കുടുംബസമേതം പ്രധാനമന്ത്രിയെ സന്ദർശിച്ചതിന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് കൃഷ്‍ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്‍ണ.

നടൻ കൃഷ്‍ണകുമാറും കുടുംബവും കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചതിന്റെ ചിത്രങ്ങൾ സോഷ്യലിടങ്ങളിൽ തരംഗമായിരുന്നു. കൃഷ്‍ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്‍ണയുടെ മകൻ ഓമിയെ എടുത്തുകൊണ്ട് പ്രധാനമന്ത്രി തന്നെ പങ്കുവെച്ച പോസ്റ്റും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ കുടുംബസമേതം പ്രധാനമന്ത്രിയെ സന്ദർശിച്ചതിന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് കൃഷ്‍ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്‍ണ.

''പ്രധാനമന്ത്രിയുടെ വസതിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചത് വലിയ അനുഭവമായിരുന്നു. എനിക്കും മക്കള്‍ക്കും അദ്ദേഹത്തെ കാണണമെന്ന് വലിയ ആഗ്രഹമായിരുന്നു. എന്നാൽ ഏതെങ്കിലും ഫംങ്ഷന്‍ ഒക്കെ നടക്കുമ്പോള്‍ ആയിരക്കണക്കിന് ആളുകളുടെ കൂട്ടത്തില്‍ ഒരാളായി കാണാന്‍ താൽപര്യമില്ലായിരുന്നു. കൃഷ്‍ണകുമാര്‍ പലപ്പോഴും അദ്ദേഹത്തെ കണ്ടിട്ടുണ്ട്. നേരിട്ട് ഒന്ന് കാണാന്‍ പറ്റുമെങ്കില്‍ കാണണം, അടുത്ത് സംസാരിക്കണം എന്നൊക്കെ കിച്ചുവിനോട് പറഞ്ഞിട്ടുണ്ട്. അങ്ങനെ കാത്തിരുന്നു കാത്തിരുന്നാണ് ആ സ്വപ്നം യാഥാർത്ഥ്യമായത്. കുടുംബം മുഴുവന്‍ വലിയ എക്‌സൈറ്റ്‌മെന്റില്‍ ആയിരുന്നു. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒക്കെ കുട്ടികളായിരുന്നപ്പോൾ‌ ഓടിക്കളിച്ചിട്ടുണ്ടാകും എന്നും അവിടെ എത്തിയപ്പോൾ ഞാൻ കുട്ടികളോട് പറയുന്നുണ്ടായിരുന്നു. വളരെ മനോഹരമായിരുന്നു ആ സ്ഥലം

അവിടെ ചെന്നപ്പോള്‍, എന്താണ് പറയേണ്ടത് എന്നൊക്കെയോർത്ത് ടെന്‍ഷന്‍ ഉണ്ടായിരുന്നു. എന്നാല്‍ ഒരു മിനിറ്റ് പോലും എടുത്തില്ല ആ ടെന്‍ഷന്‍ മാറാന്‍. അദ്ദേഹത്തെ നേരിട്ടു കാണുമ്പോള്‍ ടിവിയില്‍ കാണുന്നതിനേക്കാള്‍ കൂടുതല്‍ ചൈതന്യം ഉണ്ട്. എല്ലാവരെയും നേരത്തെ അറിയാവുന്ന പോലെയാണ് അദ്ദേഹം സംസാരിച്ചത്. ഓമി നല്ല മൂഡിലല്ലായിരുന്നു. വലുതാകുമ്പോള്‍ അവന്‍ ചിന്തിക്കുമായിരിക്കും പ്രധാനമന്ത്രിക്കൊപ്പമുള്ള ഫോട്ടോസില്‍ കുറച്ചുകൂടി ചിരിക്കേണ്ടതായിരുന്നു എന്ന്.

അദ്ദേഹം ഞങ്ങളോട് ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചു. ഓമിക്ക് പ്രൈം മിനിസ്റ്റര്‍ ഒരു ചോക്ലേറ്റ് കൊടുത്തു അത് നിധി പോലെ ഇഷാനി സൂക്ഷിച്ചുവച്ചിട്ടുണ്ട്. ഞങ്ങള്‍ കുടുംബം മുഴുവന്‍ ഇപ്പോഴും വലിയ എക്‌സൈറ്റ്‌മെന്റിലാണ്'', സിന്ധു കൃഷ്‍ണ വ്ളോഗിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക