കൊച്ചി: മലയാളസിനിമയിൽ നിന്ന് വിലക്കിയ നടപടിയിൽ നടൻ ഷെയ്ൻ നിഗം ഒത്തുതീർപ്പിന് തയ്യാറാണെന്ന് സൂചന. വെയിൽ, കുർബാനി എന്നീ ചിത്രങ്ങൾ പൂർത്തിയാക്കാൻ തയ്യാറാണെന്ന് കാട്ടി ഷെയ്‍നിന്‍റെ സുഹൃത്തുക്കൾ ഡയറക്ടേഴ്സ് അസോസിയേഷൻ പ്രതിനിധികളുമായി അനൗപചാരിക ചർച്ചകൾ കൊച്ചിയിൽ നടത്തി വരികയാണ്. പ്രമുഖ നടൻമാരുമായും ഷെയ്‍നിന്‍റെ സുഹൃത്തുക്കൾ സംസാരിക്കുന്നുണ്ട്. 'അമ്മ' ഭാരവാഹികളുമായും അനൗദ്യോഗിക ചർച്ചകൾ നടത്തുന്നുണ്ടെന്നാണ് വിവരം. അതേസമയം, വെറും 16 ദിവസത്തെ ചിത്രീകരണമേ ബാക്കിയുള്ളൂ എന്നും സിനിമ പൂർത്തിയാക്കാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട് ഉപേക്ഷിക്കപ്പെട്ട വെയിൽ എന്ന ചിത്രത്തിന്‍റെ സംവിധായകൻ ശരത് ഡയറക്ടേഴ്സ് അസോസിയേഷനെ സമീപിച്ചു.

താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും, തന്നെ അപമാനിക്കുന്ന തരത്തിലുള്ള സമീപനമാണ് തുടർച്ചയായി വെയിൽ എന്ന ചിത്രത്തിന്‍റെ സെറ്റിൽ നിന്നുണ്ടായതെന്നും ഷെയ്ൻ നിഗം വിലക്കിനെത്തുടർന്ന് പ്രതികരിച്ചിരുന്നു. തുടർച്ചയായി ദിവസം 18 മണിക്കൂർ വരെ ചിത്രീകരണത്തിന് ചെലവാക്കുന്നുണ്ട്. നിരവധി സിനിമകൾ ഒരേ സമയം അഭിനയിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിൽ തന്നെ അനാവശ്യമായി സമ്മർദ്ദത്തിലാക്കുകയാണ് ചിത്രത്തിന്‍റെ അണിയറക്കാരും സംവിധായകനും ചെയ്തത് എന്നായിരുന്നു ഷെയിനിന്‍റെ ആരോപണം. ഫെഫ്കയുടെ നേതൃത്വത്തിൽ നടന്ന ഒത്തുതീർപ്പ് ചർച്ചയ്ക്ക് ശേഷം സെറ്റിലെത്തിയപ്പോഴും വളരെ മോശം അനുഭവമാണ് സെറ്റിൽ നിന്നുണ്ടായത്. സഹിക്കാൻ വയ്യാതെയാണ് ഇറങ്ങിപ്പോയതെന്നും ഷെയ്ൻ ദ ക്യൂ എന്ന ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു. 

Read more at: കൈയ്യും കാലും കെട്ടിയിട്ടാണോ എന്നെ വിലക്കുക; വിലക്കിനെതിരെ ആഞ്ഞടിച്ച് ഷെയ്ന്‍ നിഗം

എന്നാൽ ഷെയ്ൻ സിനിമയുമായി സഹകരിക്കാൻ ആദ്യഘട്ടം മുതലേ തയ്യാറായിരുന്നില്ല എന്നായിരുന്നു നിർമാതാവ് ജോബി ജോർജ് ഉൾപ്പടെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലുള്ളവരുടെ നിലപാട്. പല ദിവസവും ഷൂട്ടിന് മുഴുവൻ യൂണിറ്റ് തയ്യാറായി നിന്നാലും ഷെയ്ൻ വരാറില്ല. പല കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറും. ഇത് മൂലം വലിയ നഷ്ടമാണുണ്ടായതെന്നും ജോബി ജോർജ് ആരോപിച്ചു. ഒത്തുതീർപ്പ് ചർച്ചയ്ക്ക് ശേഷം ഒരു ദിവസം അഭിനയിച്ച് സെറ്റിൽ നിന്ന് ഇറങ്ങിപ്പോയ ഷെയ്ൻ പിന്നെ എവിടെയാണെന്ന് അറിയുമായിരുന്നില്ല. നിരന്തരം ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. പിന്നീട് കാണുന്നത് ഇൻസ്റ്റഗ്രാമിൽ മുടി മുറിച്ച തരത്തിലുള്ള ഷെയിനിന്‍റെ ഫോട്ടോയാണ്. വെയിലിൽ മുടി വളർത്തിയ തരത്തിലുള്ള ലുക്കാണ് ഷെയിനിന് വേണ്ടത്. എന്നാൽ ഇനി എത്ര കാലം കാത്തിരുന്നാലാണ് സിനിമ പൂർത്തിയാക്കാനാകുക എന്നും ജോബി ജോർജ് ചോദിച്ചു.

