ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ചിത്രത്തിലെ ബിജുവിന്റെ പ്രതിഫലത്തിൽനിന്ന് തുക ഈടാക്കും.
ബിജുമേനോൻ നിർമാതാവിന് നഷ്ടം വരുത്തിയെന്ന ആരോപണത്തില്‍ നിലപാട് വ്യക്തമാക്കി പ്രൊഡ്യൂസേഴ്‍സ് അസോസിയേഷൻ. 15 ലക്ഷം രൂപ ബിജു മേനോൻ നിര്‍മാതാവ് അനൂപ് കണ്ണന് നൽകണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ചിത്രത്തിലെ ബിജുവിന്റെ പ്രതിഫലത്തിൽനിന്ന് തുക ഈടാക്കും. ബിജു പണം നൽകിയില്ലെങ്കിൽ ആ തുക കുറച്ച് പ്രതിഫലം നൽകും. ഇതുമായി ബന്ധപ്പെട്ട് ബിജു മേനോന് കത്ത് നൽകി എന്ന് ലിസ്റ്റിൻ സ്റ്റീഫൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. നഷ്ടം നികത്തിയില്ലെങ്കിൽ ബിജുവുമായി സ്വീകരിക്കേണ്ടെന്നുാണ് പ്രൊഡ്യൂസേഴ്‍സ് അസോസിയേഷന്റെ തീരുമാനം.
അനൂപ് കണ്ണൻ നേരത്തെ പറഞ്ഞത്
ബിജു മേനോനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുകയാണ്. നടപടി എടുക്കാമെന്ന് നേരത്തെ പ്രൊഡ്യൂസർസ് അസോസിയേഷൻ ഉറപ്പ് നൽകിയിരുന്നു. 25 ലക്ഷം നഷ്ടമുണ്ടായി എന്നും നിർമാതാവ് അനൂപ് കണ്ണൻ വ്യക്തമാക്കി. ബിജു മേനോൻ പങ്കെടുത്തത് ആകെ മൂന്ന് മണിക്കൂർ പ്രമോഷൻ പരിപാടിയിൽ മാത്രം. ബിജു മേനോൻ പ്രമോഷന് വരാമെന്ന് സമ്മതിച്ചതാണ്. ബിജു മേനോനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല എന്നും അനൂപ് കണ്ണൻ വ്യക്തമാക്കി.
ബി ഉണ്ണികൃഷ്‍ണൻ മിനിയാന്ന് പറഞ്ഞത്
ലൊക്കേഷനില്‍ സിനിമാ ചിത്രീകരണം പലപ്പോഴും വൈകാൻ കാരണക്കാര്‍ നടീനടൻമാരെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്‍ണൻ. നടൻ ബിജു മേനോന്റെ പേരെടുത്ത് പറഞ്ഞും വിമര്‍ശനവുമായി ബി ഉണ്ണികൃഷ്‍ണൻ. കരാര്‍ പ്രകാരമുള്ള സിനിമയുടെ പ്രമോഷനില്‍ ബിജു മേനോൻ പങ്കെടുത്തില്ല. നിര്‍മാതാവിന് നഷ്‍ടമായത് 25 ലക്ഷം രൂപയാണ്. ബിജു മേനോന്റെ പേര് പറയാൻ തനിക്ക് മടിയും പേടിയും ഇല്ല എന്നും ബി ഉണ്ണികൃഷ്‍ണൻ വ്യക്തമാക്കി.
മലയാള സിനിമയിലെ പ്രധാനപ്പെട്ട നടൻ പ്രമോഷന് പോവാത്തതുകൊണ്ട് ഒരു നിര്‍മാതാവിന് 25 ലക്ഷം രൂപയാണ് ചാനലില്‍ നിന്ന് കിട്ടാനുള്ള തുകയില്‍ നിന്ന് കുറഞ്ഞത്. ആ നിര്‍മാതാവ് ഒരു സംവിധായകനുമാണ്. ഞങ്ങളുടെ അംഗമാണ്. അതേ നടൻ ജീത്തു ജോസഫ് സംവിധാനം ചെയ്‍ത സിനിമയുടെ പ്രമോഷനും പോയിട്ടില്ല. ഞാൻ ബിജു മേനോനെ കുറിച്ചാണ് സംസാസരിക്കുന്നത്. പേരുപറയാൻ മടിയുള്ള ആളല്ല ഞാൻ. പ്രമോഷൻ എന്നത് പ്രൊഡ്യൂസേഴ്‍സ് അസോസിയേഷന്റെ കരാറിലുള്ള കാര്യമല്ലേ എന്നും ബി ഉണ്ണികൃഷ്‍ണൻ ചോദിച്ചു. പടം പ്രൊമോട്ട് ചെയ്യാനുള്ള ബാധ്യത എനിക്കാണെന്ന് കരാറില്‍ ഒപ്പിട്ട ശേഷം പോവാതിരിക്കുക. അതിനെത്തുടര്‍ന്ന് നിര്‍മാതാവിന്റെ 25 ലക്ഷം രൂപ നഷ്‍ടപ്പെടുക. ഇപ്പോള്‍ വന്ന സിനിമയിലും അത് തന്നെയാണ് സംഭവിക്കുന്നതെന്നും ബി ഉണ്ണികൃഷ്‍ണൻ ചൂണ്ടിക്കാട്ടി.
അടുത്തിടെ ഇറങ്ങിയ വലതുവശത്തെ കള്ളൻ സിനിമയുടെ പ്രമോഷനിലും ബിജു മേനോൻ പങ്കെടുത്തിരുന്നില്ല. ജീത്തു ജോസഫായിരുന്നു വലതുവശത്തെ കള്ളൻ സംവിധാനം ചെയ്‍തത്. പൊലീസ് വേഷത്തിലായിരുന്നു ബിജു മേനോൻ ചിത്രത്തില്‍ അഭിനയിച്ചത്. ജോജു ജോര്‍ജും നിര്‍ണായക വേഷത്തില്‍ ചിത്രത്തില്‍ ഉണ്ടായിരുന്നു.
