സിനിമാ രംഗത്ത് 50 വർഷങ്ങൾ പൂർത്തിയാക്കിയ രജനികാന്തിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം അഭിനന്ദിച്ചിരുന്നു.
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി പറഞ്ഞ് നടൻ രജനികാന്ത്. സിനിമാ രംഗത്ത് 50 വർഷങ്ങൾ പൂർത്തിയാക്കിയ രജനികാന്തിനെ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം അഭിനന്ദിച്ചിരുന്നു. രജനികാന്തിന്റെ സിനിമാ യാത്രയും പ്രേക്ഷകരിൽ തലമുറകളായി അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ചെലുത്തിയ സ്വാധീനവും എടുത്തുപറഞ്ഞുകൊണ്ടായിരുന്നു മോദിയുടെ അഭിനന്ദനം. വരും കാലങ്ങളിൽ അദ്ദേഹത്തിന് തുടർച്ചയായ വിജയവും നല്ല ആരോഗ്യവും ഉണ്ടാകട്ടെ എന്നും മോദി ആശംസിച്ചു. രജനികാന്തിനൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു. ഇതിന് ട്വിറ്ററിലൂടെയാണ് രജനികാന്ത് നന്ദി പറഞ്ഞിരിക്കുന്നത്.
‘ബഹുമാനപ്പെട്ട മോദി ജി, താങ്കളുടെ ഊഷ്മളമായ ആശംസകൾക്ക് ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്. വളരെക്കാലമായി ഞാൻ ഏറ്റവും ബഹുമാനിക്കുന്ന ഒരു നേതാവിൽ നിന്ന് അവ സ്വീകരിക്കുന്നത് ശരിക്കും ഒരു ബഹുമതിയാണ്. താങ്കളുടെ നല്ല വാക്കുകൾക്ക് നന്ദി. ജയ് ഹിന്ദ്.’ രജനീകാന്ത് ട്വിറ്ററിൽ കുറിച്ചു.
തമിഴകത്തും ഇന്ത്യൻ സിനിമയിലും ഏറ്റവും ആഘോഷിക്കപ്പെടുന്ന താരങ്ങളിൽ ഒരാളാണ് രജനികാന്ത്. 1975-ൽ കെ. ബാലചന്ദർ സംവിധാനം ചെയ്ത ‘അപൂർവ്വ രാഗങ്ങൾ’ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു രജനിയുടെ അരങ്ങേറ്റം. പതിറ്റാണ്ടുകളായി, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലായി 170-ലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ഏറെ വ്യത്യസ്തമായ അഭിനയ ശൈലിയും ശക്തമായ സ്ക്രീൻ പ്രസൻസും എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെയും ഒരുപോലെ ആസ്വാദകരാക്കാനുള്ള കഴിവുമാണ് രജനികാന്തിന്റെ സവിശേഷത. ആരാധകർ സ്നേഹപൂർവ്വം 'തലൈവർ' എന്ന് വിളിക്കുന്ന 75 കാരനായ രജനികാന്ത് ബാഷ, എന്തിരൻ, കബാലി, ജയിലർ എന്നിവയുൾപ്പെടെ നിരവധി ബോക്സ് ഓഫീസ് ഹിറ്റുകൾ തമിഴ് സിനിമാ ലോകത്തിന് സമ്മാനിച്ചിട്ടുണ്ട്.


