തന്റെ സിനിമാ ജീവിതത്തിൽ അച്ഛൻ തിലകൻ ഒരു തവണ മാത്രമേ ശുപാർശ ചെയ്തിട്ടുള്ളൂവെന്ന് ഷമ്മി തിലകൻ വെളിപ്പെടുത്തി.

മലയാളത്തിൽ മികച്ച സിനിമകളുടെ ഭാഗമായി ഗംഭീര പ്രകടനമാ കാഴ്ചവെക്കുന്ന താരമാണ് ഷമ്മി തിലകൻ. ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം 'വിലായത്ത് ബുദ്ധ'യിലെ ഷമ്മി തിലകൻ അവതരിപ്പിച്ച ഭാസ്കരൻ മാസ്റ്റർ എന്ന കഥാപാത്രം ഏറെ ചർച്ചചെയ്യപ്പെടുന്നുണ്ട്. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തിൽ അച്ഛൻ തിലകന്റെ പങ്കിനെ കുറിച്ച് സംസാരിക്കുകയാണ് ഷമ്മി തിലകൻ. അച്ഛൻ ജീവിതത്തിൽ ഒരിക്കൽ മാത്രമേ തനിക്ക് വേണ്ടി റെക്കമെന്റ് ചെയ്തിട്ടുള്ളൂ എന്നാണ് ഷമ്മി തിലകൻ പറയുന്നു.

"ഇരകളുടെ കഥപറയാന്‍ വേണ്ടി കെ.ജി ജോര്‍ജ് സാര്‍ വീട്ടില്‍ വന്നിട്ടുണ്ടായിരുന്നു. ആ സമയത്ത് ഞാന്‍ വരച്ച ചില പടങ്ങള്‍, പി.ജെ ആന്റണി സാറിന്റെയും അരവിന്ദന്‍ സാറിന്റെയും പോര്‍ട്രെയ്റ്റുകള്‍ വീട്ടിലെ ഹാളില്‍ ഉണ്ടയായിരുന്നു. ജോര്‍ജ് സാര്‍ ഇരിക്കുന്ന ഭാഗത്തായിരുന്നു അത്. 'ഇതാരാ വരച്ചത്' എന്ന് ജോര്‍ജ് സാര്‍ ചോദിച്ചപ്പോള്‍ അച്ഛന്‍ എന്റെ പേര് പറഞ്ഞു 'കൊള്ളാം, നന്നായിട്ടുണ്ട്' എന്നായിരുന്നു ജോര്‍ജ് സാറിന്റെ പറഞ്ഞത്. അച്ഛന്‍ കുറച്ചുനേരം ആലോചിച്ച് ഇരുന്നിട്ട് 'പുതിയ പടത്തില്‍ ഒരു വേഷമുണ്ടെങ്കില്‍ ഷമ്മിക്ക് കൊടുത്തേക്ക്' എന്ന് പറഞ്ഞു. ജോര്‍ജ് സാര്‍ ആ കാര്യം മനസില്‍ ആലോചിക്കുകയായിരുന്നു. അച്ഛന്‍ അതിനെ സ്‌ട്രോങ്ങാക്കി. എനിക്ക് വേണ്ടി അച്ഛന്‍ ആ ഒരൊറ്റ സിനിമയിൽ മാത്രമേ റെക്കമെന്റ് ചെയ്തിട്ടുള്ളൂ" ഷമ്മി തിലകൻ പറയുന്നു. ദി ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഷമ്മി തിലകന്റെ പ്രതികരണം.

കെ.ജി ജോർജ് സംവിധാനം ചെയ്ത മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിലൊന്നാണ് ഇരകൾ. ചിത്രത്തിലെ ഗണേഷ് കുമാർ അവതരിപ്പിച്ച ബേബിയുടെ ക്ലാസ്മേറ്റ് ആയ സിറിൾ എന്ന കഥാപാത്രമായാണ് ഷമ്മി തിലകൻ വേഷമിട്ടത്.

അതേസമയം ഷമ്മി തിലകന്റെ ഏറ്റവും പുതിയ ചിത്രം വിലായത്ത് ബുദ്ധ തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. പൃഥ്വിരാജ് നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജയൻ നമ്പ്യാർ ആണ്.വിലായത്ത് ബുദ്ധയ്ക്ക് ശേഷം താൻ സിനിമയിൽ നിന്നും വിരമിക്കാൻ തീരുമാനമെടുത്തു എന്ന കാര്യവും ഷമ്മി തിലകൻ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. കൂടെ അഭിനയിക്കുന്ന കോ ആർട്ടിസ്റ്റുകൾ താൻ അഭിനയിക്കുമ്പോൾ റിയാക്ഷൻ തരാതെ നിൽക്കുന്നുവെന്നും, അങ്ങനെ ചെയ്യാത്ത രണ്ട് പേർ പൃഥ്വിരാജും ദുൽഖറുമായിരുന്നെന്ന് ഷമ്മി തിലകൻ പറയുന്നു.

YouTube video player