ഒമ്പത് മിനിറ്റ് മാത്രം ദൈർഘ്യമുള്ള 'റോബസ്റ്റ' ഇതിനോടകം നിരവധി പുരസ്‍കാരങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.
ആധുനിക സമൂഹത്തിന്റെ നേർചിത്രം വൃത്യസ്‍ത പ്രമേയത്തിലൂടെ പ്രേക്ഷകന് മുന്നിലെത്തിച്ച് ശ്രദ്ധ നേടുകയാണ് 'റോബസ്റ്റ' എന്ന ഹ്രസ്വ ചിത്രം. കണ്ടും അനുഭവിച്ചും ശ്രദ്ധിക്കപ്പെടാതെയും കടന്നുപോയ ചില ജാതി ചിന്തകളും തൊട്ടുകൂടായ്‍മകളും എങ്ങനെ സമൂഹത്തിൽ പ്രതിഫലിക്കുന്നുവെന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒമ്പത് മിനിറ്റ് മാത്രം ദൈർഘ്യമുള്ള 'റോബസ്റ്റ' ഇതിനോടകം നിരവധി രാജ്യാന്തരമേളകളിലടക്കം 'റോബസ്റ്റ' പുരസ്‍കാരങ്ങൾ വാരിക്കൂട്ടി.
പതിനൊന്നാമത് ദാദ സാഹിബ് ഫാൽകെ ഷോർട് ഫിലിം ഫെസ്റ്റിവലിൽ മികച്ച ഇന്ത്യൻ ഷോർട് ഫിലിമിനുള്ള പുരസ്‌കാരം, കേരള ചലച്ചിത്ര അക്കാദമിയും കോൺടാക്ടും ചേർന്നു നടത്തിയ പതിമൂന്നാമമത് സിഎസ്എഫ്എഫ്‍കെ ഫെസ്റ്റിവലിൽ മികച്ച സംവിധായകനുള്ള പുരസ്‌കാരം, എംഐടിഇഇ പൂനെ ഫെസ്റ്റിവലിൽ മികച്ച ഛായാഗ്രഹകനുള്ള പുരസ്‌കാരം, ന്യൂയോർക്കിൽ നടന്ന എഫ്എഫ്‍ടിജി ഇന്റർനാഷണൽ പോസ്റ്റർ കോണ്ടെസ്റ്റിൽ ഏറ്റവും മികച്ച പോസ്റ്ററിനുള്ള പുരസ്‌കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ ഇതിനോടകം 'റോബസ്റ്റ' നേടിയെടുത്തിട്ടുണ്ട്.
ടിറ്റോ പി തങ്കച്ചൻ സംവിധാനം നിർവ്വഹിച്ച ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആനന്ദ് ശങ്കറാണ്. റാബിൻ രഞ്ജിയാണ് ചിത്ര നിർമ്മാണം. ഇരുപതാം നൂറ്റാണ്ടിൽ പുരോഗതിയുടെ ഔന്നിത്യത്തിൽ എത്തി നിൽക്കുന്നു എന്ന് അവകാശപ്പെടുമ്പോൾ മനുഷ്യർ തമ്മിലുള്ള അന്തരം പണത്തിന്റെ മാത്രമല്ല ജാതിയുടെ തുലാസിലും മാറ്റമില്ലാതെ തുടരുന്നു എന്ന ഗൗരവമേറിയ വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.
റിയലിസ്റ്റിക്കായി ചിത്രീകരിച്ചിരിക്കുന്ന 'റോബസ്റ്റ'യിൽ സിങ്ക് സൗണ്ട് ശബ്‍ദാനുഭവമാണ് ഉപയോഗിച്ചിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. പുതുമുഖങ്ങളായ ഒരുകൂട്ടം മനുഷ്യരെ നാട്ടിൻപുറത്തിന്റെ ഭംഗിയിൽ ലളിതമായി അവതരിപ്പിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ആദ്യമായി ക്യാമറയ്ക്ക് മുൻപിൽ എത്തിയവരാണ് ഇവരൊക്കെ. കൊവിഡ് സാഹചര്യത്തിൽ ഒരേയൊരു ലൊക്കേഷനിൽ ആറ് മണിക്കൂർ കൊണ്ടാണ് 'റോബസ്റ്റ' എന്ന ചിത്രം പൂർത്തീകരിച്ചത്.
Read More: വിജയ് നായകനായി സിനിമ ചെയ്യുമോ? വിഘ്‍നേശ് ശിവന്റെ മറുപടി ഇങ്ങനെ
