75-ാം വയസ്സിലും രജനികാന്തിന്റെ സ്വാഗാണ് കൂലിയുടെ പ്രധാന ആകർഷണം. 

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആദ്യ ദിനം പ്രേക്ഷകരിൽ നിന്ന് സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. പ്രതീക്ഷിച്ചത് പോലെ തന്നെ രജനിയെ മാസായി സ്‌ക്രീനിൽ എത്തിക്കാൻ ലോകേഷിന് സാധിച്ചെന്നാണ് ഭൂരിഭാഗം ആളുകളും പറയുന്നത്. അനിരുദ്ധിന്റെ ബിജിഎം കൂടി എത്തുന്നതോടെ സ്ക്രീൻ തീയായി മാറിയെന്ന് ആരാധകര്‍ പറയുന്നു.

രജനികാന്തിന്റെ ആരാധകരെ തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അതേസമയം, ലോകേഷ് കനകരാജ് എന്ന സംവിധായകന്റെ ആരാധകര്‍ അത്ര തൃപ്തരല്ലെന്നാണ് പ്രേക്ഷകരുടെ അഭിപ്രായത്തിൽ നിന്ന് വ്യക്തമാകുന്നത്. ലോകേഷിന്റെ സംവിധാനത്തിലെത്തിയ വിക്രം എന്ന സിനിമയുടെ അടുത്ത് പോലും എത്താൻ കൂലിയ്ക്ക് കഴിഞ്ഞില്ലെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ലോകേഷിന്റെ യൂണിവേഴ്സിൽ പെടാത്ത ചിത്രമായതിനാൽ കൈതി, വിക്രം സിനിമകളിലെ ഒരു പുതുമയും കൂലിയ്ക്ക് അവകാശപ്പെടാൻ കഴിയുന്നില്ല എന്നത് തന്നെയാണ് പ്രധാന പോരായ്മ. ഫസ്റ്റ് ഹാഫ് പ്രതീക്ഷ നൽകിയെങ്കിലും രണ്ടാം പകുതി പ്രേക്ഷകരെ നിരാശപ്പെടുത്തുന്നു.

രജനികാന്തിന്റെ പ്രകടനം പ്രതീക്ഷിച്ചത് പോലെ തന്നെ മികവുറ്റതായെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. സമീപകാലത്ത് കണ്ടതിൽ രജനിയുടെ ഏറ്റവും യുവത്വം തോന്നിക്കുന്ന ലുക്ക് കൂലിയിലാണെന്നാണ് ആരാധകരുടെ അഭിപ്രായം. രജനിയുടെ ലുക്കിലും വര്‍ക്കിലും സ്റ്റൈലിലും സ്വാഗിലും ഒരു കുറവും സംഭവിച്ചിട്ടില്ല. രജനിക്കൊപ്പം തന്നെ നാഗാര്‍ജുനയുടെയും സൗബിന്റെയും പ്രകടനം കയ്യടി നേടുന്നുണ്ട്. സത്യരാജും ഉപേന്ദ്രയും ആമിര്‍ ഖാനും കൂടി എത്തുന്നതോടെ തിയേറ്റര്‍ സ്ക്രീനുകൾ താരസമ്പന്നമാകുന്നു. കൂലിയിലെ എടുത്തുപറയേണ്ട ഘടകം സൗബിൻ ഷാഹിറിന്റെ മുഴുനീള കഥാപാത്രമാണ്. കലാഭവൻ മണിക്കും വിനായകനും ശേഷം തമിഴകത്ത് ഒരു മലയാളിയുടെ തട്ടുപൊളിപ്പൻ പ്രകടനം.

കൂലി ഇറങ്ങുമ്പോൾ തെന്നിന്ത്യൻ സിനിമാ ലോകവും ബോളിവുഡും ഒരുപോലെ കാത്തിരുന്നത് ആമിര്‍ ഖാന്‍റെ പ്രകടനത്തിനാണ്. ആമിറിന്റെ ഇൻട്രോയും ലുക്കും ടൈമിംഗുമെല്ലാം പ്രതീക്ഷ കാത്തിട്ടുണ്ട്. എന്നാൽ, ആമിറിനെ പോലെയൊരു വമ്പൻ താരത്തെ ചിത്രത്തിൽ കാര്യമായി ഉപയോഗിച്ചിട്ടില്ലെന്ന് തന്നെ പറയാം. ലോകേഷ് പടം കാണാൻ പോകുന്നവര്‍ ഒരുപക്ഷേ നിരാശരായേക്കാം, എന്നാൽ ഒരു രജനിപ്പടം കാണാനാണ് ടിക്കറ്റ് എടുക്കുന്നതെങ്കിൽ കൂലി നിരാശപ്പെടുത്തില്ല. സമ്മിശ്ര പ്രതികരണങ്ങൾ മറികടന്ന് കൂലി ബോക്സ് ഓഫീസ് കുലുക്കുമോ എന്ന് കാത്തിരുന്ന് കാണാം.