ചിത്രത്തിൽ മലയാളി താരം ജയറാമും അഭിനയിക്കുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.
കന്നട സൂപ്പർതാരം ശിവരാജ് കുമാറിനെ നായകനാക്കി 'ബീർബൽ' ഫെയിം ശ്രീനി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഗോസ്റ്റ്'. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് ദീപാവലി ദിനത്തിൽ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. കന്നട ഭാഷക്ക് പുറമേ തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ അഞ്ച് ഭാഷകളിൽ ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് ഗോസ്റ്റ് ഒരുക്കുന്നത്. തികച്ചുമൊരു ആക്ഷൻ ത്രില്ലർ ആയിരിക്കും ചിത്രമെന്നാണ് വിവരം.
സന്ദേശ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സന്ദേശ് നാഗരാജ് ആണ് ചിത്രം നിർമ്മിക്കുന്നത്. സാൻഡൽവുഡിലെ കരുനാട ചക്രവർത്തിയായ ശിവരാജ് കുമാർ, തോക്കുമായി നിൽക്കുന്നതാണ് പോസ്റ്ററിലുള്ളത്. മസ്തി, പ്രസന്ന വി.എം എന്നിവർ ചേർന്ന് തിരക്കഥ, സംഭാഷണങ്ങൾ ഒരുക്കുന്ന ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് മഹേന്ദ്ര സിംഹയാണ്.
കെ.ജി.എഫ് ഫെയിം ശിവകുമാർ ആണ് കലാസംവിധായകൻ. പ്രശസ്ത സംഗീത സംവിധായകൻ അർജുൻ ജന്യയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. പ്രശസ്തമായ മിനർവ മിൽസിൽ 6 കോടി രൂപയോളം വിലയുള്ള ജയിൽ സെറ്റിൽ പ്രധാന രംഗങ്ങളാണ് അണിയറപ്രവർത്തകർ ചിത്രീകരിക്കുന്നത്. നവംബർ ആദ്യവാരം പൂർത്തിയാക്കുന്ന ചിത്രത്തിൻ്റെ രണ്ടാം ഷെഡ്യൂൾ ഡിസംബർ മുതൽ ആരംഭിക്കും. വാർത്ത പ്രചരണം: പി.ശിവപ്രസാദ്. അന്തരിച്ച നടൻ പുനീത് രാജ്കുമാറിന്റെ സഹോദരനാണ് ശിവരാജ്കുമാർ.
അതേസമയം, ചിത്രത്തിൽ മലയാളി താരം ജയറാമും അഭിനയിക്കുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. നായകനൊപ്പം കിടപിടിച്ചു നിൽക്കുന്ന ശക്തനായ നടനെ ആഗ്രഹിച്ചുവെന്നും ജയറാം സിനിമയിൽ എത്തിയതിൽ സന്തോഷമുണ്ടെന്നും സംവിധായകൻ ടൈംസ് ഓഫ് ഇന്ത്യയോട് നേരത്തെ പറഞ്ഞിരുന്നു. ശിവരാജ് കുമാറിന്റെ വില്ലനായാണ് ജയറാം എത്തുകയെന്നാണ് വിവരം.
ജയറാം ഇനി കന്നഡയിൽ; എത്തുന്നത് ശിവരാജ് കുമാറിന്റെ വില്ലനായി ?
