തഗ് ലൈഫിലെ തൃഷ കൃഷ്ണനും കമൽ ഹാസനും തമ്മിലുള്ള പ്രായവ്യത്യാസത്തെ ചൊല്ലി വിമർശനം. 30 വർഷത്തെ പ്രായവ്യത്യാസമുണ്ടായിട്ടും അവർ റൊമാന്‍സ് ചെയ്യുന്നത് ചർച്ചയായി. വിമർശനങ്ങൾക്ക് തൃഷ മറുപടി നൽകി.

ചെന്നൈ: റിലീസ് തീയതി അടുത്തതോടെ മണിരത്നത്തിന്റെ തഗ് ലൈഫിനെക്കുറിച്ചുള്ള വാർത്തകള്‍ നിറയുന്നുണ്ട് സിനിമ കോളങ്ങളില്‍. 36 കൊല്ലത്തിന് ശേഷം കമല്‍ മണിരത്നം എന്നിവര്‍ ഒന്നിക്കുന്ന ചിത്രം 2025 ജൂൺ 5 നാണ് പ്രദർശനത്തിനെത്തുന്നത്.

ചിത്രത്തിലെ തൃഷ കൃഷ്ണനും കമൽ ഹാസനും തമ്മിലുള്ള പ്രായവ്യത്യാസത്തെക്കുറിച്ചും 30 വർഷത്തെ പ്രായവ്യത്യാസമുണ്ടായിട്ടും അവർ റോമാന്‍സ് ചെയ്യുന്നു എന്നതും വലിയ ചര്‍ച്ചയ്ക്കാണ് ഇപ്പോള്‍ വഴിവച്ചിരിക്കുന്നത്. 

അടുത്തിടെ മുംബൈയിൽ നടന്ന ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിയിൽ തൃഷ പങ്കെടുത്തിരുന്നു. ട്രെയിലറില്‍ കാണിച്ച കമൽ ഹാസനുമായുള്ള റൊമാന്‍സ് രംഗങ്ങളുടെ പേരില്‍ വന്ന വിമർശനങ്ങൾക്കും പ്രായവ്യത്യാസത്തെ ചുറ്റിപ്പറ്റിയുള്ള സംഭാഷണങ്ങൾക്കും തൃഷ ഇവിടെ മറുപടി നല്‍കിയിരിക്കുകയാണ്. 

ഇത്തരം വിമര്‍ശനങ്ങളും ആക്രമണങ്ങളും താന്‍ നേരിടാന്‍ തയ്യാറാണ് എന്നാണ്  തൃഷ മറുപടി നൽകിയത്, എന്നാൽ കമൽ ഹാസനുമായുള്ള സ്ക്രീനിലെ ജോഡിയായുള്ള അഭിനയം മാന്ത്രികമായ ഒരു കാര്യമാണെന്ന് താൻ വിശ്വസിക്കുന്നതായി നാല്‍പതുകാരിയായ നടി പറയുന്നു. 

"സിനിമ പ്രഖ്യാപിച്ചപ്പോൾ തന്നെ ഇതില്‍ ഇത്തരം രംഗങ്ങള്‍ ഉണ്ടെന്ന് എനിക്ക് അറിയാമായിരുന്നു, ഞാൻ ആ സമയത്ത് ഈ സിനിമയില്‍ സൈന്‍ ചെയ്തിട്ട് പോലും ഇല്ല. വൗ, ഇത് മാജിക് ആണെന്നാണ് ഇത് കേട്ടപ്പോള്‍ ഞാന്‍ വിചാരിച്ചത്. ആ സമയത്ത് ഞാൻ സിനിമയുടെ ഭാഗമായിരുന്നില്ല."

കമൽഹാസനെയും മണിരത്നത്തിനെയും ഒന്നിച്ച് കാണുന്നതിന്റെ അവിശ്വസനീയമായ അനുഭവത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, തൃഷ കൂട്ടിച്ചേർത്തു "അവര്‍ ഒന്നിച്ച് എത്തുമ്പോള്‍ അഭിനേതാക്കളായ ഞങ്ങള്‍ ജോലി മറന്ന് അവരെ നോക്കി നില്‍ക്കുന്നല്ലോ എന്നതായിരുന്നു അനുഭവം"

തഗ് ലൈഫിലെ ഷുഗർ ബേബി എന്ന ഗാനത്തിന് തൃഷ കൃഷ്ണൻ നെഗറ്റീവ് ഫീഡ്‌ബാക്ക് നേരിടുന്നുണ്ട്. 40 വയസ്സുള്ള ഒരു നടി ഇത്തരം തലക്കെട്ടുള്ള ഒരു ഗാനത്തിൽ നൃത്തം ചെയ്യുന്നതില്‍ എതിര്‍ അഭിപ്രായം രേഖപ്പെടുത്തുകയാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം. 

നായകൻ എന്ന ചിത്രത്തിന് ശേഷം മണിരത്നവും കമൽഹാസനും വീണ്ടും ഒന്നിക്കുന്നതിനാൽ തഗ് ലൈഫിനായി ആരാധകർ ആവേശത്തിലാണ്.