"ആ മാളില്‍ 200, 300 ആളുകളായിരിക്കും എന്നെ കാണാന്‍ വരുന്നത്. പക്ഷേ ഇവിടെ ആയിരക്കണക്കിന് കണ്ണുകളാണ് എന്നെ കാണുന്നത്"

കൊച്ചിയിലെ വെണ്ണല തൈക്കാട്ട് ശ്രീ മഹാദേവ ക്ഷേത്രത്തില്‍ വിശിഷ്ടാതിഥിയായി ചലച്ചിത്ര താരം ഷക്കീല. ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് താരം എത്തിയത്. ഷക്കീല എത്തുന്നതറിഞ്ഞ് ആയിരങ്ങളാണ് സദസ്സില്‍ എത്തിയിരുന്നത്. കഴിഞ്ഞ തവണ കേരളത്തില്‍ എത്തിയപ്പോള്‍ പങ്കെടുക്കേണ്ടിയിരുന്ന ഒരു ഫിലിം പ്രൊമോഷന്‍ പരിപാടി തടസ്സപ്പെട്ടതിനെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് ഷക്കീല പ്രസംഗം ആരംഭിച്ചത്. അന്ന് താന്‍ തടയപ്പെട്ടത് നന്നായെന്ന് ഇപ്പോള്‍ തോന്നുന്നുവെന്നും അവിടെ 300 പേരാണ് തന്നെ കാണാന്‍ എത്തുമായിരുന്നതെങ്കില്‍ ഇവിടെ ആയിരങ്ങളാണ് വന്നിരിക്കുന്നതെന്ന് അവര്‍ പറഞ്ഞു.

കഴിഞ്ഞ തവണ ഞാന്‍ കേരളത്തില്‍ എത്തിയപ്പോള്‍ എനിക്കൊരു പ്രശ്നം ഉണ്ടായിരുന്നു. ഒരു മാളിലേക്ക് ഞാന്‍ വരുന്നതിന് അവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. ദൈവത്തിന് പല പദ്ധതികളാണ് ഉള്ളത്. അതെനിക്ക് ഇപ്പോള്‍ മനസിലായി. ആ മാളില്‍ 200, 300 ആളുകളായിരിക്കും എന്നെ കാണാന്‍ വരുന്നത്. പക്ഷേ ഇവിടെ ആയിരക്കണക്കിന് കണ്ണുകളാണ് എന്നെ കാണുന്നത്. ഇത് ശിവഭഗവാന്‍ തനിക്കുവേണ്ടി നിശ്ചയിച്ചിരിക്കുന്നതാണ്. എനിക്ക് വളരെ സന്തോഷം. അന്ന് എനിക്ക് അവസരം നിഷേധിക്കപ്പെട്ടത് നന്നായി. അതുകൊണ്ടാണ് നിങ്ങളെയെല്ലാം കാണാനായത്, കൈയടികള്‍ക്കിടെ ഷക്കീല പറഞ്ഞു. തമിഴ്നാട്ടിലെ ഒരുപാട് ശിവക്ഷേത്രങ്ങളില്‍ താന്‍ പോയിട്ടുള്ള കാര്യവും ഷക്കീല അനുസ്മരിച്ചു. ഈ പ്രോഗ്രാമിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നുണ്ട്.

ഒമര്‍ ലുലു സംവിധാനം ചെയ്ത നല്ല സമയം എന്ന ചിത്രത്തിന്‍റെ ട്രെയ്ലര്‍ ലോഞ്ചില്‍ പങ്കെടുക്കാനായാണ് ഇതിനു മുന്‍പ് ഷക്കീല കേരളത്തില്‍ എത്തിയത്. കഴിഞ്ഞ നവംബറില്‍ ആയിരുന്നു ഇത്. കോഴിക്കോട് ഹൈലൈറ്റ് മാളിലാണ് പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാല്‍ പരിപാടിയില്‍ ഷക്കീല ഉണ്ടെന്ന കാരണത്താല്‍ മാള്‍ അധികൃതര്‍ പ്രോഗ്രാമിന് അനുമതി നിഷേധിച്ചതായി ഒമര്‍ ലുലു ആരോപിച്ചു. എന്നാല്‍ സുരക്ഷാ കാരണങ്ങളാലാണ് തങ്ങള്‍ ഷക്കീലയുടെ സാന്നിധ്യത്തിന് എതിരഭിപ്രായം അറിയിച്ചതെന്നായിരുന്നു മാള്‍ അധികൃതരുടെ പ്രതികരണം.

ALSO READ : ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലേക്കോ റോബിന്‍? സംവിധായകന് നന്ദി പറഞ്ഞ് ബി​ഗ് ബോസ് താരം

അമ്പലത്തിൽ അതിഥി ആയി ഷക്കീല എത്തിയപ്പോൾ തടിച്ചു കൂടിയ ജനം 😱 Shakeela at Temple