കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബ്രദേഴ്‌സ് ഡേ'യുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുകയാണ് പൃഥ്വിരാജ്. ജീന്‍ പോള്‍ ലാല്‍ ഒരുക്കുന്ന 'ഡ്രൈവിംഗ് ലൈസന്‍സി'ലാണ് ഇനി അദ്ദേഹത്തിന് അഭിനയിക്കാനുള്ളത്. പേര് സൂചിപ്പിക്കുംപോലെ ഒരു വാഹനപ്രേമിയുടെ കഥയാണ് ചിത്രം പറയുന്നത്. വാഹനപ്രേമി മാത്രമല്ല, കഥാപാത്രം മലയാളസിനിമയിലെ ഒരു സൂപ്പര്‍സ്റ്റാര്‍ കൂടിയാണ്.

സുരാജ് വെഞ്ഞാറമ്മൂടാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആണ് അദ്ദേഹത്തിന്റെ കഥാപാത്രം. പൃഥ്വി അവതരിപ്പിക്കുന്ന സൂപ്പര്‍സ്റ്റാറിന്റെ വലിയൊരു ആരാധകനുമാണ് ഈ കഥാപാത്രം. പൃഥ്വിരാജ് കഥാപാത്രത്തിന്റെ ഭാര്യയായി എത്തുന്നത് ദീപ്തി സതിയാണ്. 'ലവ കുശ'യ്ക്ക് ശേഷം ദീപ്തി അഭിനയിക്കുന്ന മലയാളചിത്രമാണ് ഇത്. സുരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യാവേഷത്തില്‍ മിയയും സ്‌ക്രീനില്‍ എത്തുന്നു.

സച്ചിയാണ് തിരക്കഥയൊരുക്കുന്നത്. 'ഹണി ബീ 2'ന് ശേഷം ജീന്‍ പോള്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പൃഥ്വിരാജ് തന്നെയാണ് നിര്‍മ്മാണം. '9'എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രമാണ് 'ഡ്രൈവിംഗ് ലൈസന്‍സ്'. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും നിര്‍മ്മാണത്തില്‍ സഹകരിക്കുന്നുണ്ട്.