സാന്ത്വനം വീട്ടില്‍ നാടകീയ സംഭവങ്ങള്‍
കുഞ്ഞിന്റെ നൂലുകെട്ടാണ് സാന്ത്വനത്തില്‍ നടക്കാനിരിക്കുന്ന മംഗളകര്‍മ്മം. എന്നാല്‍ അതിന്റേതായ യാതൊരു സന്തോഷവും വീട്ടില്‍ കാണാനില്ലതാനും. ജോലി നഷ്ടമായ ഹരി ബാലേട്ടനോട് പണം കടം ചോദിച്ചുകൊണ്ടിരിക്കുകയാണ്. ശിവനും അഞ്ജലിക്കും ബാലന്‍ കുറച്ച് പണം കൊടുത്തതായി ഹരിക്ക് അറിയാമെങ്കിലും ഇരുപത്തിയഞ്ച് ലക്ഷം കൊടുത്തതൊന്നും അറിയില്ല. ശിവന് ബാലന്‍ ആദ്യം എട്ട് ലക്ഷമാണ് കൊടുത്തത്. അതും വീടിന്റെ ആധാരം പണയപ്പെടുത്തി. ആധാരം എടുത്ത് വീണ്ടും പണയം വച്ചാല്‍ കൂടുതല്‍ പണം കിട്ടുമല്ലോ, അങ്ങനെയെങ്കിലും പണം ഒപ്പിച്ച് തരണമെന്നാണ് ഹരി ബാലനോട് പറയുന്നത്. എന്നാല്‍ ഇത്തരത്തില്‍ ആധാരം വീണ്ടും പണയപ്പെടുത്തി ലോണ്‍ തുക ഇരുപത്തിയഞ്ച് ആക്കിയത് ഹരിക്ക് അറിയില്ല.
കുഞ്ഞിന്റെ നൂലുകെട്ട് അടുത്തുവന്നതുകൊണ്ട് അപര്‍ണ്ണയുടെ വീട്ടുകാര്‍ വീട്ടിലേക്ക് വരുകയാണ്. അവരെ ജോലി നഷ്ടമായ കാര്യം പറഞ്ഞ് വെറുതെ വേദനിപ്പിക്കുമ്പോള്‍, ഒരു കമ്പനി രജിസ്റ്റര്‍ ചെയ്തുവെന്നെങ്കിലും പറയാമല്ലോ എന്നാണ് ഹരി ബാലനോട് പറയുന്നത്. അഞ്ജലിയുടെ വീട് പണയപ്പെടുത്തി ഏകദേശം എട്ട് ലക്ഷം കിട്ടും എന്നുള്ളതുകൊണ്ട്, അത്ര മതിയാകുമോ എന്ന് ബാലന്‍ ഹരിയോട് ചോദിക്കുകാണ്. ഈ ചോദ്യം ഹരിയെ സന്തോഷിപ്പിക്കുന്നുണ്ട്. തല്‍ക്കാലം അത് ധാരാളമാണെന്ന് ഹരി പറയുന്നുമുണ്ട്. എന്നാല്‍ മറ്റാരുംതന്നെ അറിയാതെ ആ പണം ശിവനും അഞ്ജലിയും ആദ്യമേ കൈക്കലാക്കി, സൂസന്‍ എന്ന ബിസിനസ് പങ്കാളിക്ക് കൈമാറിയിരുന്നു.
