സൗബിന്‍ ഷാഹിറിനെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ത രോമാഞ്ചത്തിന്‍റെ ഹിന്ദി പതിപ്പായ 'കപ്കപി' ബോക്സോഫീസില്‍ പരാജയമാണ് നേരിടുന്നത്. 

മുംബൈ: മലയാളത്തില്‍ സമീപകാലത്ത് എത്തിയവയില്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നാണ് രോമാഞ്ചം. സൗബിന്‍ ഷാഹിറിനെ നായകനാക്കി ജിത്തു മാധവന്‍ രചനയും സംവിധാനവും ചെയ്ത രോമാഞ്ചം എന്ന ചിത്രത്തിന്‍റെ ഹിന്ദി പതിപ്പാണ് 'കപ്കപി'. 

പ്രശസ്ത സംവിധായകൻ സംഗീത് ശിവനാണ് ചിത്രം ഹിന്ദിയിൽ സംവിധാനം ചെയ്യുന്നത്. ചിത്രം മെയ് 23ന് ചിത്രം തീയറ്ററുകളില്‍ എത്തി. ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ ടീസർ ശ്രദ്ധിക്കപ്പെട്ടിരുന്നു. സീ സ്റ്റുഡിയോസ്, ബ്രാവോ എന്‍റര്‍ടെയ്മെന്‍റ് എന്നീ ബാനറുകളിൽ ജയേഷ് പട്ടേൽ ആണ് ചിത്രം നിർമ്മിക്കുന്നത്.

എന്നാല്‍ ചിത്രം ബോക്സോഫീസില്‍ വന്‍ പരാജയമാണ് നേരിടുന്നത് എന്നാണ് ബോക്സോഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നത്.  ബോളിവുഡ് താരങ്ങളായ ശ്രേയസ് തൽപാഡെ, തുഷാർ കപൂർ, സിബ്ഹി, സോണിയ റാത്തി, വിവേന്ദു ഭട്ടാചാര്യ, സാക്കീർ ഹുസൈൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. 

ചിത്രം നാല് ദിവസം പിന്നിടുമ്പോള്‍ കഷ്ടിച്ച് ഒരു കോടി രൂപ നെറ്റ് കളക്ഷനാണ് നേടിയിരിക്കുന്നത് എന്നാണ് സാക്നില്‍ക്.കോം കണക്കുകള്‍ പറയുന്നത്. 

ആദ്യദിനത്തില്‍ ചിത്രം 0.2 കോടിയാണ് നേടിയത്. കണ്ടാം ദിനത്തില്‍ അത് 30 ലക്ഷമായി. നാലാം ദിനത്തിലും 30 ലക്ഷമാണ് ലഭിച്ചത്. നാലാം ദിനത്തില്‍ തിങ്കളാഴ്ച 19 ലക്ഷമാണ് പടത്തിന് ലഭിച്ചത്. മൊത്തം 99 ലക്ഷമാണ് ഇതുവരെയുള്ള ചിത്രത്തിന്‍റെ നെറ്റ് കളക്ഷന്‍. ഇതില്‍ ഓവര്‍സീസ് കളക്ഷനും ചേര്‍ത്താല്‍ ചിത്രം മൊത്തത്തില്‍ 1.22 കോടി നേടിയെന്നാണ് സാക്നില്‍.കോം പറയുന്നത്. 

അർജുൻ അശോകൻ അവതരിപ്പിച്ച കഥാപാത്രമായി ഹിന്ദിയിൽ എത്തുന്നത് തുഷാർ കപൂറും സൗബിന്റെ വേഷത്തിൽ ശ്രേയസ് തൽപാഡെയുമാണ്. മെഹക്ക് പട്ടേൽ ആണ് ചിത്രത്തിന്‍റെ സഹനിർമ്മാതാവ്. ഛായാഗ്രഹണം: ദീപ് സാവന്ത്, തിരക്കഥ: സൗരഭ് ആനന്ദ് & കുമാർ പ്രിയദർശി, മ്യൂസിക്: അജയ് ജയന്തി, എഡിറ്റർ: ബണ്ടി നാഗി, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.