മതിമാരൻ പുകഴേന്തി സംവിധാനം ചെയ്യുന്ന 'മണ്ടാടി' സെപ്റ്റംബർ 10-ന് തിയേറ്ററുകളിലെത്തും. സൂരി നായകനായും മമിത നമ്പ്യാർ നായികയായും എത്തുന്ന ചിത്രം, കടലോര പശ്ചാത്തലത്തിലുള്ള ഒരു ആക്ഷൻ ഡ്രാമയാണ്.

സൂരിയെ നായകനാക്കി മതിമാരൻ പുകഴേന്തി സംവിധാനം ചെയ്യുന്ന 'മണ്ടാടി' നാളെ (സെപ്റ്റംബർ 10) തിയറ്ററുകളിൽ എത്തും. മലയാളത്തിന്റെ പ്രിയ താരം മമിത നമ്പ്യാർ ആണ് നായിക വേഷത്തിൽ എത്തുന്നത്. ചിത്രത്തിന്റെ തമിഴ്‌നാട് വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് റെഡ് ജയന്റ് മൂവീസ് ആണ്. ചിത്രം ഐ മാക്സിലും റിലീസ് ചെയ്യുന്നുണ്ട്. സെൽഫിക്ക് ശേഷം മതിമാരൻ പുകഴേന്തി ഒരുക്കുന്ന ചിത്രം കൂടിയാണിത്.

മണ്ടാടിയുടെ കേരള വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസ് ആണ്. ആർഎസ് ഇൻഫോടെയ്ൻമെൻ്റിൻ്റെ ബാനറിൽ എൽറെഡ് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. തെലുങ്ക് താരം സുഹാസ് ആണ് ചിത്രത്തിലെ വില്ലനായി എത്തുന്നത്. കടലോര പശ്‌ചാത്തലത്തിൽ കഥ പറയുന്ന ആക്ഷൻ ഡ്രാമയായി ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. 100 കിലോമീറ്റർ ദൈർഘ്യമുള്ള തമിഴ്നാട് തീരപ്രദേശത്തു നടക്കുന്ന സവിശേഷമായ കായികയിനത്തെ കേന്ദ്രീകരിച്ചായിരിക്കും ചിത്രം ഒരുങ്ങുന്നത് എന്നാണ് സൂചന. ഈ സെയിലിംഗ് ബോട്ട് മൽസരത്തിലെ, മത്സ്യബന്ധന സംഘത്തിന്റെ നേതാവിന്റെ പേരാണ് മണ്ടാടി. സൂരിയെ ഏറെ മാസ് ആയി അവതരിപ്പിക്കുന്ന ഒരു ചിത്രം കൂടിയാണിത്.

സൂരിയെ കൂടാതെ, പ്രശസ്ത നടൻ സത്യരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ, മിഥുൻ ജയ് ശങ്കർ, രവീന്ദ്ര വിജയ്, ബാല ശരവണൻ, സ്റ്റൺ ശിവ, കൃതിക ബാലസുബ്രഹ്മണ്യം എന്നിവര്‍ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്. ദേശീയ പുരസ്‌കാര ജേതാവ് ജി വി പ്രകാശ് സംഗീതവും എസ് ആർ കതിർ ഛായാഗ്രഹണവും പ്രദീപ് ഇ രാഘവ് എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രം തമിഴിലും തെലുങ്കിലും ആയാണ് റിലീസ് ചെയ്യുക.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming