെള്ളിയാഴ്ചയാണ് തിയറ്ററുകളില്‍ എത്തിയത്. ആദ്യ ദിനം മുതല്‍ പ്രേക്ഷകരില്‍ നിന്ന് പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിച്ചതോടെ തുടര്‍ ദിനങ്ങളിലും ചിത്രത്തിന് തിയറ്ററുകളില്‍ മികച്ച ഒക്കുപ്പന്‍സി ലഭിച്ചു. കളക്ഷനിലും ഇത് ഏറെ ഗുണകരമായി പ്രതിഫലിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍.
തുടര്‍ച്ചയായി എല്ലാ ദിവസവും ഒരു കോടിക്ക് മുകളില്‍ കളക്ഷന്‍ നേടുന്ന പതിവ് രണ്ടാം വാരാന്ത്യത്തിലും തുടരുകയാണ് ചിത്രം. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ഒന്‍പതാം ദിനമായ ഇന്നലെ ചിത്രം നേടിയ കളക്ഷന്‍ 1.22 കോടിയാണ്. ആകെ 9 ദിനങ്ങളില്‍ നിന്നുള്ള ഗ്രോസ് 11.73 കോടിയും നെറ്റ് കളക്ഷന്‍ 10.41 കോടിയും. അവധിക്കാലം രണ്ടാഴ്ച കൂടി ഉള്ളത് ചിത്രത്തിന് ബോക്സ് ഓഫീസില്‍ നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. കുടുംബ പ്രേക്ഷകരാണ് ചിത്രത്തിന്‍റെ ടാര്‍ഗറ്റ് ഓഡിയന്‍സ്.
ഒരു വർഷത്തിനു ശേഷമാണ് ഒരു ദിലീപ് ചിത്രം പ്രേക്ഷകരിൽ എത്തുന്നത്. ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിച്ച ചിത്രമാണിത്. ഉപചാരപൂർവ്വം ഗുണ്ട ജയൻ, നെയ്മർ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച ബിന്റോ സ്റ്റീഫന്റെ ആദ്യ സംവിധാന സംരംഭമാണിത്. തിരക്കഥാകൃത്തായ ഷാരീസിനൊപ്പമുള്ള മൂന്നാമത്തെ ചിത്രവും. മാജിക് ഫ്രെയിംസിന്റെ മുപ്പതാമത്തെ ചിത്രവുമാണ് ദിലീപിനൊപ്പമുള്ള പ്രിൻസ് ആൻഡ് ഫാമിലി. ചിത്രത്തിൽ ദിലീപിന്റെ അനുജന്മാരായി എത്തുന്നത് ധ്യാൻ ശ്രീനിവാസനും ജോസ് കുട്ടി ജേക്കബും ആണ്. ദിലീപ്- ധ്യാൻ ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് പ്രിൻസ് ആൻഡ് ഫാമിലി. ഇവരെ കൂടാതെ ബിന്ദു പണിക്കർ, സിദ്ദിഖ്, മഞ്ജു പിള്ള, ഉർവശി, ജോണി ആന്‍റണി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നീ താരങ്ങളും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. റിലീസിന് ശേഷമാണ് അണിയറക്കാര്‍ ചിത്രത്തിനായുള്ള പ്രൊമോഷല്‍ അഭിമുഖങ്ങളും മറ്റും നല്‍കിയത്. ഇവയും ശ്രദ്ധ നേടിയിരുന്നു.


