ചിത്രം ടൊവിനോയുടെ കരിയര്‍ ബെസ്റ്റ് ഓപണിംഗ് ആവാനുള്ള സാധ്യതയും ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നുണ്ട്

പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ എത്തിത്തുടങ്ങിയതു മുതല്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് ടൊവിനോ തോമസ് നായകനായ തല്ലുമാല. ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രത്തിന് അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗിലും വന്‍ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അഡ്വാന്‍സ് ബുക്കിംഗിലൂടെ മാത്രം ചിത്രം ഒരു കോടിക്ക് മുകളില്‍ നേടിയെന്ന് അനൌദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഉണ്ട്. നാളെ തിയറ്ററുകളിലെത്തുന്ന ചിത്രത്തിന് മികച്ച സ്ക്രീന്‍ കൌണ്ടോടെ വൈഡ് റിലീസ് ആണ് ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ 231 തിയറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക.

റിലീസ് ദിനത്തില്‍ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി ലഭിക്കുന്നപക്ഷം മലയാളത്തില്‍ അടുത്ത ബോക്സ് ഓഫീസ് വിജയമായേക്കാവുന്ന ചിത്രം എന്നാണ് തല്ലുമാലയെ ട്രേഡ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. ചിത്രം ടൊവിനോയുടെ കരിയര്‍ ബെസ്റ്റ് ഓപണിംഗ് ആവാനുള്ള സാധ്യതയും ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നുണ്ട്. ചിത്രത്തിന്‍റെ നേരത്തെയെത്തിയ ട്രെയ്ലറിനും പാട്ടിനുമൊക്കെ മികച്ച പ്രതികരണം ലഭിച്ചിരുന്നു. മിന്നല്‍ മുരളിക്കു ശേഷം ടൊവിനോയുടേതായി എത്തുന്ന മാസ് ചിത്രം എന്നതും പ്രീ റിലീസ് ഹൈപ്പ് ഉയര്‍ത്തിയ ഘടകമാണ്. ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ഇന്നലെ നടത്താന്‍ നിശ്ചയിച്ച പരിപാടി വന്‍ ജനത്തിരക്ക് മൂലം റദ്ദാക്കേണ്ടിവന്നിരുന്നു. 

മുഹ്‍സിന്‍ പരാരിയും അഷ്‍റഫ് ഹംസയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ആഷിക് ഉസ്‍മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിക് ഉസ്‍മാന്‍ ആണ് നിര്‍മ്മാണം. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ഇരുപതുവയസ്സുകാരനായാണ് ടൊവിനോ എത്തുന്നത്. മണവാളന്‍ വസിം എന്നാണ് ടൊവിനോയുടെ നായക കഥാപാത്രത്തിന്റെ പേര്. ബീപാത്തു എന്നാണ് കല്യാണിയുടെ കഥാപാത്രത്തിന്‍റെ പേര്. ദുബൈയിലും തലശ്ശേരിയിലും കണ്ണൂരിലെ പരിസരങ്ങളിലുമായിരുന്നു സിനിമയുടെ പ്രധാന രംഗങ്ങളുടെ ചിത്രീകരണം നടന്നത്. ചിത്രത്തിലെ കണ്ണിൽ പെട്ടൊളേ എന്ന് തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇംഗ്ലീഷിലും അറബിയിലും മലയാളത്തിലുമായാണ് ഈ ഗാനത്തിന്റെ വരികൾ.

ALSO READ : 'തല്ലുമാല'യ്ക്ക് വന്‍ പ്രതികരണം; അഡ്വാന്‍സ് റിസര്‍വേഷനിലൂടെ മാത്രം ഒരു കോടി?

ഛായാഗ്രഹണം ജിംഷി ഖാലിദ്, ഗാനരചന മുഹ്‌സിന്‍ പരാരി, സം​ഗീതം വിഷ്‍ണു വിജയ് സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മന്‍ വള്ളിക്കുന്ന്, എഡിറ്റിംഗ് നിഷാദ് യൂസഫ്, കലാസംവിധാനം ഗോകുല്‍ദാസ്, മേക്കപ്പ് റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ റഫീഖ് ഇബ്രാഹിം, ഡിസൈന്‍ ഓള്‍ഡ്‌ മങ്ക്സ്, സ്റ്റില്‍സ് വിഷ്ണു തണ്ടാശ്ശേരി. വാർത്താ പ്രചരണം എ എസ് ദിനേശ്. മാര്‍ക്കറ്റിംഗ് പ്ലാന്‍ ഒബ്സ്ക്യൂറ എന്‍റര്‍ടെയ്ന്‍‍മെന്‍റ്.