ജനിച്ച് മൂന്ന് ദിവസം പ്രായമായ ഒരു കുഞ്ഞിന്റെ തിരോധാനവും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് അരുൺ വർമ്മ സംവിധാനം ചെയ്ത നിവിൻ പോളി ചിത്രം ബേബി ഗേൾ സംസാരിക്കുന്നത്. സിനിമയുടെ റിവ്യു വായിക്കാം. 

ഗരുഡന് ശേഷം അരുൺ വർമ്മ സംവിധാനം ചെയ്ത നിവിൻ പോളി ചിത്രം 'ബേബി ഗേൾ' ആദ്യാവസാനം മുതൽ ത്രില്ലർ മൂഡിലാണ് പ്രേക്ഷകരെ പിടിച്ചിരുത്തുന്നത്. ബോബി- സഞ്ജയ് കൂട്ടുകെട്ടിലാണ് ചിത്രത്തിന്റെ തിരക്കഥ. തിരുവനന്തപുരത്തെ ഗൗരീശപട്ടം ആശുപത്രിയിൽ നിന്നും ജനിച്ച് മൂന്ന് ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ കാണാതാവുന്നതും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. നിവിൻ പോളിയുടെയും ലിജോ മോളുടെയും സംഗീത് പ്രതാപിന്റെയും മറ്റ് കഥാപാത്രങ്ങളുടെയും ഗംഭീര പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റിവ്.

മൂന്ന് കുടുംബങ്ങളെയാണ് ബേബി ഗേളിൽ സംവിധായകൻ അരുൺ വർമ്മ പ്രേക്ഷകർക്ക് മുന്നിലേക്ക് കൊണ്ടുവരുന്നത്. മൂന്ന് കുടുംബങ്ങളും സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളിലാണ് ജീവിക്കുന്നത്. എന്നാൽ അപ്രതീക്ഷിതമായുണ്ടാവുന്ന ഒരു കുഞ്ഞിന്റെ തിരോധാനമാണ് ഈ കുടുംബങ്ങളിലെയെല്ലാം യഥാർത്ഥ സാമൂഹികാവസ്ഥ പ്രേക്ഷകർക്ക് മുന്നിൽ അനാവരണം ചെയ്യപ്പെടുന്നത്. കുഞ്ഞുങ്ങളെ ഓരോ മനുഷ്യരും എങ്ങനെയാണ് പരിഗണിക്കുന്നതെന്ന് സിനിമ നമ്മോട് സംസാരിക്കുന്നു.

ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്നതിലുപരി, കഥാപാത്രങ്ങളുടെ മാനസിക സഞ്ചാരത്തിലാണ് സിനിമ ഫോക്കസ് ചെയ്തിരിക്കുന്നത്. ഓരോ കഥാപാത്രവും തനിക്ക് മുന്നിൽ വരുന്ന ഒരു സാഹചര്യത്തെ എങ്ങനെയാണ് നേരിടുന്നത് എന്നതാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. പ്രതിസന്ധികളിൽ നിന്നാണ് യഥാർത്ഥ നായകന്മാർ ഉദയം ചെയ്യുന്നതെന്ന് പറയും പോലെ ഇതിലെ പ്രധാന കഥാപാത്രങ്ങളെല്ലാം ഓരോ സാഹചര്യത്തിലും നായകന്മാരും നായികമാരുമായി മാറുന്നുണ്ട്. ഏതാണ് സിനിമയുടെ വിജയം.

