ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍റെ ജീവിതം പറഞ്ഞ ചിത്രത്തിന്‍റെ രചനയും ഒപ്പം കേന്ദ്ര കഥാപാത്രമായ നമ്പി നാരായണനെ അവതരിപ്പിച്ചതും മാധവന്‍ ആയിരുന്നു

കരിയറില്‍ ആദ്യമായി സംവിധാനം ചെയ്‍ത ചിത്രം പ്രേക്ഷകാംഗീകാരം നേടിയതിന്‍റെ ആഹ്ലാദത്തിലാണ് ആര്‍ മാധവന്‍ (R Madhavan). ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രകടനം നടത്തിയിരുന്നു. ബഹിരാകാശ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍റെ ജീവിതം പറഞ്ഞ റോക്കട്രിയുടെ (Rocketry) രചനയും ഒപ്പം കേന്ദ്ര കഥാപാത്രമായ നമ്പി നാരായണനെ അവതരിപ്പിച്ചതും മാധവന്‍ ആയിരുന്നു. ഇപ്പോഴിതാ തമിഴ് സൂപ്പര്‍ താരം രജനീകാന്തിന്‍റെ അഭിനന്ദനം ഏറ്റുവാങ്ങിയിരിക്കുകയാണ് മാധവന്‍. നമ്പി നാരായണനൊപ്പമാണ് മാധവന്‍ രജനീകാന്തിനെ സന്ദര്‍ശിച്ചത്. ഇതിന്‍റെ വീഡിയോ മാധവന്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു.

നമ്പി നാരായണന്‍റെ സാന്നിധ്യത്തില്‍ രജനികാന്ത് എന്ന ഇതിഹാസത്തില്‍ നിന്നും അനുഗ്രഹം നേടുക. ഇത് അനശ്വരതയിലേക്ക് ആലേഖനം ചെയ്യപ്പെടുന്ന ഒരു നിമിഷമാണ്. താങ്കളുടെ അനുകമ്പയുള്ള വാക്കുകള്‍ക്ക് നന്ദി, വീഡിയോയ്ക്കൊപ്പം മാധവന്‍ ട്വിറ്ററില്‍ കുറിച്ചു. നേരത്തെ ചിത്രത്തിന്‍റെ വിജയം ആഘോഷിക്കാന്‍ നമ്പി നാരായണന്‍റെ തിരുവനന്തപുരത്തെ വീട്ടിലെത്തിയിരുന്നു മാധവന്‍. നമ്പി നാരായണനും ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ഡോ. വര്‍ഗീസ് മൂലനുമൊപ്പം കേക്ക് മുറിച്ചാണ് മാധവന്‍ ചിത്രം നേടിയ വിജയത്തിന്‍റെ സന്തോഷം പങ്കുവച്ചത്. ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്‍റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ, 27 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയില്‍ കടന്നുവരുന്നത്. വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്ക് ഓവറുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. 75-ാമത് കാന്‍ ചലച്ചിത്രോത്സവത്തിലും ചിത്രം കൈയടി നേടിയിരുന്നു.

Scroll to load tweet…

ആറ് രാജ്യങ്ങളിലധികം ഷൂട്ടിംഗ് നടന്ന ചിത്രം 2020ല്‍ റിലീസ് ചെയ്യേണ്ടിയിരുന്നതാണ്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് നീട്ടുകയായിരുന്നു. മലയാളി സംവിധായകന്‍ പ്രജേഷ് സെന്‍ ചിത്രത്തിന്‍റെ കോ-ഡയറക്ടര്‍ ആയിരുന്നു. ശ്രീഷ റായ് ആണ് ഛായാഗ്രഹണം നിര്‍വ്വബിച്ചത്. എഡിറ്റിംഗ് ബിജിത്ത് ബാല. സംഗീതം സാം സി എസ്. ട്രൈ കളര്‍ ഫിലിംസ്, വര്‍ഗീസ് മൂലന്‍ പിക്ചേഴ്സ് എന്നീ ബാനറുകളില്‍ മാധവനും ഡോ. വര്‍ഗീസ് മൂലനും ഒപ്പം ഹോളിവുഡ് പ്രൊഡക്ഷൻ കമ്പനിയായ 27ത്ത് ഇൻവെസ്റ്റ്മെന്റ്സും ചേര്‍ന്നായിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം.

ALSO READ : അനുരാഗ് കശ്യപ് ചിത്രത്തില്‍ സണ്ണി ലിയോണ്‍; സ്വപ്‍നം യാഥാര്‍ഥ്യമായെന്ന് സണ്ണി