സൈനികോദ്യോഗസ്ഥനാണ് ചിത്രത്തില്‍ ശിവകാര്‍ത്തികേയന്‍റെ കഥാപാത്രം
കമല്‍ ഹാസന്‍റെ നിര്‍മ്മാണ കമ്പനി രാജ്‍കമല്‍ ഫിലിംസിന്‍റെ ഇതുവരെയുള്ള ഫിലിമോഗ്രഫിയിലെ മികച്ച വിജയങ്ങളിലൊന്നായിരുന്നു വിക്രം. വിക്രത്തിനു ശേഷം കമല്‍ നിര്‍മ്മിക്കുന്ന പുതിയ സിനിമയുടെ ഷൂട്ടിംഗ് കശ്മീരില്‍ ഇന്ന് ആരംഭിക്കുകയാണ്. എന്നാല്‍ നായകന്‍ മറ്റൊരാളാണ്. രാജ്‍കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനാവുന്നത് ശിവകാര്‍ത്തികേയന്‍ ആണ്. ഷൂട്ടിംഗിന് മുന്നോടിയായി ചിത്രത്തിന്‍റെ പൂജ ചടങ്ങിന്‍റെ വീഡിയോ അണിയറക്കാര്‍ പങ്കുവച്ചിട്ടുണ്ട്.
ഒരു സൈനികോദ്യോഗസ്ഥനാണ് ചിത്രത്തില്‍ ശിവകാര്‍ത്തികേയന്‍റെ കഥാപാത്രം. ഈ കഥാപാത്രത്തിനായി ശരീരം ഒരുക്കിയെടുത്തിട്ടുണ്ട് അദ്ദേഹം. സായ് പല്ലവിയാണ് നായിക. ജി വി പ്രകാശ് കുമാര്‍ ആണ് സംഗീത സംവിധാനം. വിജയ്‍യുടെ ലോകേഷ് കനകരാജ് ചിത്രം ലിയോയ്ക്ക് ശേഷം കശ്മീരില്‍ ചിത്രീകരിക്കുന്ന തമിഴ് ചിത്രമാണ് ഇത്. ഒരു മാസത്തെ ഷെഡ്യൂള്‍ ആണ് ചിത്രത്തിന് കശ്മീരില്‍ ഉള്ളത്. പിന്നീട് ഒരു ചെറു ഇടവേളയ്ക്കു ശേഷമാവും സംഘം ചിത്രീകരണം പുനരാരംഭിക്കുക. 2022 ജനുവരിയില്‍ പ്രഖ്യാപിക്കപ്പെട്ട പ്രോജക്റ്റ് ആണ് ഇത്. കഴിഞ്ഞ ഒരു വര്‍ഷമായി ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ ജോലികളിലാണ് രാജ്കുമാര്‍ പെരിയസാമി.
അതേസമയം മറ്റു രണ്ട് ചിത്രങ്ങള്‍ കൂടി ശിവകാര്‍ത്തികേയന്‍റേതായി പുറത്തെത്താനുണ്ട്. മഡോണ്‍ അശ്വിന്‍റെ മാവീരന്‍, ആര്‍ രവികുമാറിന്‍റെ അയലാന്‍ എന്നിവയാണ് അത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ അദിതി ശങ്കര്‍, സുനില്‍, മിഷ്കിന്‍, യോഗി ബാബു, സരിത തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സയന്‍സ് ഫിക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് അയലാന്‍. രാകുല്‍ പ്രീത് സിംഗ്, ഷരദ് കേല്‍ക്കര്‍, ഇഷ ഗോപികര്‍, ഭാനുപ്രിയ, യോഗി ബാബു, കരുണാകരന്‍, ബാല ശരവണന്‍ തുടങ്ങിയവരാണ് ഈ ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ALSO READ : വിവാദങ്ങള്‍ക്കിടെ 'ദി കേരള സ്റ്റോറി' എത്തി; പ്രദര്‍ശനങ്ങള്‍ റദ്ദാക്കി തിയറ്ററുകള്‍

