വിജയിയുടെ അവസാന ചിത്രമായ 'ജനനായകൻ' സെൻസർ പ്രശ്നങ്ങളെ തുടർന്ന് റിലീസ് അനിശ്ചിതത്വത്തിലാണ്. ഇതിനിടെ, ചിത്രവുമായുള്ള റിലീസ് ക്ലാഷ് വിവാദത്തിൽ പ്രതികരണവുമായി ശിവകാർത്തികേയൻ രംഗത്തെത്തി.
തമിഴ് സിനിമാസ്വാദകരും വിജയ് ആരാധകരും ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ജനനായകൻ. പൂർണ രാഷ്ട്രീയത്തിലേക്ക് തിരിയുന്നതിന് മുൻപുള്ള വിജയിയുടെ അവസാന ചിത്രമായി ഒരുങ്ങിയ ജനനായകൻ ജനുവരി 9ന് റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപനം. എന്നാൽ സെൻസറിംഗ് സംബന്ധിച്ച വിവാദങ്ങൾ നടക്കുന്നതിനിടെ റിലീസ് സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. ഇതിനിടയിൽ പരാശക്തി- ജനനായകൻ ക്ലാഷ് റിലീസും ചർച്ചയും വിവാദവും ആയിട്ടുണ്ട്. ശിവകാർത്തികേയന് എതിരെ വലിയ വിമർശനങ്ങളും വിജയ് ആരാധകരുടെ ഭാഗത്തു നിന്നും ഉയർന്നു. തതവസരത്തിൽ ശിവകാർത്തികേയൻ പ്രീ റിലീസ് ഈവന്റിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
ജനുവരി 9ന് ജന നായകൻ എല്ലാവരും പോയി കാണുകയും ആഘോഷിക്കുകയും ചെയ്യണമെന്ന് ശിവകാർത്തികേയൻ പറയുന്നു. ജനുവരി 10ന് പരാശക്തി ആഘോഷിക്കണമെന്നും ആരാധകരോടായി നടൻ പറഞ്ഞു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഈ പൊങ്കൽ അണ്ണൻ തമ്പി പൊങ്കലാണെന്നും ശിവകാർത്തികേയൻ പറയുന്നു.
"ജനുവരി 9ന് എല്ലാവരും തിയറ്ററിൽ പോയി ജന നായകൻ സെലിബ്രേറ്റ് ചെയ്യണം. 33 വർഷം ഇന്റസ്ട്രിയിൽ നമ്മളെ എല്ലാവരേയും എന്റർടെയ്ൻ ചെയ്യിച്ചയാൾ, അവസാനമായി നമ്മളെ എന്റർടെയ്ൻ ചെയ്യിക്കുകയാണ്. അത് 9ന് നമ്മൾ എല്ലാവരും പോയി സെലിബ്രേറ്റ് ചെയ്യും. അതിന്റെ അടുത്ത ദിവസം അതായത് ജനുവരി 10ന് നമ്മുടെ സിനിമ കാണാൻ പോകു. പരാശക്തിയെ സെലിബ്രേറ്റ് ചെയ്യൂ. ആര് എന്ത് വേണമെങ്കിലും പറയട്ടെ. എന്നെ സംബന്ധിച്ച് ഈ പൊങ്കൽ അണ്ണൻ തമ്പി പൊങ്കൽ(എവൻ എന്ന വേണാലും സൊല്ലട്ടും. എന്നെ പൊരത്തവരയ്ക്കും. ഇന്ത പൊങ്കൽ അണ്ണൻ തമ്പി പൊങ്കൽ). അത്ര തന്നെ. എല്ലാവർക്കും ക്ലിയറായി എല്ലാം മനസിലായല്ലോ അല്ലേ?", എന്നായിരുന്നു ശിവകാർത്തികേയന്റെ വാക്കുകൾ.
അതേസമയം, ജനനായകന്റെ റിലീസിൽ കടുത്ത അനിശ്ചിതത്വം തുടരുകയാണ്. സെൻസർ ബോർഡ് നിർദ്ദേശ പ്രകാരം 27 കട്ടുകൾ സിനിമയ്ക്ക് വരുത്തിയിട്ടുണ്ട്. എന്നിട്ടും ഇതുവരെ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. വിഷയത്തിൽ വിധി പറയുന്നത് മാറ്റിവച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ഉത്തരവ് വരുമെന്നാണ് പ്രതീക്ഷ. അനുകൂലമായ വിധി അല്ലെങ്കിൽ വിജയിയുടെ വിടവാങ്ങൽ ചിത്രം തിയറ്ററുകളിൽ എത്താൻ ഇനിയും കാത്തിരിക്കേണ്ടി വരും.



