തിരുവനന്തപുരം സ്വദേശിനിയും സോഷ്യൽ മീഡിയ താരവുമായ അമല ഷാജിക്ക് പുതിയ നേട്ടം. മെറ്റയുടെ പുതിയ വാട്സ്ആപ്പ് സ്റ്റിക്കർ ഫീച്ചറിനായി വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം തിരഞ്ഞെടുക്കപ്പെട്ടത് അമലയെ ആണ്.
സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതയായ ആളാണ് അമല ഷാജി. മലയാളിയാണെങ്കിലും തമിഴ്നാട്ടിലാണ് അമല ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. തമിഴ് റിലേറ്റഡ് റീലുകളും കണ്ടന്റുകളുമാണ് താരം ഏറ്റവും കൂടുതൽ ചെയ്തിട്ടുള്ളതും. തിരുവനന്തപുരം സ്വദേശിനിയായ അമല ഷാജി തന്റെ ഇരുപത്തി നാലാം വയസിൽ പുതിയൊരു നേട്ടം കൂടി കൊയ്തിരിക്കുകയാണ്.
വാട്സ്പ്പ് ചാനലിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ളവരിൽ ഒരാളാണ് അമല ഇപ്പോൾ. ഇന്ത്യയിൽ 29-ാം സ്ഥാനമാണ് അവർക്ക്. മാർക്ക് സക്കർബർഗ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നവർക്കൊപ്പമാണ് അമലയും. കൂടാതെ വാട്സപ്പിലെ പുതിയൊരു ഫീച്ചറിനായി അമല ക്യാംപെയ്ൻ ചെയ്യുന്നുണ്ട്. സ്റ്റിക്കേഴ്സാണിത്. ഇന്ത്യയിൽ നിന്നും ഈ അവസരം ലഭിച്ച രണ്ട് പേരിൽ ഒരാൾ അമലയും മറ്റൊരാൾ നടൻ വിജയ് ദേവരക്കൊണ്ടയുമാണെന്ന് അമല പറയുന്നു. മച്ചാൻസ് വ്ലോഗിന്റെ പോഡ്കാസ്റ്റിൽ ആയിരുന്നു അമല ഇക്കാര്യം പറഞ്ഞത്.
"വാട്സപ്പ് ചാനൽ തുടങ്ങി പെട്ടെന്നാണ് 5 മില്യൺ ആവുന്നത്. യുട്യൂബിലാണെങ്കിലും ഇൻസ്റ്റയിൽ ആണെങ്കിലും കുറേ ക്യാംപെയ്ൻസ് ചെയ്തിട്ടുണ്ട്. അതുപോലെ വാട്സപ്പിലും ചെയ്തു. ഫോണിൽ ഇമോജിക്ക് പകരം സ്റ്റിക്കേഴ്സ് വരും. അതുപോലൊരു സംഭവം മെറ്റ ക്രിയേറ്റ് ചെയ്യുന്നുണ്ട്. എന്റെ ഒരു ഇരുപത് ഫോട്ടോസ്. അതിനെ ഇമോജി ആക്കി അപ്ലോഡ് ചെയ്യും. ഭാവിയിൽ അത് എല്ലാവർക്കും ലഭിക്കും. ഇന്ത്യയിൽ എനിക്കും നടൻ വിജയ് ദേവരക്കൊണ്ടയ്ക്കും മാത്രമാണത് ആ അവസരം ലഭിച്ചത്. യുഎസ്ഡി പേയ്മെന്റ് ആണ്. ഇന്റർനാഷണലാണ്", എന്നായിരുന്നു അമലയുടെ വാക്കുകൾ.
കോളേജിൽ രണ്ടാം വർഷം പഠനം ഉപേക്ഷിച്ച അമല ഇപ്പോൾ സ്വന്തമായൊരു ടി ഷർട്ട് ബ്രാൻഡും നടത്തുന്നുണ്ട്. "കോളേജിൽ സെക്കന്റ് ഈയർ വരെ പോയി. എന്ത് ട്രെന്റ് വന്നാലും അതിനെ ഞാൻ റീ ക്രിയേറ്റ് ചെയ്യും. അത് പക്ഷേ ആളുകൾക്ക് ഇഷ്ടമല്ല. ട്രോളുകൾ നിറയും. പിള്ളേരൊക്കെ നേരിട്ട് വന്ന് ഒരുമാതിരി സംസാരിക്കും. നമ്മുടെ നിറവുമായി ബന്ധപ്പെട്ട് സംസാരിക്കും. അത് ശരിയായ കാര്യമല്ല. ആരെയും അങ്ങനെ പറയരുത്. അതെല്ലാം വലിയ രീതിയിൽ എന്നെ ബാധിച്ചു. മിസിനോട് കാര്യം പറഞ്ഞപ്പോൾ ഡിസ്റ്റൻസായി ചെയ്യാൻ പറഞ്ഞു. പക്ഷേ എനിക്ക് താല്പര്യമില്ല. ഒടുവിൽ ഞാനൊരു ഫാഷൻ ഹബ്ബ് തുടങ്ങി. ഒരു ടീ ഷർട്ട് ബ്രാന്റ് തുടങ്ങി. നന്നായിട്ട് അത് പോകുന്നുണ്ട്", എന്ന് അമല കൂട്ടിച്ചേർത്തു.
അമല ഷാജിയുടെ നിലവിലെ ഫോളോവേഴ്സ് ഇങ്ങനെ
ഇൻസ്റ്റാഗ്രാം - 4.3 മില്യൺ
വാട്സപ്പ് ചാനൽ- 7.1 മില്യൺ
യുട്യൂബ്- 1.19 മില്യൺ
ടിക് ടോക്കിൽ 5 മില്യൺ ഉണ്ടായിരുന്നു.



