തെലുങ്ക് സംവിധായകൻ പുരി ജഗന്നാഥിന് പുതിയ സിനിമ വാഗ്ദാനം ചെയ്ത് വിജയ് സേതുപതി. പുരിയുടെ പുതിയ തിരക്കഥ വിജയ് സേതുപതിയെ ആവേശം കൊള്ളിച്ചുവെന്നും റിപ്പോർട്ടുകൾ.

ഹൈദരാബാദ്: ഒരു കാലത്ത് തെലുങ്കിലെ സൂപ്പര്‍ സംവിധായകനായിരുന്നു പുരി ജഗന്നാഥ്. എന്നാല്‍ ലൈഗര്‍, ഡബിള്‍ ഐ സ്മാര്‍ട്ട് പോലുള്ള വന്‍ ബജറ്റില്‍ എത്തിയ ചിത്രങ്ങളുടെ വന്‍ പരാജയം സംവിധായകന് അത്ര നല്ല കാലമല്ല എന്നത് സിനിമ ലോകത്ത് ചര്‍ച്ചയാക്കി. എങ്കിലും താരം പുതിയ ചിത്രത്തിന്‍റെ പണിപ്പുരയിലാണ് എന്നാണ് വിവരം. 

സമീപ മാസങ്ങളിൽ നാല് തിരക്കഥകൾ എഴുതിയ പുരി ഇതുമായി പ്രമുഖരായ തെന്നിന്ത്യന്‍ താരങ്ങളെ കണ്ടുവെന്നാണ് വിവരം. ഇപ്പോള്‍ വരുന്ന അഭ്യൂഹങ്ങള്‍ ശരിയാണെങ്കില്‍ പരാജയത്തിന്‍റെ പടുകുഴിയില്‍ കിടക്കുന്ന പുരി ജഗന്നാഥിന് കൈ കൊടുക്കാന്‍ ഒരുങ്ങുകയാണ് വിജയ് സേതുപതി. വിജയ് സേതുപതിയോട് പുരി പറഞ്ഞ കഥ അദ്ദേഹത്തെ ആവേശഭരിതനാക്കി എന്നാണ് തെലുങ്ക് 360 റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ചിത്രത്തിന് വിജയ് സേതുപതി ഡേറ്റ് നല്‍കിയെന്നാണ് വിവരം. എന്തായാലും ചിത്രത്തിലെ കാസ്റ്റിംഗ് അണിയറപ്രവർത്തകര്‍ ബജറ്റ് എന്നിവയെക്കുറിച്ച് ചര്‍ച്ച ആരംഭിച്ചുവെന്നാണ് വിവരം. കെവിപി പ്രൊഡക്ഷൻസ് ഈ പുത്തന്‍ കോമ്പോയുടെ ചിത്രം നിർമ്മിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഈ വർഷം ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനമെന്നും. ചിത്രം തെലുങ്ക്, തമിഴ് ഭാഷകളിൽ നിർമ്മിക്കുമെന്നുമാണ് വിവരം. അതേ സമയം ചിത്രം പുരിയുടെ പതിവ് ആക്ഷന്‍ മസാല പടം ആണോ അല്ല വ്യത്യസ്തമായ ചിത്രമാണോ എന്ന് വ്യക്തമല്ല. 

വിടുതലെ പാര്‍ട്ട് 2 എന്ന വെട്രിമാരന്‍ ചിത്രത്തിലാണ് വിജയ് സേതുപതി അവസാനം അഭിനയിച്ചത്. അതിന് ശേഷം ഏസ് എന്ന തമിഴ് ചിത്രമാണ് താരത്തിന്‍റെതായി അടുത്തതായി റിലീസ് ചെയ്യാനുള്ളത്. ചിത്രം അടുത്ത മാസം തീയറ്ററില്‍ എത്തും എന്നാണ് സൂചന. 

96 വിജയ് സേതുപതി അല്ല മറ്റൊരു നടനെ നായകനാക്കി എടുക്കാന്‍ ഉദ്ദേശിച്ച പടം; വെളിപ്പെടുത്തി സംവിധായകന്‍

മക്കൾ സെൽവൻ ഇനി ബോൾഡ് കണ്ണൻ; മാസാകാൻ വിജയ് സേതുപതിയുടെ 'എയ്‌സ്'