അതിനിടെ ശിവന്‍ കടം വാങ്ങിയ നാല്പത്തയ്യായിരം രൂപ ഹരി തിരികെ ചോദിച്ചിരുന്നു. കയ്യിലുള്ളതെല്ലാം സൂസനുമായുള്ള ബിസിനസിലേക്ക് നിക്ഷേപിച്ചതുകൊണ്ട് കയ്യില്‍ ഒന്നുംതന്നെ ഇല്ലാത്ത അവസ്ഥയിലാണ് ശിവനും അഞ്ജലിയും. കുഞ്ഞിന്റെ നൂലുകെട്ടും മറ്റും അടുത്തെത്തിയിട്ടും കയ്യില്‍ നയാപൈസ ഇല്ലാത്തുകൊണ്ടാണ് ഹരി ശിവനോട് പണം ചോദിച്ചിരിക്കുന്നത്. അത് മനസ്സിലാക്കിയ ശിവനും അഞ്ജലിയും എങ്ങനെയെങ്കിലും പണം ഒപ്പിക്കാനുള്ള തന്ത്രപ്പാടിലാണ്. സൂസന്റെ കൈവശം കൊടുത്തിട്ടുള്ള ലക്ഷങ്ങളില്‍ ചിലവാകാതെ വല്ലതുമുണ്ടെങ്കില്‍ തിരികെ വാങ്ങാം എന്ന് പറഞ്ഞ്, ശിവന്‍ സൂസനെ വിളിക്കുന്നുണ്ടെങ്കിലും, സൂസന്റെ ഫോണ്‍ രണ്ട് ദിവസമായി സ്വിച്ചോഫ് ആണ്. തല്‍ക്കാലം വള പണയപ്പെടുത്തി ഹരിക്കുള്ള പണം നല്‍കാമെന്ന് അഞ്ജലി പറയുന്നുണ്ട്.
താന്‍ വീടിന്റെ ആധാരം പണയപ്പെടുത്തി കുറച്ച് പണം എടുക്കുന്നുണ്ടെന്ന കാര്യം ഹരി വീട്ടിലെ എല്ലാവരോടുമായി പറയുന്നുണ്ട്. ശിവനോടും അഞ്ജലിയോടും എല്ലാം ഹരി പറയുന്നത് തങ്ങളുടെ കൂടെപ്പിറപ്പുകളോടുള്ള അത്രകണ്ട് സ്‌നേഹത്തോടെയാണല്ലോ എന്നോര്‍ക്കുമ്പോള്‍ കാഴ്ച്ചക്കാര്‍ക്കും ശിവാഞ്ജലിയോട് ചെറിയ അനിഷ്ടം തോനുന്നുണ്ട്. ബാലേട്ടന്‍ എട്ടുലക്ഷം തരുമെന്ന പ്രതീക്ഷയിലാണ് ഹരിയുള്ളത്. എന്നാല്‍ അതൊന്നും നടക്കില്ലായെന്ന് അറിവുള്ള പ്രേക്ഷകരാണ് ഓരോ നിമിഷവും മുള്‍മുനയില്‍ നില്‍ക്കുന്നത്.
അങ്ങനെ ശിവാഞ്ജലി വീട്ടില്‍നിന്നും ഇറങ്ങി വള പണയം വയ്ക്കാനായി പോകുന്ന സമയം വീട്ടില്‍ ചെറിയ നാടകീയ സംഭവങ്ങളെല്ലാം അരങ്ങേറുന്നുണ്ട്. അതേസമയം കുഞ്ഞിന്റെ നൂലുകെട്ടിന് സമയം നോക്കാനായി ബാലന്‍ കണിയാന്റെ അടുത്തേക്ക് പോകുന്നുമുണ്ട്. കൂടെ അഞ്ജലിയുടെ അച്ഛനെ കണ്ട് വീടിന്റെ ലോണിന്റെ കാര്യം ഒന്ന് പറയണമെന്നും ബാലന്‍ കരുതുന്നുണ്ട്. അപ്പോഴായിരിക്കും, ആരോടും പറയാതെ ശിവാഞ്ജലി ശങ്കരന്റെ വീടും പണയപ്പെടുത്തിയതെല്ലാം ബാലന്‍ അറിയുന്നതും, വലിയൊരും പൊട്ടിത്തെറി സാന്ത്വനത്തില്‍ നടക്കാന്‍ പോകുന്നതും.
ALSO READ : 'മുറ്റത്തെ മുല്ല'; ഏഷ്യാനെറ്റിൽ പുതിയ പരമ്പര വരുന്നു
