"ക്ലൈമാക്സ് എങ്ങനെ ചിത്രീകരിക്കുമെന്ന് ആലോചിച്ച് നില്‍ക്കുമ്പോള്‍ സുരേഷ് ഗോപിയാണ് പറഞ്ഞത് ഒരു ഡമ്മി ഇട്ട് മറിക്കാമെന്ന്"

മലയാളത്തിലെ എവര്‍ഗ്രീന്‍ ചിത്രങ്ങളില്‍ ഒന്നാണ് മണിച്ചിത്രത്താഴ്. ടെലിവിഷന്‍ സംപ്രേഷണങ്ങളില്‍ ആവര്‍ത്തിച്ച് കണ്ടിട്ടും മലയാളിക്ക് ആ ചിത്രം മടുക്കുന്നില്ല എന്നതുതന്നെ ജനപ്രീതിയുടെ വലിയ തെളിവ്. ഇപ്പോഴിതാ ചിത്രത്തിലെ ക്ലൈമാക്സ് രംഗത്തിന്‍റെ ചിത്രീകരണത്തെക്കുറിച്ച് ഫാസില്‍ പറഞ്ഞ കൗതുകകരമായ ഒരു വസ്തുത വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. ശോഭന അവതരിപ്പിച്ച ഗംഗ ശങ്കരന്‍ തമ്പി എന്ന തന്‍റെ ശത്രുവിനെ വെട്ടിക്കൊല്ലുന്നതായിരുന്നു ചിത്രത്തിന്‍റെ ക്ലൈമാക്സ്. ശങ്കരന്‍ തമ്പിയുടെ ഡമ്മിയിലാണ് ഗംഗ വെട്ടുന്നത്. ഈ ആശയം ഫാസിലിനോട് പങ്കുവച്ചത് സുരേഷ് ഗോപിയാണെന്ന് ഫാസില്‍ പറഞ്ഞിട്ടുണ്ടെന്നാണ് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞത്.

"ഫാസില്‍ സാര്‍ ഞങ്ങളോട് പറ‌ഞ്ഞിട്ടുണ്ട് മണിച്ചിത്രത്താഴിന്‍റെ ക്ലൈമാക്സിനെക്കുറിച്ച് വലിയ ആശയക്കുഴപ്പം ഉണ്ടായപ്പോള്‍ ഏറ്റവും ഗംഭീരമായ ഒരു സജക്ഷന്‍ കൊടുത്തത് സുരേഷ് ഗോപി ആയിരുന്നു. ക്ലൈമാക്സ് എങ്ങനെ ചിത്രീകരിക്കുമെന്ന് ആലോചിച്ച് നില്‍ക്കുമ്പോള്‍ സുരേഷ് ഗോപിയാണ് പറഞ്ഞത് ഒരു ഡമ്മി ഇട്ട് മറിക്കാമെന്ന്. നാഗവല്ലി ആവേശിക്കുന്ന ഗംഗയുടെ കഥാപാത്രം ആ ഡമ്മിയില്‍ വെട്ടട്ടെ എന്ന്. ആ നിര്‍ദേശം സ്വീകരിച്ച ആളാണ് ഫാസിലിനെപ്പോലെയുള്ള സംവിധായകന്‍. ഇപ്പോഴും അതിനെല്ലാം നമ്മള്‍ ഓപണ്‍ ആണ്. പക്ഷേ ഇവിടെ ഒരു എഡിറ്റ് ആരാണ് തീരുമാനിക്കുന്നത് എന്ന വലിയ സര്‍ഗാത്മകതയുടെ ഒരു വിഷയമായാണ് ഞങ്ങള്‍ കാണുന്നത്. അത് തീര്‍ച്ഛയായും ഞങ്ങളുടെ അവകാശമാണ്. അത് മറ്റാരെയെങ്കിലും കാണിക്കുമെങ്കില്‍ അത് ചിത്രത്തിന്‍റെ നിര്‍മ്മാതാവിനെ മാത്രമായിരിക്കുമെന്ന് അര്‍ഥശങ്കയ്ക്ക് ഇടയില്ലാതെ ഞങ്ങള്‍ വ്യക്തമാക്കുന്നു", ഫാസില്‍ പറഞ്ഞു.

പ്രൊഡ്യൂസേഴ്‍സ് അസോസിയേഷനുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം ഫെഫ്‍ക വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ നിലവിലെ ചില താരങ്ങളുടെ ഇടപെടല്‍ വിശദീകരിക്കവെയാണ് ഉണ്ണികൃഷ്ണന്‍ മണിച്ചിത്രത്താഴ് ഓര്‍മ്മ പങ്കുവച്ചത്. ഒരേ സമയം പല ചിത്രങ്ങള്‍ക്ക് ഡേറ്റ് നല്‍കിയും സിനിമയുടെ എഡിറ്റ് എപ്പപ്പോള്‍ കാണണമെന്ന് ആവശ്യപ്പെട്ടും പലരും സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും തലവേദന സൃഷ്ടിക്കുകയാണെന്നും ഇത് അനുവദിച്ചു കൊടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ALSO READ : 'സാഗറിന്‍റേത് പ്രണയ സ്ട്രാറ്റജി'? സെറീനയോട് സംശയം പങ്കുവച്ച് റെനീഷ