Private movie starring Meenakshi and Indrans selected to Moscow International Film Festival. നവാഗതനായ ദീപക് ഡിയോൺ സംവിധാനം ചെയ്ത 'പ്രൈവറ്റ്' എന്ന മലയാള ചലച്ചിത്രം മോസ്‌കോ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ഇന്ദ്രൻസ്, മീനാക്ഷി അനൂപ്, അന്നു ആൻ്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദീപക് ഡിയോൺ രചനയും സംവിധാനവും നിർവ്വഹിച്ച 'പ്രൈവറ്റ്' മോസ്‌കോ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വർഷം ഒക്ടോബറിൽ തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച നിരൂപക പ്രശംസകളായിരുന്നു ലഭിച്ചിരുന്നത്.

ഒരു മലയാള സിനിമ മോസ്കോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പോലെ ഒരു മഹാമേളയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുക എന്നത് ഒരു ചെറിയ കാര്യമല്ലെന്നും, ഇനിയും സിനിമ കാണാത്തവരുണ്ടെങ്കിൽ ഒടിടിയിലൂടെ ചിത്രം കാണണമെന്നും ചിത്രത്തിലെ പ്രധാനവേഷത്തിലെത്തിയ മീനാക്ഷി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

"പ്രൈവറ്റ് ഒരു മലയാള സിനിമ മോസ്കോ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പോലെ ഒരു മഹാമേളയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുക എന്നത് ഒരു ചെറിയ കാര്യമല്ല...ഈ സിനിമയുടെ ഭാഗമാവാൻ കഴിഞ്ഞു എന്നതും ഒരു ചെറിയ കാര്യമല്ല .. നിറഞ്ഞ അഭിമാനം നന്ദി ഡയറക്ടർ ദീപക് ഡിയോൺ.. ഇത് നിങ്ങൾക്കവകാശപ്പെട്ട വിജയം ... പ്രിയപ്പെട്ടവരെ ഈ സിനിമ ഇനിയും കണ്ടിട്ടില്ലെങ്കിൽ ..സിനിമ മനോരമ മാക്സിലുണ്ട് .. പ്രൈവറ്റ് ഇത്തവണ വിവിധ വിഭാഗങ്ങളിൽ സ്റ്റേറ്റ് അവാർഡിനും മത്സരിക്കുന്നുവെന്നതിലും അഭിമാനം തന്നെ." മീനാക്ഷി കുറിച്ചു.

'ലെറ്റ്സ് ഗോ ഫോർ എ വാക്ക്' എന്ന ടാഗ്‌ലൈനിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ഈ ചിത്രം, സി ഫാക്ടർ ദ എൻ്റർടെയ്ൻമെൻ്റ് കമ്പനിയുടെ ബാനറിൽ വി കെ ഷബീർ നിർമ്മിച്ചിരിക്കുന്നു. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നവാഗതനായ അശ്വിൻ സത്യ നിർവ്വഹിച്ചിരിക്കുന്നു. ഛായാഗ്രഹണം ഫൈസൽ അലി, ലൈൻ പ്രൊഡ്യൂസർ തജു സജീദ്, എഡിറ്റർ ജയകൃഷ്ണൻ, വസ്ത്രാലങ്കാരം‌ സരിത സുഗീത്, മേക്കപ്പ് ജയൻ പൂങ്കുളം, ആർട്ട് മുരളി ബേപ്പൂർ, പ്രൊഡക്ഷൻ ഡിസൈൻ സുരേഷ് ഭാസ്കർ, സൗണ്ട് ഡിസൈൻ അജയൻ അടാട്ട്, സൗണ്ട് മിക്സിംഗ് പ്രമോദ് തോമസ്, പ്രൊഡക്ഷൻ കൺട്രോളർ നിജിൽ ദിവാകരൻ, സ്റ്റിൽസ് അജി കൊളോണിയ, പി ആർ ഒ- എ എസ് ദിനേശ്.