26 വര്‍ഷങ്ങള്‍ക്കിപ്പുറം രജനികാന്തിന്‍റെ ബ്ലോക് ബസ്റ്റര്‍ ചിത്രം വീണ്ടും തിയറ്ററുകളിലേക്ക്.
ചില സിനിമകൾ അങ്ങനെയാണ് കാലമെത്ര കഴിഞ്ഞാലും പ്രേക്ഷക മനസിലങ്ങനെ നിറഞ്ഞു നിൽക്കും. ആ പടത്തിലെ കഥാപാത്രങ്ങളും ഡയലോഗുകളും അവരുടെ മനസിൽ മനഃപാഠമാകും. ടിവിയിൽ സംപ്രേഷണം ചെയ്യുമ്പോൾ പുതിയൊരു സിനിമ കാണുന്ന അതേ ആവേശത്തോടെ വീണ്ടും വീണ്ടും കാണും. അക്കൂട്ടത്തിലെ ബ്ലോക് ബസ്റ്റർ ചിത്രമാണ് പടയപ്പ. രജനികാന്ത് നായകനായി എത്തിയ ചിത്രത്തിലെ രമ്യ കൃഷ്ണനുമായുള്ള കോമ്പോയ്ക്ക് ഇന്നും ആരാധകർ ഏറെയാണ്. കാലങ്ങൾക്കിപ്പുറം പടയപ്പ വീണ്ടും തിയറ്ററിൽ എത്താൻ പോകുന്നുവെന്ന വിവരം പുറത്തുവരികയാണ്.
പടയപ്പ ഡിസംബർ 12ന് പുത്തൻ സാങ്കേതിക മികവിൽ റീ റിലീസ് ചെയ്യും. ട്രേഡ് അനലിസ്റ്റായ ശ്രീധർ പിള്ളയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ആഗോള റീ റിലീസാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. രജനികാന്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് റീ റിലീസ്. 2017ൽ തെരഞ്ഞെടുക്കപ്പെട്ട ഏതാനും തിയറ്ററുകളിൽ പടയപ്പ റീ റിലീസ് ചെയ്തിരുന്നു. അന്ന് ഡിസംബർ 11ന് ആയിരുന്നു റിലീസ്.
കെ.എസ്. രവികുമാറിന്റെ സംവിധാനത്തിൽ 1999ൽ റിലീസ് ചെയ്ത ചിത്രമാണ് പടയപ്പ. ആക്ഷനും ഇമോഷനും മാസും എല്ലാം കോർത്തിണക്കിയ ചിത്രത്തിലെ പ്രധാന ഹൈലൈറ്റ് രമ്യാ കൃഷ്ണന്റെ നിലാംബരി എന്ന കഥാപാത്രവും രജനികാന്തിന്റെ പടയപ്പ എന്ന വേഷവുമാണ്. ഇരുവരും ഒന്നിച്ചെത്തിയ സീനുകളും ഡയലോഗുകളും ഇന്നും വൻ ഹിറ്റാണ്. രജനിസത്തിന്‍റെ പീക്ക് ലെവൽ കണ്ട ചിത്രം 26 വർഷമാകുമ്പോഴാണ് വീണ്ടും തിയറ്ററിലേക്ക് എത്തുന്നത്. രജനീകാന്തിനൊപ്പം സൗന്ദര്യ, രമ്യ കൃഷ്ണൻ, ശിവാജി ഗണേശൻ, നാസർ, ലക്ഷ്മി, എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.
ബോക്സ് ഓഫീസ്
ഇതിനിടെ പടയപ്പയുടെ ബോക്സ് ഓഫീസ് വിവരങ്ങളും പുറത്തുവരികയാണ്. പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം 50കോടിയോളം രൂപയാണ് അന്ന് പടയപ്പ നേടിയത്. ഇന്നത് നൂറ് കോടിയില്‍ അധികം വാല്യുവരുമെന്നും ഇവർ പറയുന്നുണ്ട്.



