മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗിന്‍റ മരണവുമായി ബന്ധപ്പെട്ട് സിനിമ പ്രവര്‍ത്തകരായ സുഹൃത്തുക്കളുടെ മൊഴിയെടുക്കുമെന്ന് പൊലീസ്. നടി റിയ ചക്രബൊർത്തിയേയും ടെലിവിഷൻ നടൻ മഹേഷ് ഷെട്ടിയേയും ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. മരിക്കുന്നതിന് തലേന്ന് സുശാന്ത് രണ്ട് സുഹൃത്തുക്കളെയും വിളിച്ചതായി പൊലീസ് കണ്ടെത്തി. സുശാന്ത് സിംഗിന്‍റ മരണം കൊലപാതകമാണെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയതിന് പിന്നാലെ പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.

മരണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സുശാന്തിന്‍റെ അമ്മാവൻ വാർത്താ ഏജൻസിയോട് പറഞ്ഞു. ആരോപണമുയർന്ന സാഹചര്യത്തിൽ സുശാന്തിന്‍റെ സാമ്പത്തിക ഇടപാടുകളടക്കം അന്വേഷിക്കുമെന്നാണ് പൊലീസ് നൽകുന്ന വിവരം. സംസ്കാര ചടങ്ങുകൾക്കായി  പാറ്റ്നയിലെ കുടുബ വീട്ടിലെത്തിയപ്പോഴാണ് സുശാന്തിന്‍റെ അമ്മാവന്‍ മരണത്തില്‍ ദുരൂഹത ആരോപിച്ചത്. സുശാന്ത് ഒരിക്കലും ജീവനൊടുക്കില്ലെന്നും എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് കുടുംബത്തിനറിയില്ലെന്നും സുശാന്തിന്‍റെ അമ്മാവന്‍ പറഞ്ഞു. പൊലീസ് അന്വേഷണത്തിലൂടെ സത്യം പുറത്ത് കൊണ്ടുവരണം എന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.

Also Read: 'സുശാന്ത് ആത്മഹത്യ ചെയ്യില്ല', മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം

സിബിഐ അന്വേഷണം വേണമെന്ന് ബന്ധുക്കളെ കണ്ട ശേഷം ബീഹാറിലെ ജൻ അധികാർ പാർട്ടി നേതാവ് പപ്പു യാദവ് ആവശ്യപ്പെട്ടു. എന്നാൽ, സുശാന്തിന്‍റെ മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പക്ഷെ മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിയിട്ടില്ല. മരിക്കും മുൻപ് തലേന്ന് രാത്രി സുശാന്ത് ഫോൺ വിളിച്ചതായി കണ്ടെത്തിയ നടി റിയാ ചക്രബൊർത്തിയുടേയും നടൻ മഹേഷ് ഷെട്ടിയുടേയും മൊഴി രേഖപ്പെടുത്തും. 

അഞ്ചുമാസമായി സുശാന്ത് വിഷാദ രോഗത്തിന് ചികിത്സയിലാണെന്നാണ് പൊലീസ് പറയുന്നത്. ചികിത്സിച്ച മനശാസ്ത്രഞ്ജനെയും പൊലീസ് ചോദ്യം ചെയ്യും. ഈ മാസം ആറാം തീയതിയാണ് സുശാന്തിന്‍റെ മുൻ മാനേജർ ദിഷ സാലിയാൻ ആത്മഹത്യ ചെയ്തത്. ഈ സംഭവവും സുശാന്തിന്‍റെ മരണവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നും അന്വേഷിക്കും. ബന്ധുക്കൾക്ക് വിട്ട് കൊടുക്കും മുൻപ് മൃതദേഹത്തിൽ നിന്ന് കൊവിഡ് പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.

Also Read: സുശാന്ത് സിംഗ് രാജ്പുത്തിന്റെ അവസാന മണിക്കൂറുകൾ ഇങ്ങനെ