സജി നന്ത്യാട്ടിനെതിരായ പരാതിയ്ക്ക് പിന്നിൽ മറ്റ് ഉദ്ദേശങ്ങളില്ലെന്ന് പരാതിക്കാരനായ മനോജ് രാംസിങ്.
കൊച്ചി: സജി നന്ത്യാട്ടിനെതിരായ പരാതിയ്ക്ക് പിന്നിൽ മറ്റ് ഉദ്ദേശങ്ങളില്ലെന്ന് പരാതി നൽകിയ മനോജ് രാംസിങ് ഏഷ്യനെറ്റ് ന്യൂസിനോട്. കഴിഞ്ഞ 17നാണ് പരാതി നൽകിയത്. തെറ്റായ രേഖകൾ വഴിയാണ് ഫിലിം ചേമ്പറിൽ ഡിസ്ട്രിബ്യൂട്ടർ എന്ന നിലയിൽ സജി അംഗത്വം നേടിയത്. സജി ഡിസ്ട്രിബ്യൂഷൻ ചെയ്തിട്ടില്ലെന്നും ഡിസ്ട്രിബ്യൂട്ടർ വിഭാഗത്തിൽ നിന്നുള്ളയാൾക്കാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനാകുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ജനറൽ സെക്രട്ടറി എന്ന അധികാരം ദുർവിനിയോഗം ചെയ്താണ് ഡിസ്ട്രിബ്യൂട്ടർ എന്ന നിലയിൽ സജി അംഗത്വം നേടിയതെന്ന് മനോജ് രാംസിങ് ആരോപിച്ചു. ഇതിനായി സജി അധികാരം ദുർവിനിയോഗം ചെയ്തു. പരാതി ശരിയെന്ന് ബോധ്യപ്പെട്ടത് കൊണ്ടാണ് സജിയുടെ അംഗത്വം റദ്ദാക്കിയത്. മറ്റാർക്കും പരാതിയിൽ പങ്കില്ല. ഈ വിഷയത്തിൽ ഗൂഢാലോചനയും നടന്നിട്ടില്ല. അംഗത്വം റദ്ദായത്തിന് ശേഷം സജി നേരിട്ട് വിളിച്ചിരുന്നു. നിങ്ങൾ കാരണം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനായില്ലെന്ന് പറഞ്ഞെന്നും ബൈ ലോ പ്രകാരം സാന്ദ്ര തോമസിന് മത്സരിക്കാമെന്നും മനോജ് രാംസിംഗ് കൂട്ടിച്ചേർത്തു.
