'വിക്രം വേദ'യുടെ ഹിന്ദി റീമേക്കിലെ സെയ്‍ഫ് അലി ഖാന്റെ ഫസ്റ്റ് ലുക്ക്.

തമിഴിലെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് 'വിക്രം വേധ'. 2017ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം സംവിധാനം ചെയ്‍തത് പുഷ്‍കര്‍- ഗായത്രിയാണ്. പുഷ്‍കര്‍- ഗായത്രിയുടേത് തന്നെയായിരുന്നു ചിത്രത്തിന്റെ തിരക്കഥയും. 'വിക്രം വേധ'യുടെ ഹിന്ദി റിമേക്കിലെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് (Vikram Vedhas first look)പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

സെയ്‍ഫ് അലി ഖാന്റെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്കാണ് പുറത്തുവിട്ടിരിക്കുന്നത്. 'വിക്രം' ആയിട്ടാണ് ഹിന്ദി ചിത്രത്തില്‍ സെയ്‍ഫ് അലി ഖാൻ അഭിനയിക്കുന്നത്. പുഷ്‍കര്‍- ഗായത്രി ദമ്പതികള്‍ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗാങ്‌സ്റ്റര്‍ 'വേദ' ആയി ചിത്രത്തില്‍ അഭിനയിക്കുന്ന ഹൃത്വിക് റോഷന്റെ ലുക്ക് നേരത്തെ പുറത്തുവിട്ടിരുന്നു.

View post on Instagram

എസ് ശശികാന്ത്, ചക്രവര്‍ത്തി രാമചന്ദ്ര, ഭുഷൻ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. വൈനോട്ട് സ്റ്റുഡിയോ, റിലയൻസ് എന്റര്‍ടെയ്‍ൻമെന്റ്, പ്ലാൻ സി സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. കൊവിഡ് 19 കാരണമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് വൈകിയത്. ഷാരൂഖ്, ആമിര്‍ ഖാൻ എന്നിവരെയായിരുന്നു ആദ്യം ആലോച്ചിരുന്നതെങ്കിലും ഒടുവില്‍ 'വേദ'യുടെ വേഷത്തിലേക്ക് ഹൃത്വിക് റോഷൻ എത്തുകയായിരുന്നു.

രാധിക ആംപ്‍തെയാണ് 'വിക്ര'മിന്റെ ഭാര്യയായി ചിത്രത്തില്‍ അഭിനയിക്കുന്നത്. ഷരിബ് ഹാഷ്‍മി, രോഹിത് സറഫ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായുണ്ടാകും. പി എസ് വിനോദാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. റിച്ചാര്‍ഡ് കെവിൻ ചിത്രസംയോജനം നിര്‍വഹിക്കുന്ന ചിത്രം സെപ്റ്റംബര്‍ 30ന് പ്രദര്‍ശനത്തിന് എത്തുമാണ് അറിയിച്ചിരിക്കുന്നത്.

ഹൃത്വിക് റോഷന്റേതായി മറ്റൊരു ചിത്രവും പ്രഖ്യാപിച്ചിട്ടുണ്ട്. ഹൃത്വിക്കിന്റെ 'ഫൈറ്റര്‍' എന്ന ചിത്രത്തിന്റെ റിലീസ് അടുത്ത വര്‍ഷം റിപ്പബ്ലിക് ദിനത്തില്‍ ആയിരിക്കുമെന്നാണ് മുൻകൂട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. 

 ദീപിക പദുക്കോണാണ് 'ഫൈറ്റര്‍' ചിത്രത്തില്‍ നായികയാകുന്നത്. ഹൃത്വിക് റോഷനും ദീപികയും ഇതാദ്യമായിട്ടാണ് ഒരു ചിത്രത്തില്‍ ഒന്നിക്കുന്നത്. സിദ്ധാര്‍ഥ് ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലോകമെമ്പാടുമുള്ള പ്രേക്ഷകരെ മുന്നില്‍ക്കണ്ടുള്ള ബോളിവുഡ് ചിത്രമായിരിക്കും 'ഫൈറ്റര്‍' എന്നാണ് ചലച്ചിത്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന ചിത്രവും ഹൃത്വിക് റോഷന്റെ 'ഫൈററ്ററി'നോട് ഏറ്റുമുട്ടാൻ എത്തും.

രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന ചിത്രം ലവ് രഞ്‍ജൻ ആണ് സംവിധാനം ചെയ്യുന്നത്. രണ്‍ബിര്‍ കപൂര്‍ നായകനാകുനന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ഹൃത്വിക് റോഷന്റേയും രണ്‍ബിര്‍ കപൂറിന്റെയും ചിത്രം ഒരേദിവസം റിലീസ് ചെയ്യുമ്പോള്‍ ആര്‍ക്കാകും വിജയം എന്ന് കാത്തിരുന്ന് കാണണം.രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന ചിത്രത്തില്‍ ശ്രദ്ധ കപൂറാണ് നായിക. 

വൈകോം 18 സ്റ്റുഡിയോസ്, മംമ്‍ത ആനന്ദ്, രാമണ്‍, ചിബ്ബ്, അങ്കു പാണ്ഡെ എന്നിവരാണ് 'ഫൈറ്റര്‍' നിര്‍മിക്കുന്നത്. 'വാര്‍' എന്ന ചിത്രത്തിന് ശേഷം സിദ്ധാര്‍ഥ് ആനന്ദും ഹൃത്വിക് റോഷനും ഒന്നിക്കുകയാണ് 'ഫൈറ്റര്‍'. 'വാര്‍' എന്ന ചിത്രം വൻ വിജയമായി മാറുകയും ചെയ്‍തിരുന്നു. ഹൃത്വിക് റോഷന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയതും 'വാര്‍' ആയിരുന്നു.