Asianet News MalayalamAsianet News Malayalam

വിശാലിന്‍റെ കൈക്കൂലി ആരോപണത്തില്‍ പ്രതികരിച്ച് കേന്ദ്ര സര്‍ക്കാര്‍; അന്വേഷണം പ്രഖ്യാപിച്ചു

തന്റെ സിനിമാ ജീവിതത്തില്‍ ഇത്തരമൊരു അനുഭവം ആദ്യമായിട്ടാണെന്ന് വിശാല്‍ പറഞ്ഞത്

Tamil actor Vishal alleges corruption in CBFC Centre initiates inquiry vvk
Author
First Published Sep 29, 2023, 3:26 PM IST

ചെന്നൈ: സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി നല്‍കേണ്ടി വന്നെന്ന നടന്‍ വിശാലിന്‍റെ ആരോപണത്തിന് പിന്നാലെ അന്വേഷണം ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍. പുതിയ ചിത്രമായ മാര്‍ക്ക് ആന്റണിയുടെ ഹിന്ദി പതിപ്പിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ആറര ലക്ഷം രൂപ കൈക്കൂലി കൊടുക്കേണ്ടി വന്നുവെന്നായിരുന്നു വിശാലിന്‍റെ വെളിപ്പെടുത്തല്‍. മുംബൈയിലെ സെന്‍സര്‍ ബോര്‍ഡ് ഓഫീസില്‍ സര്‍ട്ടിഫിക്കറ്റിനായി സമീപിച്ചപ്പോഴാണ് അനുഭവം എന്നും വിശാല്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വെളിപ്പെടുത്തിയത്. 

രണ്ടു തവണയായി പണം കൈമാറിയതിന്റെ വിവരങ്ങളും വിശാല്‍ പങ്കുവച്ചു. മൂന്നു ലക്ഷം രൂപ രാജന്‍ എന്നയാളുടെ അക്കൗണ്ടിലേക്കും മൂന്നര ലക്ഷം രൂപ ജീജ രാംദാസ് എന്ന വ്യക്തിയുടെ അക്കൗണ്ടിലേക്കുമാണ് അയച്ചത്. ഇവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും വിശാല്‍ പുറത്തുവിട്ടു. 

തന്റെ സിനിമാ ജീവിതത്തില്‍ ഇത്തരമൊരു അനുഭവം ആദ്യമായിട്ടാണെന്ന് വിശാല്‍ പറഞ്ഞു. വിഷയത്തില്‍ പ്രധാനമന്ത്രിയും മഹാരാഷ്ട്ര മുഖ്യമന്ത്രിയും ഇടപെടണം. ഇത് തനിക്ക് വേണ്ടി മാത്രമല്ലെന്നും മറ്റ് നിര്‍മാതാക്കള്‍ക്ക് കൂടിയാണെന്നും വിശാല്‍ പറഞ്ഞത്. 

അതിന് പിന്നാലെ കേന്ദ്ര വാര്‍ത്ത വിനിമയ മന്ത്രാലയം സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച് മന്ത്രാലയം എക്സ് അക്കൌണ്ട് വഴി അന്വേഷണം പ്രഖ്യാപിച്ച് ട്വീറ്റ് ചെയ്തു. നടന്‍ വിശാല്‍ ഉയര്‍ത്തിക്കൊണ്ടുവന്ന കൈക്കൂലി ആരോപണം തീര്‍ത്തും ദൌര്‍ഭാഗ്യകരമെന്നാണ് മന്ത്രാലയത്തിന്‍റെ എക്സ് പോസ്റ്റില്‍ പറയുന്നത്. 

അഴിമതിയോട് സര്‍ക്കാറിന് സഹിഷ്ണുതയില്ല. ഇതില്‍ ഉൾപ്പെട്ടിരിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും. അന്വേഷണത്തിനായി ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ മുംബൈയിലേക്ക് അയച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള അനുഭവം ഉണ്ടായവര്‍ jsfilms.inb@nic.in ഇ-മെയിലില്‍ വിവരങ്ങള്‍ പങ്കുവയ്ക്കണമെന്നും
മന്ത്രാലയവുമായി സഹകരിക്കണമെന്നും - എക്സ് പോസ്റ്റില്‍ പറയുന്നു.
 

'എന്നടാ പണ്ണി വെച്ചിറുക്കെ !' : പ്രേക്ഷകരെ ഞെട്ടിച്ച് 'മാര്‍ക്ക് ആന്‍റണി', പ്രതികരണങ്ങള്‍ ഇങ്ങനെ.! 

വിജയ്ക്ക് നന്ദി, അജിത്ത് റഫറന്‍സ്, സില്‍ക് , കാര്‍ത്തി: ഫുള്‍ സര്‍പ്രൈസായി മാര്‍ക്ക് ആന്‍റണി തകര്‍ക്കുന്നു

Follow Us:
Download App:
  • android
  • ios