25 വർഷം മുൻപ് ബ്ലോക്ക്ബസ്റ്ററായ രജനികാന്ത് ചിത്രം 'പടയപ്പ' വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നു. രജനികാന്തിന്റെ സിനിമയിലെ 50 വർഷങ്ങൾ ആഘോഷിക്കുന്നതിന്റെ ഭാഗമായി, അദ്ദേഹത്തിന്റെ ജന്മദിനത്തിൽ 2025 ഡിസംബർ 12-ന് ചിത്രം റീ-റിലീസ് ചെയ്യും.
25 വർഷങ്ങൾക്ക് മുൻ റിലീസ് ചെയ്ത് ബ്ലോക് ബസ്റ്റർ ഹിറ്റായി മാറിയ രജനികാന്ത് ചിത്രം പടയപ്പ വീണ്ടും തിയറ്ററിലേക്ക് എത്തുകയാണ്. ഇതോട് അനുബന്ധിച്ചുള്ള ഗ്ലിംപ്സ് വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. റിട്ടേൺ ഓഫ് പടയപ്പ എന്ന ഹാഷ് ടാഗോടെയാണ് വീഡിയോ പുറത്തുവന്നത്. ഗ്ലിംപ്സ് പങ്കുവച്ച് മകൾ സൗന്ദര്യ രജനികാന്ത് കുറിച്ച വാക്കുകൾ ഇപ്പോൾ ശ്രദ്ധനേടുകയാണ്. പടയപ്പ വെറുമൊരു സിനിമ മാത്രമല്ലെന്നും വികാരവും ലെഗസിയുമാണെന്ന് സൗന്ദര്യ കുറിക്കുന്നു.
"അവിസ്മരണീയമായ 50 വർഷങ്ങൾ.. തൻ്റെ കൃപയും വിനയവും കൊണ്ട് സ്‌ക്രീനിൽ സമാനതകളില്ലാത്ത മാന്ത്രികതയും കൊണ്ട്, തലമുറകളെ പ്രചോദിപ്പിച്ചു കൊണ്ടിരിക്കുകയാണ് സൂപ്പർ സ്റ്റാർ രജനികാന്ത്. തലൈവർ തൻ്റെ ഏറ്റവും മികച്ച സൃഷ്ടികളിലൊന്നിന് പിന്നിലെ ഓർമ്മകൾ പുനരുജ്ജീവിപ്പിക്കുകയാണ് ഇപ്പോൾ. സൂപ്പർ സ്റ്റാർ തന്നെ നിർമ്മിച്ച പടയപ്പ എന്ന അതുല്യ സൃഷ്ടി. 25 വർഷങ്ങൾക്ക് ശേഷം ആദ്യമായി അദ്ദേഹത്തിൻ്റെ ഹൃദയത്തിൽ നിന്ന് ഉരുത്തിരിഞ്ഞൊരു കഥയുള്ള ചിത്രം വീണ്ടും ബിഗ് സ്‌ക്രീനിൽ എത്തുന്നു. ഒരു സിനിമ എന്നതിലുപരി അതൊരു വികാരമാണ്, പാരമ്പര്യമാണ്. ചിത്രം 12/12/2025-ന് തിയേറ്ററുകളിൽ വീണ്ടും അലയടിക്കും. #TheReturnOfPadayappaയ്‌ക്ക് തയ്യാറാകൂ. 50 വർഷത്തെ സ്നേഹം. 50 വർഷത്തെ ഭക്തി. നമ്മുടെ തലൈവരുടെ 50 വർഷം. ഈ തിരിച്ചുവരവ് നമുക്കെല്ലാവർക്കും വേണ്ടിയാണ്", എന്നാണ് സൗന്ദര്യ രജനികാന്ത് കുറിച്ചത്.
രജനികാന്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് പടയപ്പയുടെ റീ റിലീസ്. 2017ൽ തെരഞ്ഞെടുക്കപ്പെട്ട ഏതാനും തിയറ്ററുകളിൽ പടയപ്പ റീ റിലീസ് ചെയ്തിരുന്നു. അന്ന് ഡിസംബർ 11ന് ആയിരുന്നു റിലീസ്. കെ.എസ്. രവികുമാറിന്റെ സംവിധാനത്തിൽ 1999ൽ റിലീസ് ചെയ്ത ചിത്രമാണ് പടയപ്പ. ആക്ഷനും ഇമോഷനും മാസും എല്ലാം കോർത്തിണക്കിയ ചിത്രത്തിലെ പ്രധാന ഹൈലൈറ്റ് രമ്യാ കൃഷ്ണന്റെ നിലാംബരി എന്ന കഥാപാത്രവും രജനികാന്തിന്റെ പടയപ്പ എന്ന വേഷവുമാണ്. ഇരുവരും ഒന്നിച്ചെത്തിയ സീനുകളും ഡയലോഗുകളും ഇന്നും വൻ ഹിറ്റാണ്. രജനീകാന്തിനൊപ്പം സൗന്ദര്യ, രമ്യ കൃഷ്ണൻ, ശിവാജി ഗണേശൻ, നാസർ, ലക്ഷ്മി, എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.



