കെബിസി അവതാരക സ്ഥാനത്ത് നിന്ന് അമിതാഭ് ബച്ചൻ പിന്മാറുമെന്ന റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ, സോണി ടിവി ഈ വാർത്ത നിഷേധിച്ചിട്ടുണ്ട്. പുതിയ സീസണിൽ ബിഗ് ബി തന്നെ അവതാരകനാകുമെന്നാണ് സൂചന.

മുംബൈ: ഇന്ത്യൻ ടെലിവിഷനിൽ പരിപാടികളില്‍ വന്‍ ജനപ്രീതി നേടിയ പരിപാടിയാണ് ബോളിവുഡിന്‍റെ ബിഗ് ബി അമിതാഭ് ബച്ചൻ രണ്ട് പതിറ്റാണ്ടിലേറെയായി അവതരിപ്പിച്ച കോന്‍ ബനേഗ ക്രോർപതി (കെബിസി) എന്ന ക്വിസ് ഷോ. 

കഴിഞ്ഞ ദിവസമാണ് ബിഗ് ബി ഈ ഷോയുടെ അവതാരക സ്ഥാനത്ത് നിന്ന് പിന്മാറുന്നതായാണ് റിപ്പോർട്ട് വരുന്നത്. 2000 ൽ ആരംഭിച്ചതിനുശേഷം, ഷാരൂഖ് ഖാൻ അവതാരകനായ മൂന്നാം സീസൺ ഒഴികെ, ബിഗ് ബി കെബിസിയുടെ മുഖമായിരുന്നു. 

എന്നിരുന്നാലും, വ്യക്തിപരമായ കാരണങ്ങളാൽ 81 കാരനായ മെഗാസ്റ്റാർ ഷോയിൽ നിന്ന് പിന്‍വാങ്ങുമെന്നാണ് ഹോളിവുഡ് ഹംഗാമയുടെ എക്സ്ക്യൂസീവ് റിപ്പോര്‍ട്ട് പറയുന്നത്. അമിതാഭിന് പകരം സല്‍മാന്‍ ഖാനുമായി സോണി ടിവി ചര്‍ച്ച ആരംഭിച്ചെന്നും റിപ്പോര്‍ട്ട് പറഞ്ഞിരുന്നു. 

എന്തായാലും കെബിസി പ്രഷേപണം ചെയ്യുന്ന സോണി ടിവി ഇതുവരെ പുതിയ റിപ്പോര്‍ട്ടില്‍ പ്രതികരിച്ചിട്ടില്ല. അതേ സമയം ഈ വാര്‍ത്ത സത്യമല്ലെന്ന് പറയുകയാണ് ഇന്ത്യ ടു‍ഡേയുടെ പുതിയ റിപ്പോര്‍ട്ട്. 

സോണി ടിവിയോട് അടുത്ത വൃത്തങ്ങൾ ഇന്ത്യ ടുഡേയോട് ഇപ്പോള്‍ വന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് സ്ഥിരീകരിച്ചു. ‘കെബിസി 17’ ലെ അവതാരകനെ മാറ്റുന്നതിനെക്കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു.

“ഇത്തരം വാർത്തകൾ വരുന്നത് വിചിത്രമാണ്. ഷോയിൽ ബിഗ് ബിക്ക് പകരം വയ്ക്കാൻ ഒന്നുമില്ല” വൃത്തങ്ങൾ പറഞ്ഞു.

ബിഗ് ബി ഇതിനകം തന്നെ പ്രൊമോഷണൽ വീഡിയോകളിലും പോസ്റ്ററുകളിലും സജീവമാണ്, താമസിയാതെ പ്രൊമോകൾക്കായി ഷൂട്ട് ചെയ്യും. സീസൺ ജൂലൈയിൽ ആരംഭിക്കുകയും ഓഗസ്റ്റ് ആദ്യ വാരത്തിൽ ടെലിവിഷനിൽ സംപ്രേഷണം ചെയ്യുകയും ചെയ്യും എന്നാണ് സോണി ടിവിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. 

അതേ സമയം ബിഗ് ബോസ് ഹോസ്റ്റായി സല്‍മാന്‍ തുടരും എന്നാണ് വിവരം. ഇതിന്‍റെ പ്രമോകള്‍ ഉടന്‍ വരും എന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.