2025-ൽ തമിഴ് സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് ടൂറിസ്റ്റ് ഫാമിലി. 

ചെന്നൈ: 2025-ൽ തമിഴ് സിനിമ രംഗത്തിന് പൊതുവില്‍ ഇതുവരെ ഉയര്‍ച്ചകളും താഴ്ച്ചകളുടെ വര്‍ഷമാണ്. ആറുമാസം പൂര്‍ത്തിയാകാന്‍ പോകുമ്പോള്‍ ഓരോ മാസവും കുറഞ്ഞത് ഒരു ഹിറ്റ് ചിത്രം തീയ്യറ്ററുകളിലെത്തുന്നു എന്നതാണ് തമിഴിന് ആശ്വാസം. ജനുവരിയിൽ മദ ഗജ രാജ, കുടുംബസ്ഥന്‍ എന്നീ ചിത്രങ്ങള്‍ വിജയിച്ചപ്പോള്‍. ഫെബ്രുവരിയിൽ ഡ്രാഗണും, മാർച്ചിൽ വീര ധീര സൂരൻ, ഏപ്രിലിൽ അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലിയും വിജയം നേടി.

എന്നാല്‍ ഈ വര്‍ഷം ഇതുവരെ കോളിവുഡില്‍ ഏറ്റവും കൂടുതൽ ലാഭം ഉണ്ടാക്കിയ ചിത്രം ശശി കുമാര്‍ നായകനായി എത്തി ടൂറിസ്റ്റ് ഫാമിലിയാണ്. മേയ് 1-ന് റിലീസ് ചെയ്ത ഈ ചിത്രം പുതിയ സംവിധായകനായ അബിഷൻ ജീവിന്ദാണ് സംവിധാനം ചെയ്തിരിക്കുന്നത്. സിമ്രൻ നായികയായി എത്തിയ പടത്തില്‍ യോഗി ബാബു, കമലേഷ്, രമേഷ് തിലക്, എം.എസ്. ഭാസ്കർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. 

സംഗീതം ഷാൻ റോള്ഡൻ ആണ് ഒരുക്കിയിരിക്കുന്നത്. ഗുഡ് നൈറ്റ്, ലവർ പോലുള്ള ചിത്രങ്ങൾ നിർമിച്ച മില്ല്യൺ ഡോളർ പ്രൊഡക്ഷൻസ് ആണ് ഈ ചിത്രം നിർമിച്ചത്. ശ്രീലങ്കയിൽ നിന്നുള്ള തമിഴ് കുടുംബം അനധികൃതമായി ഇന്ത്യയില്‍ എത്തുന്നു. അവരുടെ ശ്രീലങ്കൻ തമിഴ് വേര് മറച്ചുവച്ച് ഒരു പുതിയ ജീവിതം അവര്‍ തുടങ്ങാന്‍ ഒരുങ്ങുന്നു. എന്നാല്‍ ഒരു ബോംബ് സ്‌ഫോടന കേസിൽ അവർ പൊലീസിന്റെ റഡാറിലാണ്. അവർ പിടിയിലാകുമോ, രക്ഷപ്പെടുമോ എന്നതാണു കഥയുടെ ബാക്കി. 

ചിത്രത്തിന്റെ കഥ ലളിതമായിരിക്കാമെങ്കിലും, അതിന്റെ അവതരണം ചിത്രത്തെ തമിഴ്നാട്ടില്‍ വന്‍ വിജയമാക്കുകയാണ്. ഇതുവരെ വെറും 7 കോടി ബജറ്റിൽ നിര്‍മിച്ച ചിത്രം റിലീസായതിന് ശേഷമുള്ള മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ 50 കോടിയിലധികം വാരിയെടുത്ത് കൂറ്റൻ വിജയം നേടി. സൂര്യയുടെ റെട്രോ സിനിമയ്‌ക്കെതിരെ റിലീസ് ചെയ്തിട്ടും ടൂറിസ്റ്റ് ഫാമിലി വലിയ വിജയം നേടിയതായാണ് റിപ്പോർട്ടുകൾ.

500 ശതമാനത്തിലേറെ ലാഭം നേടുകയും, 2025-ലെ ഏറ്റവും കൂടുതൽ ലാഭം ലഭിച്ച തമിഴ് സിനിമ എന്ന പദവി സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട് ടൂറിസ്റ്റ് ഫാമിലി. കൂടാതെ, റെട്രോനെക്കാളും തീയറ്റർ ഉടമകൾക്ക് കൂടുതലായി ഷെയർ നൽകിയ സിനിമയാണ് ടൂറിസ്റ്റ് ഫാമിലിയെന്ന് അവര്‍ തന്നെ സമ്മതിക്കുന്നുണ്ട്.