ഗുരുതരമായ ആരോപണങ്ങളും നിർമാതാക്കൾ വാർത്താ സമ്മേളനത്തിൽ ഉന്നയിച്ചു. എൽഎസ്‍ഡി അടക്കം ലഹരിവസ്തുക്കൾ ലൊക്കേഷനിൽ എത്തുന്നുണ്ട്, പരിശോധന വേണം. 

Read more at: 'ലൊക്കേഷനിൽ എൽഎസ്‍ഡി അടക്കം ലഹരി വസ്തുക്കൾ, പൊലീസ് പരിശോധന വേണം': നിർമാതാക്കൾ

എന്നാൽ പ്ലസ്‍ടു കാലഘട്ടത്തിലുള്ള ലുക്ക് അടക്കം ഈ രൂപത്തിൽ ഷൂട്ട് ചെയ്യാൻ തയ്യാറാണെന്നും സിനിമ പൂർത്തിയാക്കാമെന്നുമൊക്കെ സംവിധായകൻ ശരത് പറഞ്ഞിരുന്നതാണെന്നും കുർബാനിയുടെ സംവിധായകൻ ജിയോ വിയ്ക്കും ഇത്തരത്തിലുള്ള രൂപത്തിൽ സിനിമ ഷൂട്ട് ചെയ്യുന്നതിൽ വിരോധമുണ്ടായിരുന്നില്ലെന്നും ഷെയ്ൻ വ്യക്തമാക്കിയിരുന്നു. തന്‍റെ ഉമ്മച്ചിയും സുഹൃത്തുക്കളും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രതിനിധികളെ യോഗത്തിന്‍റെ തലേന്ന് കണ്ടതാണെന്നും അപ്പോൾ വിലക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ട് പോലുമില്ലെന്നും ഇതിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കരുതെന്നും അവർ ആവശ്യപ്പെട്ടെന്നും ഷെയ്ൻ വെളിപ്പെടുത്തിയിരുന്നു.

തകരുന്നത് ആറ് വർഷത്തെ സ്വപ്നം: ശരത്

വെയിൽ സിനിമ പൂർത്തിയാക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് സംവിധായകൻ ശരത് ഡയറക്ടേഴ്സ് യൂണിയന് കത്ത് നൽകിയിട്ടുണ്ട്. ഈ സിനിമ ഉപേക്ഷിക്കുന്നതോടെ തകരുന്നത് തന്‍റെ ആറ് വർഷത്തെ സ്വപ്നമാണെന്നും ഇനി വെറും 16 ദിവസത്തെ ചിത്രീകരണം മാത്രമേ പൂർത്തിയാക്കാനുള്ളൂ എന്നും കത്തിൽ ശരത് ചൂണ്ടിക്കാട്ടുന്നു. 

ശരത്തിന്‍റെ കത്തിന്‍റെ പൂർണരൂപം:

Respected Sir,

ഒരുപാട് സങ്കടത്തോടെയാണ് ഈ കത്തെഴുതുന്നത്. ഇന്ന് വെയിൽ എന്ന സിനിമ Goodwill Entertainments ഉപേക്ഷിക്കുമ്പോൾ തകരുന്നത് എന്‍റെ ആറ് വർഷത്തെ സ്വപ്നമാണ്. 2014-ൽ ഈ സിനിമയുടെ ഫസ്റ്റ് ഡ്രാഫ്റ്റ് സ്ക്രിപ്റ്റുമായാണ് ഞാൻ ജോലി ഉപേക്ഷിച്ച് വരുന്നത്. ശ്രീ ഷെയ്ൻ നിഗവുമായി ഈ സിനിമയുടെ കഥ പറഞ്ഞ് കൈ കൊടുക്കുന്നത് 2016 ഓഗസ്റ്റിലാണ്. അതിന് ശേഷം വർഷങ്ങൾ കാത്തിരുന്നാണ് ഒരു പ്രൊഡ്യൂസർ ഈ സിനിമ ചെയ്യാനായി മുന്നോട്ട് വരുന്നത്.

കഴിഞ്ഞ ഫെബ്രുവരി മാസം ആണ് ഇതിന്‍റെ പ്രീപ്രൊഡക്ഷൻ ആരംഭിക്കുന്നത്. മെയ് 18-നാണ് സിനിമയുടെ ഷൂട്ട് തുടങ്ങുന്നത്. ഒരുപാട് കലാകാരൻമാരും സാങ്കേതിക പ്രവർത്തരും കഴിഞ്ഞ ആറേഴ് മാസക്കാലം ഒരുപാട് പ്രശ്നങ്ങൾ സഹിച്ച് ഈ സിനിമയുടെ കൂടെ നിന്നിട്ടുണ്ട്. 70 ശതമാനത്തോളം ചിത്രീകരണം കഴിഞ്ഞിരിക്കുന്നു.

വെറും 17-18 ദിവസം കൂടി ചിത്രീകരണം അവശേഷിക്കേ ഇന്ന് ഈ ചിത്രം വേണ്ട എന്ന് പ്രൊഡ്യൂസർ പറയുമ്പോൾ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയാണ്. അതുകൊണ്ടുതന്നെ സംഘടന മുന്നോട്ട് വന്ന് പ്രശ്നങ്ങൾ പരിഹരിച്ച് ഈ സിനിമ വീണ്ടും പൂർത്തിയാക്കാനുള്ള വഴി ഉണ്ടാക്കിത്തരണമെന്ന് താഴ്മയോടെ അപേക്ഷിക്കുന്നു.

Faithfully Sarath.