ഉപ്പും മുളകിലും അഭിനയിച്ചിരുന്നു താരം.
തട്ടീം മുട്ടീം എന്ന സീരിയലിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റിയ നടനാണ് സിദ്ധാർത്ഥ് പ്രഭു. പരമ്പരയിൽ മഞ്ജു പിള്ളയുടെ മകൻ കണ്ണന്റെ വേഷമാണ് താരം ചെയ്‍തിരുന്നത്. പിന്നീട് ചില സിനിമകളിലും വേഷമിട്ടു. അടുത്തിടെയാണ് ഉപ്പും മുളകും പരമ്പരയിൽ ലച്ചുവിന്റെ (ജൂഹി റുഹ്തഗി) ഭർത്താവായി താരം എത്തിയത്. ഡെയ്ൻ ഡേവിസാണ് ആദ്യം ഈ വേഷം ചെയ്തിരുന്നത്. ആ റോൾ ചെയ്താല്‍ ശരിയാകുമോ എന്ന ആശങ്ക തനിക്കുണ്ടായിരുന്നതായി സിദ്ധാര്‍ത്ഥ് പറയുന്നു. ഫ്ളവേഴ്സ് ചാനലിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സിദ്ധാർത്ഥും ജൂഹിയും.
''സിദ്ധു എന്ന് പറഞ്ഞൊരു ക്യാരക്ടറുണ്ട്, ചെയ്യാന്‍ താല്‍പര്യമുണ്ടോയെന്ന് ചോദിച്ച് ഫ്‌ളവേഴ്‌സില്‍ നിന്ന് കോള്‍ വരികയായിരുന്നു. ഇതിന് മുന്‍പ് വേറൊരാള്‍ ഈ കഥാപാത്രം ചെയ്തതാണെന്ന് എനിക്ക് അറിയാമായിരുന്നു. അങ്ങനെ ഓഡീഷന്‍ വേണമെന്ന് അവരോട് അങ്ങോട്ടാവശ്യപ്പെട്ടു. അങ്ങനെയാണ് ലൊക്കേഷനില്‍ വന്ന് ജൂഹിയും, അല്‍സാബിത്തുമായി ഒരു രംഗം ചെയ്ത് നോക്കുന്നത്. ചെയ്ത് നോക്കിയപ്പോള്‍ ഓക്കെയായിരുന്നു. അങ്ങനെയാണ് ഞാന്‍ ഈ ടീമിനൊപ്പം ജോയിന്‍ ചെയ്യുന്നത്. നേരത്തെ വേറൊരാള്‍ ചെയ്ത ക്യാരക്ടറിന്റെ ബാക്കിയാണ് ഞാനിപ്പോള്‍ ചെയ്യുന്നത്. പ്രമോയും കാര്യങ്ങളുമൊക്കെ വന്ന്, എപ്പിസോഡ് സംപ്രേഷണം ചെയ്ത് സിദ്ധുവിനെ പ്രേക്ഷകര്‍ അംഗീകരിച്ചപ്പോഴാണ് ഞാന്‍ ഓക്കെയായത്'', സിദ്ധാർത്ഥ് അഭിമുഖത്തിൽ പറഞ്ഞു.
''12 വയസില്‍ കണ്ട പയ്യനല്ല, ഇപ്പോള്‍ ഞാൻ 26 കാരനായി. പഠനം പൂര്‍ത്തിയാക്കി. കുറച്ച് ബിസിനസുകളൊക്കെ ചെയ്യുന്നുണ്ട്. യാദൃശ്ചികമായി അഭിനയ രംഗത്തേക്ക് വന്നതാണ് ഞാനും ചേച്ചിയും (തട്ടീം മുട്ടീം പരമ്പരയിലെ മീനാക്ഷി). ചേച്ചി നഴ്‌സായി യുകെയില്‍ ജോലി ചെയ്യുകയാണ്. പിആര്‍ ഒക്കെയായി അവിടെ സെറ്റിൽഡാണ്'', സിദ്ധാർത്ഥ് കൂട്ടിച്ചേർത്തു.


