ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ വായനക്കാര്‍ മോഹൻലാല്‍ അനുഭവങ്ങള്‍ പങ്കുവയ്‍ക്കുന്നു.
മോഹൻലാൽ, ഈ പേര് മലയാളികൾക്കൊരു വികാരമാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ മനസിൽ കയറിക്കൂടിയ വികാരം. മോഹൻലാലിലുമായി ബന്ധപ്പെട്ട് ഒരു വാർത്തയോ, ഓർമയോ, സിനിമയോ ഇല്ലാത്ത ഒരു ദിവസം പോലും മലയാളികൾക്കില്ലെന്ന് പറയുന്നതാകും ശരി. പാട്ടുകളും ഡയലോഗുകളായുമൊക്കെ ആയി ആരാധകരുടെ 'ലാലേട്ടൻ' അങ്ങനെ നിറഞ്ഞു നിൽക്കും. ആ അതുല്യ നടനുമായി ബന്ധപ്പെട്ട അനുഭവങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ വായനക്കാര്‍ പങ്കുവയ്‍ക്കുന്നു.
സുരേഷ് കുമാർ നെട്ടൂരിന്റെ അനുഭവം
നേരിൽ കണ്ടപ്പോഴെല്ലാം ഓർത്തു വയ്ക്കാൻ കുറേ നല്ല അനുഭവങ്ങൾ മാത്രം..തന്നോട് ഇടപഴകുന്ന ആളുകളെ സസൂഷ്മം നിരീക്ഷിക്കുന്ന ഒരു വ്യക്തിയാണ്. വാക്കുകളിലും നോട്ടത്തിലും ആർദ്രത, സ്നേഹം ഇവ പ്രതിഫലിക്കും. കൊച്ചിയിലെ കുമ്പളത്തുള്ള ലാലേട്ടന്റെ സുഹൃത്ത് ജോയ് തോമസിന്റെ ചേ ചോയ്സ് ഹൗസിൽ വച്ച് ഒരു ദിവസം കണ്ടുമുട്ടി. ഒരുമിച്ച് ഫോട്ടോ എടുക്കുന്ന സമയത്ത് ലാലേട്ടൻ എന്നോട് പതിയെ പറഞ്ഞു: ക്യാമറക്ക് മുന്നിൽ പോസ് ചെയ്യുമ്പോൾ വായ് തുറന്നു കാട്ടരുത് എന്ന്. (ചുണ്ടുകൾ ചേർത്തു വയ്ക്കണം എന്ന് ചുരുക്കം)ആ ഉപദേശം ഞാൻ എന്നും ഓർത്തു വെക്കുന്ന ഒന്നാണ്.
ദീപേഷ് എന്ന ആരാധകന്റെ അനുഭവം
സിനിമ കാണാൻ തുടങ്ങിയ അന്ന് മുതൽ മനസ്സിൽ കേറിയ മുഖം ആണ് ലാലേട്ടന്റേത്. സ്കൂളിൽ പഠിക്കുന്ന സമയത്ത് ഹെയർ സ്റ്റൈൽ മോഹൻലാലിന്റെ പോലെ ആകണം എന്നായിരുന്നു അതിനായി സൈഡിലേക്ക് മുടി ചീകി വെക്കും എന്നാലും പഴയ പോലെ ആകും. റേഡിയോയിൽ പാട്ട് വരുന്ന സമയത്ത് വെയിറ്റ് ചെയ്യുന്നത് രണ്ടു പാട്ടുകൾക്കാണ്. തംബുരു കുളിർ ചൂടിയ...രണ്ടാമത്തേത്.. കൈത്തപൂവിൽ.. ഇതിൽ രണ്ടിലും ലാലേട്ടന്റെ ഭാഗം വരുമ്പോൾ കിട്ടുന്ന ഫീൽ പറഞ്ഞ് അറിയിക്കാൻ പറ്റാത്തത് ആയിരുന്നു.
തീയേറ്ററിൽ വെച്ച് ആദ്യം കണ്ട സിനിമ നരസിംഹം ആണ്. വീട്ടുകാർ ചീത്ത പറഞ്ഞതും ഈ സിനിമ കാരണമാണ്. ടിവിയിൽ എത്ര തവണ വന്നാലും പിന്നെയും ഇരുന്നു കാണും. ലാലേട്ടന്റെ സിനിമകളിലെ ഡയലോഗുകൾ മനഃപാഠമാക്കിയത് പോലെയായി.

കൂട്ടുകാർ അടികൂടുമ്പോൾ യോദ്ധയിലെ ആക്ഷനും. ഓതിരം കടകം ഡയലോഗും പതിവായിരുന്നു. കൂടാതെ അതിൽ ലാലേട്ടൻ മറിയുന്നത് പോലെ ചെയ്യറും ഉണ്ടായിരുന്നു. ഏറ്റവും കൂടുതൽ സിഡികൾ വാങ്ങിയത് കോളേജ് ടൈമിൽ ആയിരുന്നു. ടിവിയിൽ വരുന്ന സിനിമ ആയാലും സിഡി വാങ്ങി വെക്കാറുണ്ട്. പലതും ഇപ്പോൾ നഷ്ടപ്പെട്ടു. ബാക്കിയുള്ള ചിലതിൽ കുറച്ച് എണ്ണം ആണ് മുകളിലത്തെ ഫോട്ടോയിൽ. കഥാപാത്രങ്ങളിൽ നിന്ന് കഥാപാത്രങ്ങളിലേക്ക് പരാകയാ പ്രവേശം നടത്തുന്ന അമാനുഷികൻ ആയിട്ടാണ് ലാലേട്ടനെ കുറിച്ച് തോന്നുന്നത്.



