"കടം സ്റ്റാറെന്നോ, പ്രാരാബ്ധം സ്റ്റാറെന്നോ ഒക്കെ അവര്‍ പറയുന്നുണ്ട്"
സിനിമാ പ്രൊമോഷനുവേണ്ടി കൌതുകമുണര്‍ത്തുന്ന പല പുതിയ രീതികളും അണിയറക്കാര്‍ പരീക്ഷിക്കാറുണ്ട്. ഇപ്പോഴിതാ പാപ്പച്ചന്‍ ഒളിവിലാണ് എന്ന ചിത്രത്തിന്‍റെ പ്രൊമോഷനുവേണ്ടി ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച സൈജു കുറുപ്പ് നടത്തിയ ഫേബ്സുക്ക് ലൈവ് സിനിമാപ്രേമികള്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ്. കടം സ്റ്റാര്‍, പ്രാരാബ്ധം സ്റ്റാര്‍ തുടങ്ങിയ തന്‍റെ ഓണ്‍സ്ക്രീന്‍ ഇമേജുകളുമായി ബന്ധിപ്പിച്ച് ചെറിയ സമയത്തിലാണ് രസകരമായ ഫേസ്ബുക്ക് ലൈവ് സൈജു ചെയ്തത്. സിനിമയുടെ റിലീസിന് മുന്നോടിയായി ആയിരുന്നു ഇത്. ലൈവില്‍ സൈജു പറഞ്ഞത് ഇങ്ങനെ..
"ഇവിടെ എന്നെപ്പറ്റി ഒരുപാട് ആരോപണങ്ങള്‍ വരുന്നുണ്ട്. നാട്ടുകാര്‍ വെറുതെ ഇങ്ങനെ ഓരോന്ന് പറയുകയാണ്, എന്തിനാണെന്നറിയില്ല. ഞാനെന്തോ നാട്ടുകാരുടെ കൈയ്യിൽ നിന്ന് കടം മേടിച്ചിട്ട് മുങ്ങി നടക്കുകയാണെന്ന് പറഞ്ഞുകൊണ്ട് നടക്കുകയാണ്. ഞാൻ ഒളിവിലാണെന്നോ അങ്ങനെ എന്തൊക്കെയോ പറയുന്നുണ്ട്. എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നത്? പിന്നെന്തോ കടം സ്റ്റാറെന്നോ, പ്രാരാബ്ധം സ്റ്റാറെന്നോ ഒക്കെ പറയുന്നുണ്ട്. കാശ് മേടിച്ച് ഒളിവിൽ പോയെന്നോ, കാശ് കൊടുക്കാൻ വയ്യാത്തതു കൊണ്ടെന്നോ ഒക്കെ പറയുന്നുണ്ട്. ഇതിലൊന്നും സത്യമില്ല. ഇതിൽ ആകെ സത്യമുള്ളത്, ഞാൻ ഒളിവിലായിരുന്നു. ഞാനെന്തിനാണ് ഒളിവിൽ പോയത്, ആരെ പേടിച്ചിട്ടാണ്. ഇത് ഞാൻ ഉടനെ ലൈവിൽ വന്ന് പറയുന്നതായിരിക്കും. പക്ഷ ഇപ്പോള്‍ തൽക്കാലം എനിക്ക് സാമ്പത്തിക പ്രതിസന്ധിയൊന്നുമില്ല. ഞാൻ നമ്മുടെ കാഞ്ഞിരപ്പള്ളിയിലെ എസ്റ്റേറ്റൊക്കെ വിറ്റിട്ട് പടം നിര്‍മ്മിക്കാൻ നോക്കുന്നയാളാണ്. അപ്പോള്‍ അങ്ങനെത്തെ പ്രശ്നമൊന്നുമില്ല, കടമൊന്നും ഞാൻ മേടിച്ചിട്ടില്ല. പക്ഷേ ഞാൻ എന്തിനാണ് ഒളിവിൽ പോയത്. അത് ഞാൻ ഉടനെ ക്ലിയറാക്കി എന്‍റെ ഫേസ്ബുക്ക് സുഹൃത്തുക്കളോട് പറയുന്നതായിരിക്കും", ലൈവിൽ സൈജു കുറുപ്പ് പറഞ്ഞു. ഫേസ്ബുക്ക് ലൈവിന്‍റെ സമയം നേരത്തെ അറിയിച്ചിരുന്ന പോസ്റ്റില്‍ സിനിമയുടെ പേരും സൈജു കുറിച്ചിരുന്നു.
തോമസ് തിരുവല്ല ഫിലിംസിന്‍റെ ബാനറിൽ തോമസ് തിരുവല്ല നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ സൈജു കുറുപ്പ് നായകനായെത്തുമ്പോള്‍ ശ്രിന്ദ, ദർശന എന്നിവരാണ് നായികമാര്‍. ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് സിന്‍റോ സണ്ണിയാണ്. അജു വർഗീസ്, വിജയരാഘവൻ, ജഗദീഷ്, ജോണി ആൻ്റണി, ശിവജി ഗുരുവായൂർ, കോട്ടയം നസീർ, ജോളി ചിറയത്ത്, വീണ നായർ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്.
