പുഷ്പ 2: ദി റൂളിന്റെ റീലോഡഡ് പതിപ്പ് 20 മിനിറ്റ് അധിക ഫൂട്ടേജുമായി തിയേറ്ററുകളിൽ എത്തി. ജപ്പാനിലേക്കുള്ള പുഷ്പയുടെ ദൗത്യം, കുടുംബബന്ധങ്ങൾ, ആക്ഷൻ രംഗങ്ങൾ എന്നിവയാണ് പുതിയ കൂട്ടിച്ചേർക്കലുകൾ.
മുംബൈ: പുഷ്പ 2: ദി റൂൾ കണ്ടുകഴിഞ്ഞ എല്ലാ അല്ലു അർജുൻ ആരാധകർക്കും, തിയേറ്ററുകളിലേക്ക് വീണ്ടും മടങ്ങിയെത്താന്‍ സമയമായിരിക്കുകയാണ്. 20 മിനിറ്റ് അധിക ഫൂട്ടേജുകളുള്ള ചിത്രത്തിന്‍റെ "റീലോഡഡ്" പതിപ്പ് കഴിഞ്ഞ ദിവസമാണ് പ്രദര്‍ശനത്തിന് എത്തിയത്.
അല്ലു അർജുൻ തന്നെയാണ് രണ്ട് ദിവസം മുന്‍പ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ റീലോഡഡ് പ്രഖ്യാപനം നടത്തിയത്. പുഷ്പ രാജിന്‍റെ ഒരു ചിത്രം പങ്കുവച്ചാണ്. “ഇന്ന് മുതൽ നിങ്ങൾക്കായി പുഷ്പ 2 റീലോഡഡ് പതിപ്പ് എത്തുന്നു. ഇതിലൂടെ നിങ്ങൾക്കെല്ലാവർക്കും ഒരു പുതിയ അനുഭവം ഉണ്ടാകും" എന്നാണ് അല്ലു എഴുതിയത്.
കരുതിയത് പോലെ കൂടുതല്‍ ഫൂട്ടേജുമായാണ് അല്ലു ചിത്രം റീലോഡഡ് പതിപ്പായി എത്തിയത് എന്നാണ് വിവരം. പ്രധാനമായും കൂട്ടിച്ചേര്‍ത്ത ദൃശ്യങ്ങള്‍ ഇവയാണ്.
ജാപ്പനീസ് കള്ളക്കടത്തുകാരുമായുള്ള പോരാട്ടത്തിന് ശേഷം കടലില്‍ വീഴുന്ന പുഷ്പ ഓര്‍ക്കുന്ന ചെറുപ്പകാലത്തെ രംഗത്തില്‍ കൂടുതല്‍ ദൃശ്യങ്ങള്‍ വന്നിട്ടുണ്ട്. മംഗളം ശ്രീനുവുമായുള്ള പുഷ്പയുടെ നേരത്തെ ഏറ്റുമുട്ടലിന്‍റെ ഒരു ചെറിയ ഫ്ലാഷ്ബാക്ക് ഇന്‍റര്‍വെല്‍ സീക്വൻസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശ്രീനുവും എസ്.പി ഷെഖാവത്തും തമ്മിലുള്ള ഒരു രംഗവും ചേര്‍ത്തിട്ടുണ്ട്.
ഫഹദ് അവതരിപ്പിക്കുന്ന എസ്.പി ഷെഖാവത്ത് പുഷ്പയുടെ അന്താരാഷ്ട്ര കള്ളക്കടത്ത് ബന്ധങ്ങള്‍ കണ്ടെത്തുന്ന രംഗങ്ങള്‍ സിനിമയില്‍ ചേര്‍ത്തിട്ടുണ്ട്. അല്ലു റാം റാവുവിന്‍റെ കഥാപാത്രത്തിന് തന്‍റെ ചന്ദനം സൂക്ഷിച്ച ഇടം കാണിച്ചുകൊടുക്കുന്നതും സിന്തിക്കേറ്റിലെ അധികാര തര്‍ക്ക രംഗങ്ങളും പുതുതായി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
ജപ്പാനിലേക്കുള്ള പുഷ്പയുടെ ധീരമായ ദൗത്യമാണ് ഏറ്റവും ആവേശകരമായ കൂട്ടിച്ചേർക്കലുകളിൽ ഒന്ന്. ഒരു ചുവന്ന ചന്ദനം കയറ്റുമതിയുടെ പണം കിട്ടത്തപ്പോള്‍ പുഷ്പ ഒരു കണ്ടെയ്‌നറിൽ സൂക്ഷിച്ച് ജപ്പാനിലേക്ക് അന്വേഷണത്തിനായി പോകുന്നു.
ജപ്പാനിൽ, പ്രധാന കള്ളക്കടത്തുകാരനായ ഹിരോഷിയെ കണ്ടുമുട്ടുകയും വിപ്ലവകരമായ ഇടപാട് രീതിയായ പുഷ്പ മണി എന്ന ആശയം അവതരിപ്പിക്കുകയും ചെയ്യുന്നു. ഈ സീക്വൻസ് സിനിമയുടെ പ്രാരംഭ സീനുമായി ബന്ധിപ്പിക്കുകയും അന്താരാഷ്ട്ര കള്ളക്കടത്ത് ശൃംഖലയുമായി ബന്ധപ്പെടാനുള്ള പുഷ്പയുടെ മിടുക്ക് എടുത്തുകാണിക്കുകയും ചെയ്യുന്നു.
ജക്ക റെഡ്ഡിയുടെ മരണശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ പുഷ്പ ജൽ റെഡ്ഡിയെ കണ്ടുമുട്ടുന്നു. ശരീരം തളര്‍ന്നിരിക്കുന്ന ജൽ റെഡ്ഡിക്ക് പുഷ്പ ഒരു അവസരം നല്‍കുന്ന ഒന്നിച്ച് നില്‍ക്കാം അല്ലെങ്കിൽ അവനെ കൊല്ലുക. ജൽ റെഡ്ഡി പുഷ്പയെ കൊല്ലാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുന്നു.
കാവേരിയുടെ വിവാഹ വേളയിൽ, പുഷ്പയുടെ സഹോദരൻ അജയ് വർഷങ്ങൾക്ക് മുമ്പ് പുഷ്പയിൽ നിന്ന് എടുത്ത കുട്ടിക്കാലത്തെ ലോക്കറ്റ് തിരികെ നൽകുന്നു. ഈ വൈകാരിക നിമിഷം ദീർഘകാലമായി നിലനിൽക്കുന്ന കുടുംബ പ്രശ്നം തീരുന്നു.
ഇതിനൊപ്പം ടിവി ദൃശ്യങ്ങള്‍ അടക്കം പല രംഗങ്ങളും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഒപ്പം പുതിയ രംഗങ്ങള്‍ പലയിടത്തും ചിത്രത്തിലെ കഥാപാത്രങ്ങളുടെ ആര്‍ക്ക് നന്നായി വര്‍ദ്ധിപ്പിച്ചുവെന്നാണ് അഭിപ്രായം എക്സിലും മറ്റും വരുന്നത്.
'പുഷ്പ 2' ഷോക്കിടെ യുവതി മരിച്ച സംഭവം: അല്ലു അര്‍ജുന് കോടതിയില്‍ നിന്ന് വലിയ ആശ്വാസം!