സർവ്വം മായ്ക്ക് ശേഷം നിവിൻ പോളി നായകനായി എത്തുന്ന ചിത്രമായത് കൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ ഒന്നടങ്കം ബേബി ഗേൾ എന്ന സിനിമയെ നോക്കിക്കണ്ടത്. അത്തരമൊരു പ്രതീക്ഷ തെറ്റിക്കാത്ത പ്രകടനം തന്നെയായിരുന്നു നിവിൻ പോളിയുടേത്. വളരെ സൂക്ഷ്മമായ ഭാവ വ്യത്യാസങ്ങളും ശരീര ചലനങ്ങളും കൊണ്ട് സനൽ എന്ന ഹോസ്പിറ്റൽ അറ്റൻഡറുടെ വേഷം നിവിൻ ഗംഭീരമാക്കി. അതുപോലെ തന്നെ എടുത്ത് പറയാനായുള്ള പ്രകടനമായിരുന്നു ലിജോമോളുടെത്. ഋതു എന്ന കഥാപാത്രം ലിജോ മോളുടെ കയ്യിൽ ഭദ്രമായിരുന്നു. പൊന്മാനിലെ സ്റ്റെഫി എന്ന കഥാപാത്രത്തിന് ശേഷം ലിജോമോളുടെ പക്വതയാർന്ന പ്രകടനം തന്നെയായിരുന്നു ബേബി ഗേളിലേത്. ഒരമ്മയുടെ വൈകാരിക നിമിഷങ്ങൾ വളരെ മനോഹരമായാണ് അവർ ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്.

വിവാഹ ബന്ധവും അതിൽ നിന്നും നേരിട്ട അതിക്രമങ്ങളും ഒരു കഥാപാത്രത്തെ എങ്ങനെയൊക്കെയാണ് വൈകാരികമായും മറ്റും ബാധിച്ചിരിക്കുന്നതെന്ന് സംവിധായകൻ കൃത്യമായി പറയുന്നുണ്ട്. സംഗീത് പ്രതാപ് അവതരിപ്പിച്ച ഋഷി എന്ന കഥാപാത്രവും മികച്ചുനിന്നു. പലപ്പോഴും സിനിമയെ മുന്നോട്ട് നയിക്കുന്നത് ഋഷി ആണെന്ന് കാണാൻ കഴിയും. സംഗീത് പ്രതാപ് എന്ന നടൻ കേവലം കോമഡി കഥാപാത്രങ്ങളിൽ മാത്രമായി ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടേണ്ട നടനല്ല എന്ന് ബേബി ഗേളിലെ പ്രകടനം അടിവരയിടുന്നു. പൊലീസ് കഥാപാത്രമായി എത്തിയ അഭിമന്യു ഷമ്മി തിലകനും തന്റെ റോൾ ഗംഭീരമാക്കി.

എല്ലാ കുടുംബവും ഒരുപോലെയല്ല, എല്ലാ കുട്ടികളും ഒരുപോലെയല്ല, എല്ലാ മനുഷ്യരും ലോകത്തെ കാണുന്നത് ഒരുപോലെയല്ല എന്ന് സിനിമ അടിവരയിടുന്നു. തിരുവനന്തപുരം എന്ന നഗരത്തിന്റെ വേഗതയും താളവും ചിത്രത്തിൽ നല്ല പോലെ പ്രതിഫലിക്കുന്നുണ്ടായിരുന്നു. ക്രൈം ത്രില്ലർ അല്ലാതിരുന്നിട്ട് കൂടി, ഓരോ പ്രേക്ഷകനെയും ആകാംക്ഷയുടെയും പ്രതീക്ഷയുടെയും മുൾമുനയിൽ നിർത്തുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. ഗരുഡൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അരുൺ വർമ്മ വീണ്ടും തന്റെ മികച്ച മറ്റൊരു സിനിമ കൂടിയാണ് ബേബി ഗേളിലൂടെ പ്രേക്ഷകന് സമ്മാനിച്ചിരിക്കുന്നത്. മലയാളത്തിന് പ്രതീക്ഷയർപ്പിക്കാവുന്ന മറ്റൊരു സംവിധായകൻ കൂടിയുണ്ടെന്ന് ഈ ചിത്രത്തിലൂടെ ഉറപ്പിക്കാം. സാം സിഎസ്സിന്റെ പശ്ചാത്തലസംഗീതവും, ഫായിസ് സിദ്ധിഖിന്റെ സിനിമാറ്റോഗ്രഫിയും മികച്ചുനിന്നു.

YouTube video player