ദളപതി വിജയ് നായകനാകുന്ന അവസാന സിനിമയുടെ അപ്‍ഡേറ്റില്‍ നിറയെ വൈകാരിക നിമിഷങ്ങള്‍.

ദളപതി വിജയ് ഒരു വികാരമാണ് സിനിമാ പ്രേക്ഷകര്‍ക്ക്. വിജയ് നായകനായി എത്തുന്ന സിനിമകള്‍ ആഘോഷമായി മാറുന്നതും അതുകൊണ്ടാണ്. രാഷ്‍ട്രീയ പ്രവേശം പ്രഖ്യാപിച്ചപ്പോള്‍ അടുത്ത സിനിമയോടെ വിജയ് മാറിനില്‍ക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്‍തിരുന്നു. ദളപതി 69 ആയിരിക്കും അവസാന സിനിമ എന്നായിരുന്നു പ്രഖ്യാപിച്ചത്. അതിനാല്‍ ആകാംക്ഷയോടെയാണ് ആരാധകര്‍ ആ സിനിമയ്‍ക്കായി കാത്തിരിക്കുന്നു. ദളപതി 69ന്റെ നിര്‍ണായക അപ്‍ഡേറ്റുമായി വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. വൈകാരിക നിമിഷങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്തുവിട്ടിരിക്കുന്നത്.

ദ ലവ് ഫോര്‍ ദളപതിയെന്നാണ് വീഡിയോയുടെ തലക്കെട്ട്. ദളപതി വിജയ് ആരാധകരുടെ സ്‍നേഹം വീഡിയോയില്‍ വെളിപ്പെടുത്തുന്നു. കേരളത്തിലെ വിജയ് ആരാധകരും ആ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. തിയറ്ററുകള്‍ നിറയ്‍ക്കുന്ന വിജയ്‍യുടെ സിനിമയുടെ ആഘോഷങ്ങള്‍ ഓര്‍മപ്പെടുത്തുന്നുമുണ്ട്.

സെപ്‍റ്റംബര്‍ 14ന് വൈകുന്നേരത്തോടെയാകും വിജയ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം. അഞ്ച് മണിക്കാണ് വിജയ്‍യുടെ അവസാന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുക. സംവിധാനം നിര്‍വഹിക്കുന്നത് എച്ച് വിനോദാണ്. സംഗീതം നിര്‍വഹിക്കുക അനിരുദ്ധ് രവിചന്ദറാണ്.

ദളപതി വിജയ് നായകനായി ഒടുവില്‍ ദ ഗോട്ടാണ് പ്രദര്‍ശനത്തിന് എത്തിയതും വിജയമായതും. ഗാന്ധി എന്നായിരുന്നു വിജയ് ചിത്രത്തിന് ആദ്യം പേരിട്ടതെന്നും വെങ്കട് പ്രഭു അഭിമുഖത്തില്‍ പറഞ്ഞതും ചര്‍ച്ചയായിരുന്നു. ദ ഗോട്ട് എന്ന സിനിമയെ കുറിച്ച് നടൻ അജിത്ത് കുമാര്‍ അഭിപ്രായപ്പെട്ടതും സംവിധായകൻ വെങ്കട് പ്രഭു സൂചിപ്പിച്ചിരുന്നു. മങ്കാത്തയുടെ ചിത്രീകരണ സമയത്ത് പലപ്പോഴും തന്നോട് അടുത്തത് വിജയ് നായകനാകുന്ന ഒരു ചിത്രം ചെയ്യുമെന്ന് അജിത്ത് സൂചിപ്പിക്കുമായിരുന്നു എന്ന് പറഞ്ഞിരുന്നു അദ്ദേഹം. ഒടുവില്‍ ഞാൻ വിജയ് നായകനാകുന്ന ദ ഗോട്ട് ചെയ്യുന്നത് അജിത്തിനോട് വ്യക്തമാക്കിയപ്പോഴും പറഞ്ഞ മറുപടി ആവേശം നല്‍കുന്നതാണ്. വര്‍ഷങ്ങളായി നിങ്ങളോട് ഞാൻ പറയുന്നതല്ലേ. സൂപ്പര്‍ എന്നായിരുന്നു അജിത്തിന്റെ മറുപടി. മങ്കാത്തയേക്കാള്‍ 100 മടങ്ങ് മികച്ചതായിരിക്കണം ദ ഗോട്ട് എന്നും അജിത്ത് കുമാര്‍ പറഞ്ഞതായി വെങ്കട് പ്രഭു വെളിപ്പെടുത്തിയിരുന്നു.\\

Read More: രഹസ്യം പുറത്ത്, കഴിഞ്ഞ വര്‍ഷം വിവാഹിതയായിരുന്നു, നടന്നത് വെളിപ്പെടുത്തി ദിയ കൃഷ്‍ണ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക