വിജയേന്ദ്ര പ്രസാദ് തന്നെയാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്
ബിഗ് ബജറ്റ് പ്രോജക്റ്റുകള്‍ രണ്ട് ഭാഗങ്ങളായി ഒരുക്കുന്നത് ഇന്ത്യന്‍ സിനിമയിലെ ട്രെന്‍ഡ് ആണ് ഇപ്പോള്‍. ബാഹുബലി ഫ്രാഞ്ചൈസി നേടിയ വന്‍ വിജയത്തോടെ ആരംഭിച്ച ട്രെന്‍ഡ് ആണ് ഇത്. കെജിഎഫ്, പൊന്നിയിന്‍ സെല്‍വന്‍ ഫ്രാഞ്ചൈസികള്‍ക്ക് പിന്നാലെ പുഷ്പയും മറ്റ് പല പ്രോജക്റ്റുകളും ഇത്തരത്തില്‍ വരാന്‍ പോകുന്നു. വന്‍ വിജയം നേടുന്ന ചിത്രങ്ങള്‍ക്ക് ഒരു രണ്ടാം ഭാഗം വരുമോയെന്ന് ഇന്ത്യന്‍ സിനിമയിലെ പതിവ് ചോദ്യമാണ് ഇപ്പോള്‍. ബാഹുബലി സംവിധായകന്‍ രാജമൌലിയുടെ ആര്‍ആര്‍ആറിനെക്കുറിച്ച് നേരത്തേ ഈ ചോദ്യം ഉയരുന്നുണ്ട്. അച്ഛന്‍ വിജയേന്ദ്ര പ്രസാദ് ചിത്രത്തിന്‍റെ എഴുത്ത് തുടങ്ങിയതായി രാജമൌലി കഴിഞ്ഞ വര്‍ഷാവസാനം തന്നെ പറഞ്ഞിരുന്നു. ഇപ്പോഴിതാ വിജയേന്ദ്ര പ്രസാദും ഈ രണ്ടാം ഭാഗത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ്.
ഒരു തെലുങ്ക് ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിജയേന്ദ്ര പ്രസാദ് ഇതേക്കുറിച്ച് പറയുന്നത്. ആര്‍ആര്‍ആറില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച രാം ചരണും ജൂനിയര്‍ എന്‍ടിആറും രണ്ടാം ഭാഗത്തിലും ഉണ്ടാവുമെന്നും എന്നാല്‍ ആദ്യഭാഗത്തില്‍ പറഞ്ഞ അതേ കഥയുടെ തുടര്‍ച്ചയാവില്ല രണ്ടാം ഭാഗമെന്നും അദ്ദേഹം പറയുന്നു. മറിച്ച് സ്വാതന്ത്ര്യത്തിന് മുന്‍പ് തെലുങ്ക് സംസ്ഥാനങ്ങളില്‍ നടന്ന മറ്റ് ചില സംഭവങ്ങളെ ആസ്പദമാക്കിയാവും ചിത്രം. അതേസമയം ഈ പ്രോജക്റ്റിനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാര്യവും അദ്ദേഹം പറഞ്ഞു. ചിത്രം സംവിധാനം ചെയ്യുക രാജമൌലി ആണോ എന്ന കാര്യത്തില്‍ ഉറപ്പില്ല എന്നതായിരുന്നു അത്.
രാജമൌലി അല്ലെങ്കില്‍ രാജമൌലിയുടെ മേല്‍നോട്ടത്തില്‍ മറ്റൊരാള്‍ എന്നാണ് വിജയേന്ദ്ര പ്രസാദ് പറഞ്ഞിരിക്കുന്നത്. അതേസമയം മഹേഷ് ബാബുവാണ് രാജമൌലിയുടെ പുതിയ ചിത്രത്തിലെ നായകന്‍. അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ഈ ചിത്രം മഹേഷ് ബാബുവിന്‍റെ കരിയറിലെ 29-ാം ചിത്രമാണ്. മഹാഭാരതം പശ്ചാത്തലമാക്കി ഒരു ഫ്രാഞ്ചൈസിയും രാജമൌലിയുടെ ആലോചനയിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
